Big stories

രാജ്യത്ത് തൊഴില്‍ രഹിതര്‍ വര്‍ധിക്കുന്നു; കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനം

2020 ഡിസംബറില്‍ ഹരിയാന (32.5%), രാജസ്ഥാന്‍ (28.2%) എന്നിവയാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്. ഒഡീഷ (0.2%), തമിഴ്‌നാട് (0.5%) എന്നിവയാണ് ഏറ്റവും കുറവ്.

രാജ്യത്ത് തൊഴില്‍ രഹിതര്‍ വര്‍ധിക്കുന്നു; കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്്മ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമീണ-കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടം ഉയര്‍ന്ന തോതിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണി(സിഎംഐഇ) റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഡിസംബറില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 9.06 ശതമാനമായാണ് വര്‍ധിച്ചത്. തൊഴിലില്ലായ്മയുടെ എണ്ണം ഈ മാസം 11.3 ദശലക്ഷം വര്‍ധിച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്തത്.

'ലോക്ക് ഡൗണിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. 2019-20 ലെ തൊഴിലില്ലാത്തവരുടെ ശരാശരി എണ്ണം 33.3 ദശലക്ഷമായിരുന്നു. 2020 മാര്‍ച്ചില്‍ 37.9 ദശലക്ഷമായി ഉയര്‍ന്നു.

വര്‍ഷം മുഴുവനും ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് നഗരത്തേക്കാള്‍ ഉയര്‍ന്നത് ഇതാദ്യമാണ്. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 9.15 ശതമാനവും നഗരത്തില്‍ 8.84 ശതമാനവുമാണ്. കാര്‍ഷിക മേഖലയ്ക്ക് ഏകദേശം 9.8 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതായി സിഎംഐഇ സിഇഒ മഹേഷ് പറഞ്ഞു.

ലോക്ക് ഡൗണിനെ തുടര്‍ന്ന് 2020 ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് വലിയ തോതില്‍ വര്‍ദ്ധിച്ചെങ്കിലും ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതോടെ നേരിയ തോതില്‍ മാറ്റം കണ്ട് തുടങ്ങിയിരുന്നു. നവംബറില്‍ തൊഴിലില്ലായ്മ നിരക്ക് 6.50% ആയിരുന്നു.

തൊഴിലന്വേഷകരുടെ എണ്ണം നവംബറില്‍ 421 ദശലക്ഷത്തില്‍ നിന്ന് ഡിസംബറില്‍ 427 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍, ആറ് ദശലക്ഷം തൊഴിലന്വേഷകരുടെ ഈ വര്‍ധനവ് സ്വീകരിക്കാന്‍ തൊഴില്‍ കമ്പോളങ്ങള്‍ തയ്യാറായില്ല. തൊഴിലന്വേഷകര്‍ വര്‍ധിച്ചെങ്കിലും തൊഴില്‍ നല്‍കാന്‍ കാര്‍ഷിക മേഖലക്കും കഴിഞ്ഞില്ല. ഡിസംബറില്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ കുറയുന്നതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കിയത്.

'2016 ന് ശേഷമുള്ള കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍, നവംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസംബറില്‍ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ചുരുങ്ങി. 2019 ഡിസംബറില്‍ കാര്‍ഷിക മേഖലയിലെ തൊഴില്‍ നഷ്ടം 10 ദശലക്ഷമായിരുന്നു. 2020 ഡിസംബറില്‍ ഈ മേഖല 9.8 ദശലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി,' മഹേഷ് കൂട്ടിച്ചേര്‍ത്തു.

2020 ഡിസംബറില്‍ ഹരിയാന (32.5%), രാജസ്ഥാന്‍ (28.2%) എന്നിവയാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മാ നിരക്ക് രേഖപ്പെടുത്തിയത്. ഒഡീഷ (0.2%), തമിഴ്‌നാട് (0.5%) എന്നിവയാണ് ഏറ്റവും കുറവ്. മറ്റ് തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ തൊഴിലില്ലായ്മാ നിരക്ക് 1.4 ശതമാനവും കേരളം 6.5 ശതമാനവും ആന്ധ്രാപ്രദേശ് 6.7 ശതമാനവും തെലങ്കാന 7 ശതമാനവുമാണ്.

ഡിസംബര്‍ മുതല്‍ കൂടുതല്‍ ആളുകള്‍ ജോലി അന്വേഷിക്കുന്നതിനാല്‍, പണപ്പെരുപ്പം ഉയരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്നും മഹേഷ് പറഞ്ഞു.

Next Story

RELATED STORIES

Share it