സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ സംഘര്‍ഷം: പോപുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ

സത്യത്തില്‍ ഞങ്ങള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ ചാനലാണ് പോപുലര്‍ ഫ്രണ്ടിനെ കുറിച്ച് പ്രചരിപ്പിച്ചത്.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലെ സംഘര്‍ഷം: പോപുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: പൗരത്വ ഭേദദതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിലെ സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വ്യാഴാഴ്ച ടൈംസ് നൗ ചാനലില്‍ നടത്തിയ 'ടൈംസ് നൗ സമ്മിറ്റ് 2020' അഭിമുഖത്തിലാണ് അമിത് ഷായുടെ വെളിപ്പെടുത്തല്‍. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഞാന്‍ തന്നെ പറയും. സത്യത്തില്‍ ഞങ്ങള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. നിങ്ങളുടെ ചാനലാണ് പോപുലര്‍ ഫ്രണ്ടിനെ കുറിച്ച് പ്രചരിപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. നടപടിയെടുക്കാന്‍ ആവശ്യമായ എന്തെങ്കിലും കണ്ടെത്തിയാല്‍ നടപടിയെടുക്കും. അന്വേഷണം നടക്കുന്ന വിഷയത്തില്‍ നടപടിയെടുക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.


അതേസമയം, ശാഹീന്‍ ബാഗിലെ സമരത്തിനു നേതൃത്വം നല്‍കിയിരുന്ന ഷര്‍ജീല്‍ ഇമാമിനെ കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയില്‍ നിന്ന് അസമിനെ ഛേദിച്ചുകളയുമെന്നാണ് ഷര്‍ജീല്‍ ഇമാം അയാള്‍ നടത്തിയതെന്നും അത്തരം തീവ്രമായ പ്രസ്താവനകള്‍ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.


പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, ആരോപണം ശക്തമായി നിഷേധിച്ച പോപുലര്‍ ഫ്രണ്ട് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരേ ഉത്തര്‍പ്രദേശിലും മറ്റും പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ സാമ്പത്തിക സഹായം നല്‍കിയത് പോപുലര്‍ ഫ്രണ്ടാണെന്നായിരുന്നു ആരോപണം. വിവിധ അക്കൗണ്ടുകളില്‍ നിന്നായി 120 കോടി രൂപ ചെലവഴിച്ചെന്നും പ്രമുഖ അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിരാ ജയ്‌സിങ്, ദുഷ്യന്ത് ദാവെ തുടങ്ങിയവര്‍ക്ക് വന്‍തോതില്‍ പണം നല്‍കിയെന്നുമായിരുന്നു ചില മാധ്യമങ്ങള്‍ കുപ്രചാരണം നടത്തിയത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് കേസ് നടപടികള്‍ക്കു വേണ്ടി തികച്ചും നിയമപരമായ പണമിടപാടുകളെ പോലും, സിഎഎ വിരുദ്ധ പ്രക്ഷോഭ കാലത്ത് പണം പിന്‍വലിച്ചെന്നു തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ, തെളിവുകളുമായി പോപുലര്‍ ഫ്രണ്ട് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇതോടെ, സീ ന്യൂസ് എഡിറ്ററും സംഘപരിവാര്‍ കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന സുധീര്‍ ചൗധരി ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പിന്‍വലിച്ചത് നേരത്തേ തേജസ് ന്യൂസ് റിപോര്‍ട്ട് ചെയ്തിരുന്നു.RELATED STORIES

Share it
Top