Big stories

നിരോധിത പുസ്തകം കൈവശം വെച്ചാല്‍ എങ്ങനെയാണ് യുഎപിഎ ചുമത്തുക ? പന്തീരാങ്കാവ് മാവോവാദി കേസില്‍ എന്‍ഐഎയോട് സുപ്രിം കോടതി

പ്രതികള്‍ കുറ്റകരമായ പ്രവര്‍ത്തികള്‍ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ എവിടെയാണ്,' ജസ്റ്റിസ് രസ്‌തോഗി ചോദിച്ചു.

നിരോധിത പുസ്തകം കൈവശം വെച്ചാല്‍ എങ്ങനെയാണ് യുഎപിഎ ചുമത്തുക ? പന്തീരാങ്കാവ് മാവോവാദി കേസില്‍ എന്‍ഐഎയോട് സുപ്രിം കോടതി
X
ന്യൂഡല്‍ഹി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ എന്‍ഐഎയോട് രൂക്ഷമായ ചോദ്യങ്ങളുയര്‍ത്തി സുപ്രിം കോടതി. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും വാദം നടക്കുന്നതിനിടയിലാണ് കേസെടുത്തതിന്റെ മാനദണ്ഡം സംബന്ധിച്ച് ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ചോദ്യം ഉന്നയിച്ചത്.


ഒരു വ്യക്തിയില്‍ നിന്ന് നിരോധിത സാഹിത്യം കണ്ടെടുത്താല്‍, നിരോധിത സംഘടനയിയില്‍ അംഗത്വം, മുദ്രാവാക്യം വിളികള്‍ എന്നിവയുടെ പേരില്‍ യുഎപിഎ നിയമപ്രകാരം കുറ്റം ചുമത്താനാകുമോ എന്നും സുപ്രിം കോടതി ചോദിച്ചു. ' ഒരു വ്യക്തിയുടെ വീട്ടില്‍ കണ്ടെത്തിയ വസ്തുക്കളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഭീകര സംഘടനയിലെ അംഗമാണെന്ന് നിങ്ങള്‍ക്ക് അനുമാനിക്കാന്‍ കഴിയുമെന്നാണോ പറയുന്നത്? നിങ്ങളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ മാസങ്ങളോളം തടവില്‍ കിടന്നിട്ടുണ്ടോ? പ്രതികള്‍ കുറ്റകരമായ പ്രവര്‍ത്തികള്‍ നടത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ എവിടെയാണ്,' ജസ്റ്റിസ് രസ്‌തോഗി ചോദിച്ചു.


ഇതിന് മറുപടി പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ജമ്മു കശ്മീരിനെ സ്വതന്ത്രമാക്കുന്നതിനും സായുധ വിപ്‌ളവത്തിനും പ്രേരിപ്പിക്കുന്ന പുസ്തകത്തിന് ഒപ്പം ധാരാളം ഇലക്‌ട്രോണിക് തെളിവുകളും പ്രതികളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. 15 മാവോവാദി അനുകൂല നോട്ടീസുകള്‍ കണ്ടെത്തിയെന്നും അറിയപ്പെടുന്ന ഒരു 'സെമി അണ്ടര്‍ഗ്രൗണ്ട്' മാവോയിസ്റ്റ് നേതാവുമായി ഇരുവരും രഹസ്യമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ആണ് പിടിയിലായത് എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഒരു വിദ്യാര്‍ഥിക്ക് നിരോധിത സംഘടനയുടെ 15 നോട്ടീസുകളോ നിരോധിത സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ചകളോ ഉണ്ടാകില്ല. ഈ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികള്‍ ഇത്തരം സംഘടനയില്‍ അംഗമാണെന്ന് അനുമാനിക്കാം. എന്നാല്‍ മാവോവാദി സംഘടനയില്‍ ഒരു വ്യക്തിയുടെ അംഗത്വം കാണിക്കുന്ന സ്‌ളിപ്പുകള്‍ അന്വേഷണ ഏജന്‍സി ഹാജരാക്കുമെന്ന് കോടതിക്ക് പ്രതീക്ഷിക്കാനാവില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.


ഭീകര പ്രവര്‍ത്തനം നടത്തിയതിന് തെളിവില്ലെന്ന് താഹ ഫസലിന്റെ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ്‌ കോടതിയില്‍ വാദിച്ചിരുന്നു. പോലിസ് പിടിച്ചെടുത്തത് പൊതുവിപണിയിലുള്ള പുസ്തകങ്ങളാണെന്നും ഒരു രഹസ്യ യോഗത്തിലും പങ്കെടുത്തിട്ടില്ലെന്നുമാണ് താഹ ഫസലിന്റെ വാദം. കഴിഞ്ഞ സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍, ഇക്കഴിഞ്ഞ ജനുവരിയില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it