Big stories

തദ്ദേശ തിരഞ്ഞെടുപ്പിലും ഹവാല; ബിജെപി കര്‍ണാടകയില്‍ നിന്നെത്തിച്ചത് 12 കോടി

ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ പണം എത്തിച്ചു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്.

തദ്ദേശ തിരഞ്ഞെടുപ്പിലും ഹവാല; ബിജെപി കര്‍ണാടകയില്‍ നിന്നെത്തിച്ചത് 12 കോടി
X

കോഴിക്കോട്: ബിജെപി കുഴല്‍പ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലത്തും ബിജെപിക്കായി വന്‍ തോതില്‍ ഹവാലാ പണം കേരളത്തിലെത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ധര്‍മരാജന്‍ കര്‍ണാടകയില്‍ നിന്നും മൂന്ന് തവണ പണം എത്തിച്ചു. കൊടകര കവര്‍ച്ച നടന്ന ദിവസം 6.30 കോടി രൂപ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. കോഴിക്കോട് നിന്നും ചാക്കുകളിലായി മൂന്ന് പിക് അപ് ലോറികളിലാണ് പണം തൃശൂരിലെത്തിച്ചത്.

കൊടകരയില്‍ കവര്‍ച്ച നടന്ന വിവരം യഥാസമയം ധര്‍മരാജന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ അറിയിച്ചു എന്നും പോലിസ് കുറ്റപത്രത്തില്‍ പറയുന്നു. സുരേന്ദ്രന്റെ മകന്റെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കൊടകര കവര്‍ച്ചയ്ക്ക് ശേഷവും ധര്‍മരാജന്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പണം വിതരണം ചെയ്തു എന്നു കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. തൃശ്ശൂരിന് പുറമെ ആലപ്പുഴയിലും പത്തനംതിട്ടയിലുമായി 1.4 കോടി രൂപയാണ് നല്‍കിയത്.

കര്‍ണാടക കേന്ദ്രീകരിച്ച് നടന്ന കള്ളപണ ഇടപാടിന്റെ രീതികളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്ന് മാതൃഭൂമി റിപോര്‍ട്ട് ചെയ്യുന്നു. ടോക്കണ്‍ ഉപയോഗിച്ചാണ് കര്‍ണാടകയില്‍ നിന്നും കള്ളപ്പണം വാങ്ങുന്നത്. പണം വാങ്ങേണ്ടവരുടെ വിവരം നല്‍കുന്നത് ബിജെപി ഓഫീസ് സെക്രട്ടറിയാണ്. ഇതിനായുള്ള ടോക്കണായി ഉപയോഗിക്കുന്നത് പത്ത് രൂപയുടെ നോട്ടുകളാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവില്‍നിന്ന് എത്തിച്ച പണം ബിജെപിയുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ സുരേന്ദ്രന് അറിയാമായിരുന്നെന്നുമുള്ള കുറ്റപത്രത്തിലെ പരാമര്‍ശം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യസാക്ഷിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കെ സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ കൊടകരയില്‍ കാര്‍ തട്ടിയെടുത്ത് കവര്‍ന്ന മൂന്നരക്കോടി രൂപയും ബിജെപിയുടേതാണെന്ന് അന്വേഷണസംഘത്തിന്റെ നിലപാട്. കേസില്‍ വെള്ളിയാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

625 പേജുള്ള കുറ്റപത്രമാണ് പോലിസ് സമര്‍പ്പിച്ചിട്ടുള്ളത്. 22 പേരാണ് കേസിലെ പ്രതികള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഏഴാമതായുള്ള സാക്ഷിപ്പട്ടികയില്‍ 219 സാക്ഷികളുണ്ട്. സുരേന്ദ്രന്റെ മകനെയും സാക്ഷിയായി ചേര്‍ത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടെന്ന് അവകാശപ്പെടുന്ന ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി. കര്‍ത്താ, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷ് തുടങ്ങി 19 നേതാക്കളും സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it