Big stories

ഹജ്ജ്-2021 കലണ്ടര്‍ പ്രഖ്യാപിച്ചു; എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 21ല്‍ നിന്ന് 10 ആക്കി

2021 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഹജ്ജ് 2021 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്

ഹജ്ജ്-2021 കലണ്ടര്‍ പ്രഖ്യാപിച്ചു;   എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 21ല്‍ നിന്ന് 10 ആക്കി
X

മുംബൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില മാറ്റങ്ങളോടെ ഹജ്ജ്-2021 ന്റെ കലണ്ടര്‍ പ്രഖ്യാപിച്ചു. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ മുംബൈയിലെ ഹജ്ജ് ഹൗസില്‍ വച്ചാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ഹജ്ജ്-2021 കലണ്ടര്‍ പ്രഖ്യാപിച്ചത്. ഹജ്ജ് വേളയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദേശീയ-അന്തര്‍ദേശീയ പ്രോട്ടോകോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും കര്‍ശനമായും പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ ഹജ്ജ് കര്‍മത്തിനു വേണ്ടിയുള്ള ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. 2021 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഹജ്ജ് 2021 ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനായി സൗദി അറേബ്യ-ഇന്ത്യാ സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഹജ്ജ് പ്രക്രിയ നടക്കുന്നതെന്നും നഖ് വി പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഇന്ത്യയുടെ ഹജ്ജ് കമ്മിറ്റി, സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഹജ്ജ് 2021 പ്രക്രിയ ആരംഭിച്ചത്. കൊവിഡ് പരിഗണിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍, ചട്ടങ്ങള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, പ്രായപരിധി, ആരോഗ്യം, ശാരീരികക്ഷമത ആവശ്യകതകള്‍, സൗദി സര്‍ക്കാരിന്റെ പ്രസക്തമായ മറ്റ് വ്യവസ്ഥകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കാര്യമായ മാറ്റങ്ങളോടെയാണ് ഹജ്ജ് യാത്രാ പ്രക്രിയ മുഴുവന്‍ നടത്തിയതെന്ന് നഖ്വി പറഞ്ഞു. ഇന്ത്യയിലെയും സൗദി അറേബ്യയിലെയും താമസം, തീര്‍ത്ഥാടകരുടെ താമസം, ഗതാഗതം, ആരോഗ്യം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള പ്രായപരിധി മാനദണ്ഡങ്ങളില്‍ മാറ്റങ്ങളുണ്ടാവാം. നിലവിലുള്ള അന്താരാഷ്ട്ര വിമാന യാത്രാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഓരോ തീര്‍ത്ഥാടകര്‍ക്കും ഹജ്ജ് യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പ് കൊവിഡ് പരിശോധന നടത്തേണ്ടിവരും. ഓരോ തീര്‍ഥാടകനും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് ഫലമുള്ള ഒരു അംഗീകൃത ലബോറട്ടറി നല്‍കുന്ന പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

എയര്‍ ഇന്ത്യയില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹജ്ജ് 2021 ന്റെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 10 ആയി കുറച്ചിട്ടുണ്ട്. നേരത്തേ, രാജ്യത്തുടനീളം 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ടായിരുന്നു. അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നോ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് അടുത്ത തവണത്തെ എംബാര്‍ക്കേഷന്‍ പോയിന്റ്.

ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളും അവ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളും:

1. അഹമ്മദാബാദ്(ഗുജറാത്ത് സംസ്ഥാനം മുഴുവന്‍)

2. ബെംഗളൂരു(കര്‍ണാടക സംസ്ഥാനം മുഴുവന്‍)

3. കൊച്ചി(കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍)

4. ഡല്‍ഹി(ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ചണ്ഡഗഢ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, 5. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ജില്ലകള്‍)

6. ഗുവാഹത്തി(അസം, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗാലാന്‍ഡ്)

7. കൊല്‍ക്കത്ത(പശ്ചിമ ബംഗാള്‍, ഒഡീഷ, ത്രിപുര, ജാര്‍ഖണ്ഡ്, ബീഹാര്‍)

8. ലക്‌നോ(പടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഒഴികെ ഉത്തര്‍പ്രദേശിന്റെ എല്ലാ ഭാഗങ്ങളും)

9. മുംബൈ (മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ദാമന്‍ ആന്റ് ദിയു, ദാദ്ര, നഗര്‍ ഹവേലി)

10. ശ്രീനഗര്‍(ജമ്മു-കശ്മീര്‍, ലേ-ലഡാക്ക്-കാര്‍ഗില്‍).

'മെഹ്റം'(പുരുഷ കൂട്ടാളി) ഇല്ലാത്ത സ്ത്രീകള്‍ ഹജ്ജ് 2020 നായി പൂരിപ്പിച്ച അപേക്ഷ ഹജ്ജ് 2021നും സാധുത നല്‍കും. 'മെഹ്റം' ഇല്ലാതെ ഹജ്ജ് 2021 പോവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളില്‍ നിന്നും പുതിയ ഫോമുകള്‍ സ്വീകരിക്കും. 'മെഹ്റം ഇല്ലാതെ' വിഭാഗത്തിലുള്ള എല്ലാ സ്ത്രീകളെയും നറുക്കെടുപ്പ് സമ്പ്രദായത്തില്‍ നിന്ന് ഒഴിവാക്കും. ഹജ്ജ്-2021 ന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി 2020 ഡിസംബര്‍ 10 ആണ്. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഹജ്ജ് മൊബൈല്‍ ആപ്പ് വഴിയും അപേക്ഷിക്കാം.

കൊവിഡ് ഭീഷണി മൂലം കഴിഞ്ഞ തവണത്തെ ഹജ്ജിന് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് പോവാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് ഹജ്ജ് കമ്മിറ്റി 1.23 ലക്ഷം തീര്‍ഥാടകര്‍ക്ക് 2,100 കോടി രൂപ തിരിച്ചുനല്‍കി. 2018-19ലെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ 100 കോടി രൂപ തിരികെ നല്‍കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി, സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവയിലൂടെ പ്രതിവര്‍ഷം ശരാശരി രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നുണ്ടെന്നാണ് കണക്ക്.

ചടങ്ങില്‍ മുബെയിലെ സൗദി അറേബ്യന്‍ റോയല്‍ വൈസ് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ കരീം അല്‍-എനാസി, കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ സിഇഒ എം എ ഖാന്‍, മറ്റ് വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

Hajj 2021 calendar announced , embarkation points reduced from 21 to10




Next Story

RELATED STORIES

Share it