Big stories

ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി നാളേക്ക് മാറ്റി

ഗ്യാന്‍വാപി സര്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രിംകോടതി വരാണസി സിവില്‍ കോടതിക്ക് നിര്‍ദേശം നല്‍കി

ഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി നാളേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേക്കെതിരായ ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി നാളത്തേക്ക് മാറ്റി. നാളെ മൂന്നു മണിക്ക് ഹരജി പരിഗണിക്കും.ഹിന്ദുവിഭാഗം അഭിഭാഷകന്റെ അസൗകര്യം കണക്കിലെടുത്താണ് കേസ് മാറ്റിയത്. ഗ്യാന്‍വാപി സര്‍വേയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കരുതെന്നും സുപ്രിംകോടതി വരാണസി സിവില്‍ കോടതിക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസുമായ ഡി വൈ ചന്ദ്രചൂഢ്, സൂര്യകാന്ത്, പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഗ്യാന്‍വാപി വീഡിയോ സര്‍വെ ചോദ്യം ചെയ്തുകൊണ്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്.ഗ്യാന്‍വാപി സര്‍വേയുമായി ബന്ധപ്പെട്ട കേസ് കീഴ്‌ക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ടെന്നും അത് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടണമെന്നുമുള്ള മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയെ തുടര്‍ന്നാണ് വരാണസി കോടതിയോട് വിധി പുറപ്പെടുവിക്കരുത് എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത്.'കേസ് നാളെ പരിഗണിക്കും. എതിര്‍ കക്ഷികള്‍ക്ക് ആശങ്കയുള്ളതിനാല്‍ വിചാരണ കോടതിയെ ഇന്ന് സമീപിക്കരുത്' എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിനിനോട് വ്യക്തമാക്കി.

കേസില്‍ പങ്കുചേര്‍ന്നിട്ടുള്ള മറ്റൊരു അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ അസുഖ ബാധിതനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കല്‍ മാറ്റിവയ്ക്കണമെന്ന് വിഷ്ണു ശങ്കര്‍ ജെയിന്‍ ആവശ്യപ്പെട്ടത്.ഗ്യാന്‍വാപി മസ്ജിദില്‍ പരിശോധന നടത്താനായി വിചാരണ കോടതി അഭിഭാഷകന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയം ഇന്നു കഴിയാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.

സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ചുളള വിശദാംശം അറിയിക്കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയിരുന്നു. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന കുളം തല്ക്കാലം ഉപയോഗിക്കാന്‍ അനുവദിക്കേണ്ടെന്ന് കോടതി പറഞ്ഞിരുന്നു.അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്‌ലിംകളെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങള്‍ക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്താന്‍ പാടില്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്‌ട്രേറ്റിനാണെന്നും ബെഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it