Big stories

ഉപയോക്താക്കളുടെ സംഭാഷണം ചോര്‍ത്തല്‍: കുറ്റം സമ്മതിച്ച് ഗൂഗിള്‍

വിവിധ ഭാഷകളിലുള്ള ഗൂഗിള്‍ സോഫ്റ്റ്‌വേറുകള്‍ വികസിപ്പിക്കുന്നതിനാണിതെന്നും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതിരിക്കാനാവില്ലെന്നും ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് മാനേജര്‍ ഡേവിഡ് മോണ്‍സീസ് ബ്ലോഗില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.

ഉപയോക്താക്കളുടെ സംഭാഷണം ചോര്‍ത്തല്‍:  കുറ്റം സമ്മതിച്ച് ഗൂഗിള്‍
X

സാന്‍ഫ്രാസിസ്‌കോ: ഉപയോക്താക്കളുടെ സംഭാഷണം ചോര്‍ത്തുന്നുണ്ടെന്ന വാര്‍ത്തകളെ സ്ഥിരീകരിച്ച് ഗൂഗിളിന്റെ കുറ്റസമ്മതം. ഗൂഗിളുമായും ഇന്റര്‍നെറ്റുമായും ബന്ധമുള്ള എല്ലാം നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ബെല്‍ജിയം വാര്‍ത്താചാനല്‍ വിആര്‍ടി ന്യൂസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്ത ശരിവക്കുന്ന തരത്തില്‍ ഗൂഗിളിന്റെ കുറ്റസമ്മതം.

സ്മാര്‍ട്ട് ഫോണ്‍, സുരക്ഷ കാമറകള്‍, ഹോം സ്പീക്കര്‍ എന്നിവയിലുള്ള ഗൂഗിള്‍ അസിസ്റ്റന്റുവഴി ഗൂഗിളിനു വേണ്ടി ചോര്‍ത്തുന്നുണ്ടെന്നാണ് കുറ്റസമ്മതം. ഉപയോക്താക്കളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ പ്രത്യേക കരാര്‍ ജോലിക്കാര്‍തന്നെ ഗൂഗിളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഗുഗിള്‍ റെക്കോര്‍ഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ മൂന്നാംകക്ഷി കരാറുകാര്‍ക്ക് കൈമാറുകയും ചെയ്യുന്നു.

നമ്മള്‍ നടത്തുന്ന എല്ലാ ആശയവിനിമയങ്ങളും സ്മാര്‍ട്ട് ഫോണ്‍, സുരക്ഷാ കാമറ, ഹോം സ്പീക്കര്‍ എന്നിവയിലൂടെ സഹായത്തോടെ റെക്കോഡ് ചെയ്യുകയും ഇതിന്റെ ക്ലിപ്പ് ഉപകരാറുകാര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഇത്തരത്തില്‍ റെക്കോഡ് ചെയ്യപ്പെട്ട ആയിരത്തിലേറെ ഓഡിയോ ക്ലിപ്പുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതായും വിആര്‍ടി ന്യൂസ് അവകാശപ്പെടുന്നു. ക്ലിപ്പുകളില്‍ ഓരോരുത്തരുടെയും വ്യക്തമായ വിലാസങ്ങളും അതീവരഹസ്യമായ വിവരങ്ങളും ലഭിക്കുന്നുണ്ട്. കൂടുതല്‍ പേരും അശ്ലീലതയെക്കുറിച്ചാണ് ഗൂഗിളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ലോകത്തെല്ലായിടത്തു നിന്നും ഇത്തരം സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍വരെ ഗൂഗിള്‍ റെക്കോഡ് ചെയ്തവയിലുണ്ട്. എന്നാല്‍, വെറും 0.2 ശതമാനം പേരുടേത് മാത്രമാണ് ഇത്തരത്തില്‍ പകര്‍ത്തിയിട്ടുള്ളതെന്നും ശബ്ദസന്ദേശങ്ങള്‍ വ്യക്തമാക്കുന്ന സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് ഇതെന്നുമാണ് ഗൂഗിള്‍ അധികൃതരുടെ വാദം. അതേസമയം, ഇതിനുവേണ്ടി ഉപകരാര്‍ നല്‍കിയവര്‍ ചട്ടങ്ങളും പരിധിയും ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

വിവിധ ഭാഷകളിലുള്ള ഗൂഗിള്‍ സോഫ്റ്റ്‌വേറുകള്‍ വികസിപ്പിക്കുന്നതിനാണിതെന്നും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതിരിക്കാനാവില്ലെന്നും ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്ട് മാനേജര്‍ ഡേവിഡ് മോണ്‍സീസ് ബ്ലോഗില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.







Next Story

RELATED STORIES

Share it