Big stories

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യാത്ര; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി യാത്ര; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് സ്പീക്കര്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതവും അവിശ്വസനീയവുമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇത് തീര്‍ത്തും തെറ്റാണെന്നും ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. സ്പീക്കറെയും സ്പീക്കറുടെ ഓഫിസിനെയും ബന്ധപ്പെടുത്തിയുള്ള ഇത്തരം പ്രചാരണം വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണ്.

തെറ്റായ ഒരു വാര്‍ത്ത എവിടെനിന്നോ രൂപപ്പെടുന്നു. അത് പിന്നീട് എല്ലാവരും ഏറ്റെടുക്കുന്നു എന്ന രീതിയാണ് കാണുന്നത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്കും ആരോപണ പ്രത്യാരോപണങ്ങളിലേക്കും ഭരണഘടനാ സ്ഥാപനത്തെ വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭഗവാന്റെ പേരുള്ളയാളാണ് ഉന്നതനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും വിശേഷിപ്പിച്ചിരുന്നു. ഇതോടെയാണ് പി ശ്രീരാമകൃഷ്ണനിലേക്ക് ആരോപണമുന നീണ്ടത്. ഇതോടെ വിശദീകരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തുകയായിരുന്നു. ഔദ്യോഗിക സ്വഭാവമുള്ള യാത്രകള്‍ക്കെല്ലാം നിയമപരമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഔദ്യോഗികപരമായ കാര്യങ്ങള്‍ക്കുള്ള യാത്രാ ചെലവ് മാത്രമേ സര്‍ക്കാരില്‍നിന്ന് ഉപയോഗിച്ചിട്ടുള്ളൂ.

കഴിഞ്ഞ അഞ്ചുമാസമായി വിവിധ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസിന്റെ പ്രത്യേക സന്ദര്‍ഭത്തിലാണ് ഇത്തരമൊരു ഒരു വ്യാഖ്യാനം ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ ശരിയല്ല. നേരത്തേ തന്നെ വിദേശയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തുള്ള എല്ലാ തരം സംഘടനകളുടെയും നിരന്തരമായ ക്ഷണം സ്വീകരിച്ച് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ട യാത്രകളാണ് ഭൂരിഭാഗവും. മാത്രമല്ല, സഹോദരങ്ങള്‍ വിദേശത്തായതിനാല്‍ കുടുംബപരമായ യാത്രകളും അനിവാര്യമായിരുന്നു. വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാന്‍ ശ്രമമുണ്ട്. ഒന്നും ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരത്തേ തന്നെ സ്പീക്കറുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ വേണമെന്നുണ്ടെങ്കില്‍ അത് ഓഫിസില്‍ ലഭ്യമാണ്. യാത്രകള്‍ ബന്ധപ്പെട്ട എംബസിയെ അറിയിക്കാറുണ്ട്.

വിദേശത്തുള്ള വിവിധ സംഘടനകളും സാംസ്‌കാരിക സംഘടനകളും ക്ഷണിക്കുന്ന പരിപാടികള്‍ക്ക് അവരുടെ നേതൃത്വത്തിലാണ് യാത്ര ചെയ്യാറുള്ളത്. ഇക്കാര്യത്തിലും അവ്യക്തതയില്ല. വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സ്പീക്കറുടെ ഓഫിസ് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Gold smuggling case: Speaker denies media reports

Next Story

RELATED STORIES

Share it