Big stories

ഗാന്ധിജി തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും കീഴടങ്ങിയെന്ന് ആര്‍എസ്എസ് മുഖപത്രം

ഗാന്ധിജിയെ ആര്‍എസ്എസ് മുന്‍ പ്രചാരകും ഹിന്ദുത്വവാദിയുമായ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയതിനെ പരാമര്‍ശിക്കാതെ ഗാന്ധിജി മരണപ്പെട്ടപ്പോള്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള വരികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് അവരുടെ എല്ലാ ശാഖകളിലും മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്ന അന്നത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ അനുഭവസാക്ഷ്യങ്ങളെല്ലാം വളച്ചൊടിക്കുന്ന വിധത്തിലാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനങ്ങളെന്നതും കൂട്ടിവായിക്കേണ്ടതാണ്.

ഗാന്ധിജി തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും കീഴടങ്ങിയെന്ന് ആര്‍എസ്എസ് മുഖപത്രം
X

ന്യൂഡല്‍ഹി: ഗാന്ധിജി തീവ്രവാദികള്‍ക്കും ജിഹാദികള്‍ക്കും കീഴടങ്ങിയെന്ന് ആര്‍എസ്എസ് മുഖപത്രം. മഹാത്മാഗാന്ധിയുടെ 150ാം ജന്‍മദിനത്തിന്റെ ഭാഗമായി മുഖപത്രമായ ഓര്‍ഗനൈസറില്‍ ആര്‍എസ്എസ് സഹകാര്യവാഹ്(ജോയിന്റ് ജനറല്‍ സെക്രട്ടറി) ഡോ. മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. ഒക്ടോബര്‍ ആറിന് പുറത്തിറങ്ങുന്ന 'ഓര്‍ഗനൈസറി'ന്റെ 71ാം വോള്യത്തിലെ 22ാം പേജില്‍ 'ഗാന്ധിജിയെ ഓര്‍ക്കുമ്പോള്‍' എന്ന ലേഖനത്തിലെ മൂന്നാമത്തെ പാരഗ്രാഫിലാണ് വിവാദപരാമര്‍ശം.


''അദ്ദേഹത്തിന്റെ മുസ് ലിം സമുദായത്തിലെ തീവ്രവാദ, ജിഹാദി ഘടകങ്ങള്‍ക്ക് കീഴടങ്ങിയ നിലപാടുകളോട് വിയോജിക്കുമ്പോഴും ചാരക പോലുള്ള ലളിത മാര്‍ഗങ്ങളിലൂടെയും സത്യാഗ്രഹം പോലുള്ള എളുപ്പം സ്വീകാര്യമായ രീതിയിലൂടെയും ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പൊതുജന പിന്തുണ വിപുലീകരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആര്‍എസ്എസ് എല്ലായ്‌പ്പോഴും പ്രശംസിച്ചിരുന്നുവെന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

ഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് ഗാന്ധിജയന്തി ദിനത്തില്‍ ലേഖനമെഴുതിയ സമയത്തുതന്നെയാണ് മറ്റൊരു ഉന്നതനേതാവിന്റെ ഗുരുതര ആരോപണം. ഗാന്ധിജിയുടെ ജീവിതാഭിലാഷങ്ങളായ ഗ്രാമീണ വികസനം, ഓര്‍ഗാനിക് ഫാമിങ്, ഗോ സംരക്ഷണം, സാമൂഹിക സമത്വവും ഐക്യവും, സ്വദേശി സമ്പദ് വ്യവസ്ഥയും ജീവിതരീതിയും തുടങ്ങിയ സംഘപരിവാരം സംരക്ഷിക്കുമെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ ആര്‍എസ്എസ് റാഞ്ചുകയാണെന്ന ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ ഒക്ടോബര്‍ ആറിനു പുറത്തിറങ്ങുന്ന ഓര്‍ഗനൈസറിലെ ലേഖനങ്ങളില്‍ ഭൂരിഭാഗവും ഗാന്ധിജിയെ കുറിച്ചുള്ളതാണെന്നതും ശ്രദ്ധേയമാണ്. സ്വാരാജിന്റെ ആത്മാവ് എന്ന തലക്കെട്ടോടെ മഹാത്മാ ഗാന്ധിജിയുടെ കറുത്ത മുഖചിത്രത്തില്‍ അദ്ദേഹത്തിന്റെ വിവിധ ആശയങ്ങളായ സത്യഗ്രഹം, ശുചീകരണം, സത്യം, ഗ്രാമസ്വരാജ്, സാമ്പത്തിക സമത്വം, അയിത്തോച്ഛാടനം, ഖാദി, ഭാഷ, വിദ്യാര്‍ഥികള്‍ തുടങ്ങിയവയോടൊപ്പം ഗോസേവ, തൊഴിലാളികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ഭാഷ, ഗ്രാമീണ വ്യവസായം തുടങ്ങിയവയെ കുറിച്ചെല്ലാം വിവരിക്കുന്നുണ്ട്. സംഘപരിവാര നേതാക്കളും സഹയാത്രികരുമായ അഞ്ചുപേരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ലേഖനങ്ങളാണ് ഓര്‍ഗനൈസറിലുള്ളത്. ഡോ. മന്‍മോഹന്‍ വൈദ്യയ്ക്കു പുറമെ ഡല്‍ഹി യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രഫസറായ പ്രകാശ് സിങ്, ഷിംല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്‌സാന്‍സ്ഡ് സ്റ്റഡീസ് ഡയരക്ടറും കോളമിസ്റ്റുമായ മകരന്ത് ആര്‍ പരാഞ്ജ്‌പെ, ഗ്രേറ്റര്‍ നോയ്ഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഭഗവതി പ്രകാശ്, പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ നന്ദകുമാര്‍ എന്നിവരുടെ ലേഖനങ്ങളിലെല്ലാം ഗാന്ധിജിയും ആര്‍എസ്എസും തമ്മിലുള്ള ചെറിയൊരു ബന്ധങ്ങളെ പോലും മഹത്വവല്‍ക്കരിക്കുകയാണ്. ജെ നന്ദകുമാറിന്റെ ലേഖനത്തില്‍ ഗാന്ധിജിയും വി ഡി സവര്‍ക്കറും ഹിന്ദു സ്വരാജിലെ രണ്ട് തിളങ്ങുന്ന നക്ഷത്രങ്ങളാണെന്നും സവര്‍ക്കറെ ഗാന്ധിജിയും മറ്റും പുകഴ്ത്തിയിരുന്നുവെന്നും പറയുന്നുണ്ട്.


ഗാന്ധി വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ആര്‍എസ്എസിന്റെ ചരിത്രത്തെയും ഗാന്ധിഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ പുകഴ്ത്തിയ പ്രജ്ഞാസിങ് ഠാക്കൂറിനെ ബിജെപി എംപിയാക്കിയതുമെല്ലാം മറച്ചുപിടിച്ചാണ് ഇപ്പോള്‍ ഗാന്ധിസ്തുതിയുമായി സംഘപരിവാരം രംഗത്തെത്തിയിട്ടുള്ളത്. പൂര്‍ണമായ അറിവില്ലാതെ ചിലര്‍ പലപ്പോഴും ഗാന്ധിയുമായുള്ള സംഘപരിവാറിന്റെ ബന്ധത്തെക്കുറിച്ച് തെറ്റായ അനുമാനത്തിലെത്താറുണ്ടെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍ മോഹന്‍ വൈദ്യ കുറ്റപ്പെടുത്തുന്നുണ്ട്. ഹിന്ദു ചിന്തയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവും സ്ഥിരോല്‍സാഹവും നിഷേധിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ മൂല്യാധിഷ്ഠിത ജീവിതം ദേശത്തിനു വേണ്ടിയുള്ള സേവനത്തില്‍ തങ്ങളുടെ ജീവിതം സമര്‍പ്പിക്കാന്‍ യുവാക്കള്‍ക്ക് പ്രചോദനമാണെന്നും ചൂണ്ടിക്കാട്ടുന്നു. ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാര്‍ ഗാന്ധി നയിച്ച നിസ്സഹകരണ പ്രസ്ഥാനങ്ങളില്‍ സജീവ പങ്കാളിയായതിനാല്‍ രണ്ടുതവണ ജയില്‍ ശിക്ഷ അനുഭവിച്ചെന്നും വാദിക്കുന്നുണ്ട്. 1948ല്‍ ഗാന്ധിയുടെ മരണത്തെക്കുറിച്ച് കേട്ടപ്പോള്‍ അന്നത്തെ ആര്‍എസ്എസ് മേധാവി എം എസ് ഗോള്‍വാള്‍ക്കര്‍ ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, ദേവദാസ് ഗാന്ധി എന്നിവര്‍ക്ക് ടെലിഗ്രാമിലൂടെ അനുശോചനസന്ദേശം അയച്ചിരുന്നുവെന്നും മഹാത്മായുടെ സ്മരണയ്ക്കായി 13 ദിവസത്തേക്ക് എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ 'ഗുരുജി' സ്വയംസേവകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പറയുന്നുണ്ട്. ഗാന്ധിജിയെ ആര്‍എസ്എസ് മുന്‍ പ്രചാരകും ഹിന്ദുത്വവാദിയുമായ നാഥുറാം വിനായക് ഗോഡ്‌സേ വെടിവച്ചു കൊലപ്പെടുത്തിയതിനെ പരാമര്‍ശിക്കാതെ ഗാന്ധിജി മരണപ്പെട്ടപ്പോള്‍ എന്ന ഒഴുക്കന്‍ മട്ടിലുള്ള വരികളാണ് ഉപയോഗിച്ചിട്ടുള്ളത്. ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് അവരുടെ എല്ലാ ശാഖകളിലും മധുരം വിതരണം ചെയ്ത് ആഘോഷിച്ചിരുന്നുവെന്ന അന്നത്തെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ അനുഭവസാക്ഷ്യങ്ങളെല്ലാം വളച്ചൊടിക്കുന്ന വിധത്തിലാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനങ്ങളെന്നതും കൂട്ടിവായിക്കേണ്ടതാണ്.




Next Story

RELATED STORIES

Share it