Big stories

2025; കായിക ലോകത്തെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍

2025; കായിക ലോകത്തെ ഭാഗ്യ-നിര്‍ഭാഗ്യങ്ങള്‍
X

2025ല്‍ കായിക ലോകത്ത് നേട്ടം കൊയ്തവര്‍ നിരവധിയാണ്. അതിനൊപ്പം നിര്‍ഭാഗ്യവും വേട്ടയാടി. ഇതിഹാസങ്ങള്‍ രചിച്ച് മണ്‍മറഞ്ഞ് പോയവരും, പുതുതാരങ്ങള്‍ക്കായി വിരമിക്കല്‍ പ്രഖ്യാപിച്ചു വഴിമാറിയവരും നിരവധിയാണ്. കായിക ലോകത്തിന്റെ നാഡീസ്പന്ദനങ്ങളായ നിരവധി ആരാധകരുടെ ജീവന്‍ നഷ്ടമായതും പോയവര്‍ഷത്തിലെ വേദനിക്കുന്ന മുഹൂര്‍ത്തങ്ങളാണ്.

അറബ് കപ്പിലെ ഫലസ്തീന്‍ വിജയഗാഥ


ഫിഫാ അറബ് കപ്പിലെ ഫലസ്തീന്റെ ചരിത്ര കുതിപ്പ് എടുത്ത് പറയേണ്ടതാണ്. ഗ്രൂപ്പ് ഘട്ടം മുതലുള്ള വിജയ കുതിപ്പ് അവസാനിച്ചത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആണ്. സൗദി അറേബ്യയോട് പരാജയപ്പെട്ടാണ് ഫലസ്തീന്റെ തേരോട്ടം അവസാനിച്ചത്. ഒരു ഭാഗത്ത് ഫലസ്തീന്‍ പുതുതീരങ്ങള്‍ താണ്ടുമ്പോള്‍ ഇസ്രായേലിന്റെ നരനായാട്ടില്‍ നഷ്ടപ്പെട്ടത് ഫലസ്തീനിലെ ആയിരക്കണക്കിന് കായിക താരങ്ങളാണ്.


ഫലസ്തീനിയന്‍ പെലെ എന്നറിയപ്പെടുന്ന സുലൈമാന്‍ അല്‍ ഒബെദ് എന്ന അന്താരാഷ്ട്ര താരം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 2025ന്റെ മറ്റൊരു വേദനയാണ്. ഗസയില്‍ ഭക്ഷണം വാങ്ങാനായി നില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വെടിവയ്പിലാണ് 41കാരനായ സുലൈമാന്‍ കൊല്ലപ്പെട്ടത്.

വേള്‍ഡ് കപ്പ് കൗണ്ട്ഡൗണ്‍ സ്റ്റാര്‍ട്ട്


42 ടീമുകള്‍ ആദ്യമായി അണിനിരക്കുന്ന 2026 പുരുഷ ലോകകപ്പിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഇത്തിരിക്കുഞ്ഞന്‍മാരായ കേപ്പ് വെര്‍ഡെയും ഹെയ്ത്തിയും ലോകകപ്പിന് യോഗ്യത നേടിയതും പോയവര്‍ഷത്തെ ഫുട്ബോളിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നു. ഒരു കലണ്ടര്‍ വര്‍ഷം 58 മല്‍സരങ്ങളില്‍നിന്ന് 59 ഗോള്‍ നേടി കിലിയന്‍ എംബാപ്പെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തി. റോണോ 2013ല്‍ നേടിയ റെക്കോഡാണിത്. യൂറോപ്യന്‍ ഫുട്ബോളില്‍നിന്ന് വിടപറഞ്ഞ മെസി ഇന്റര്‍മിയാമിയിലും റൊണാള്‍ഡോ അല്‍ നസറിലും തങ്ങളുടെ നേട്ടങ്ങള്‍ കൊയ്യുകയാണ്. 1000 ഗോളുകള്‍ എന്ന മാന്ത്രിക നമ്പറും 2026 ലോകകപ്പുമാണ് റൊണാള്‍ഡോയുടെ അടുത്ത ലക്ഷ്യങ്ങള്‍. ഫുട്ബോളില്‍ ചാംപ്യന്‍സ് ലീഗും ലീഗ് വണ്‍ കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പ് റണ്ണേഴ്സ് അപ്പ് കിരീടവും നേടിയാണ് പിഎസ്ജി 2025ല്‍ ഏവരുടെ ഇഷ്ട ക്ലബ്ബായി മാറിയത്.

പ്രോട്ടീസ് റീചാര്‍ജ്ജഡ്


ക്രിക്കറ്റ് ലോകത്തെ നിര്‍ഭാഗ്യവന്‍മാരായി മുദ്രകുത്തിയ ദക്ഷിണാഫ്രിക്ക ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയത് പോയവര്‍ഷമായിരുന്നു. കരുത്തരായ ഓസിസിനെ പരാജയപ്പെടുത്തിയായിരുന്നു പ്രോട്ടീസിന്റെ ഈ നേട്ടം.

വിരമിക്കല്‍ സാഗാ


ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ഇതിഹാസം താരങ്ങളായ വിരാട് കോഹ് ലിയും രോഹിത്ത് ശര്‍മയും വിരമിച്ചത് ക്രിക്കറ്റ് ആരാധകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. കൂടാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്റ്റീവ് സ്മിത്ത്, മാര്‍ക്ക്‌സ് സ്റ്റോണിസ് എന്നിവരും ഈ വര്‍ഷം തന്നെയാണ് ക്രിക്കറ്റില്‍നിന്നും പിന്‍വാങ്ങിയത്. ഫുട്ബോള്‍ ഇതിഹാസങ്ങളായ ലൂക്കാ മൊഡ്രിച്ച് കെവിന്‍ ഡീ ബ്രൂണി എന്നിവര്‍ അന്താരാഷ്ട്ര ഫുട്ബോളില്‍നിന്ന് വിരമിച്ചതും ആരാധകരെ ഏറെ വിഷമിപ്പിച്ച വാര്‍ത്തയായിരുന്നു.

മണ്‍മറിഞ്ഞുപോയവര്‍


പോര്‍ച്ചുഗലിന്റെ ലിവര്‍പൂള്‍ ഇതിഹാസ താരം ഡിഗോ ജോട്ടയുടെ അകാലത്തിലുള്ള വേര്‍പാട് 2025ന്റെ വേദനയായി ഫുട്ബോള്‍ ലോകം എന്നും ഓര്‍ക്കും. 28കാരനായ ജോട്ട സ്പെയിനില്‍ ഒരു കാറപകടത്തില്‍ പെട്ട് മരിക്കുകയായിരുന്നു. ഇതിഹാസ റെസ്ലിങ് താരം ഹള്‍ക്ക് ഹോഗന്റെ വേര്‍പാടും ഈ വര്‍ഷം തന്നെയായിരുന്നു.ബോക്സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാനും ലോകത്തോട് വിടപറഞ്ഞത് 2025ല്‍ തന്നെയായിരുന്നു.


ഇന്ത്യന്‍ കായിക ലോകം


2025ലെ ക്രിക്കറ്റ് കലണ്ടറില്‍ കൂടുതല്‍ തവണ തന്റെ പേര് കുറിച്ചത് ഇന്ത്യന്‍ കൗമാര താരമായ വൈഭവ് സൂര്യവംശി തന്നെ ആയിരിക്കും. പോയ വര്‍ഷം ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടിയും ബിഹാറിനായി ആഭ്യന്തര ടൂര്‍ണമെന്റുകളിലും ഈ താരം നേടിയ റെക്കോഡുകള്‍ എണ്ണമറ്റതാണ്. ഈ വര്‍ഷം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറിയ താരം ബാറ്റിങില്‍ സെഞ്ചുറികളോടെ വിസ്മയം തീര്‍ക്കുകയായിരുന്നു.

വനിതാ ക്രിക്കറ്റില്‍ പുതുയുഗപ്പിറവി


കായിക രംഗത്ത് 2025ഇന്ത്യക്ക് ഭാഗ്യ വര്‍ഷമാണ്. നിരവധി നേട്ടങ്ങള്‍ ഈ വര്‍ഷം ഇന്ത്യ സ്വന്തമാക്കി. ഇതില്‍ പ്രധാനം ഏകദിന വനിത ലോകകപ്പിലെ കിരീടം നേട്ടമാണ്. ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയായിരുന്നു ഈ കിരീടം. അണ്ടര്‍ 19 വനിതാ ട്വന്റി-20 കിരീടം നേടിയാണ് ഈ വര്‍ഷം ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്.ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പര 5-0ത്തിന് തൂത്തുവാരിയാണ് വനിതകള്‍ 2025നോട്് വിടപറയുന്നത്.

ഐസിസി കിരീട ദാരിദ്ര്യത്തിന് ബ്രേക്കിട്ട് ഇന്ത്യ


ഐസിസി പുരുഷ ഏകദിന കിരീടത്തിനായുള്ള ഇന്ത്യയുടെ 12 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചത് ചാംപ്യന്‍സ് ട്രോഫിയിലൂടെ ആയിരുന്നു. ന്യൂസിലന്റിന് പരാജയപ്പെടുത്തിയായിരുന്നു ഈ നേട്ടം. ഏഷ്യാകപ്പില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടിയത് 2025ല്‍ തന്നെയായിരുന്നു.

ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാതെ ഇന്ത്യന്‍ ഫുട്‌ബോള്‍


ഫുട്ബോളില്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന ഇന്ത്യയുടെ ചിരകാല മോഹം സ്വപ്നമായി തന്നെ അവശേഷിക്കുന്നു. ഈ വര്‍ഷവും കാര്യമായ നേട്ടങ്ങളിലാതെ ഇന്ത്യന്‍ ഫുട്ബോള്‍ 2025നോട് വിടപറഞ്ഞു. റാങ്കിങിലും ടീം ഏറെ പിന്നോട്ട് പോയി(142). അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളിലും എഎഫ്സി ഏഷ്യന്‍ യോഗ്യതാ മല്‍സരങ്ങളിലും ടീം പാടെ തകരുകയായിരുന്നു. എന്നാല്‍ പുരുഷ ടീം അടിപതറിയിടത്ത് വനിതാ ടീം മികച്ച മുന്നേറ്റം നടത്തി. 2026 എഎഫ്സി വനിതാ ഏഷ്യാ കപ്പിലേക്ക് ഇന്ത്യന്‍ ടീം നേരിട്ട് യോഗ്യത നേടി.



ഐഎസ്എല്‍ വിവാദം

ഐഎസ്എല്ലിന്റെ നീണ്ട അനിശ്ചിതത്വം അവസാനിച്ചെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ ആവേശത്തെ അത് കാര്യമായി ബാധിച്ചു. ഫുട്ബോള്‍ ഇതിഹാസം മെസ്സിയുടെ ഇന്ത്യന്‍ ടൂര്‍ ആരാധകര്‍ക്ക് ആവേശമായെങ്കിലും ഫുട്ബോളിന്റെ ഇന്ത്യയിലെ മക്കയെന്ന അറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ പരിപാടി അലങ്കോലമായതും ഇന്ത്യക്ക് ആഗോള കായിക ലോകത്ത് മാനക്കേട് ഉണ്ടാക്കി.


കേരളത്തിലേക്ക് മെസ്സിപ്പടയെത്തുമെന്ന വാഗ്ദാന പെരുമഴയ്ക്ക് ശേഷം അത് പൂര്‍ണമായും ഒഴിവാക്കിയെന്ന വാര്‍ത്ത കേരളാ ഫുട്ബോള്‍ ആരാധകര്‍ക്ക് നല്‍കിയത് നിരാശ മാത്രം. എങ്കിലും മലയാളക്കരയ്ക്ക് ആവേശമായത് കേരളാ സൂപ്പര്‍ ലീഗ് മാത്രം.

ചിന്നസ്വാമിയിലെ കിരീട നേട്ടവും ദുരന്തമഴയും


ഐപിഎല്ലില്‍ നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയ വര്‍ഷമായി 2025നെ ഓര്‍ക്കുന്നതിന് ഒപ്പം ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തവും ഏവരും സ്മരിക്കും. 11 പേരുടെ ജീവനാണ് ആര്‍സിബിയുടെ വിജയഘോഷയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നഷ്ടമായത്.


വനിതാ ലോകകപ്പ് ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി 19കാരി ദിവ്യാ ദേശ്മുഖ് സ്വന്തമാക്കിയതും പോയവര്‍ഷമാണ്. ജാവ്ലിന്‍ ത്രോയില്‍ 90 മീറ്റര്‍ ദൂരം താണ്ടി ഇന്ത്യയുടെ ഒളിംപിക് മെഡലിസ്റ്റ് നീരജ് ചോപ്ര ഈ വര്‍ഷം റെക്കോഡ് ഇട്ടു. ദോഹ ഡയമണ്ട് ലീഗിലായിരുന്നു ഈ നേട്ടം. പുതിയ നേട്ടങ്ങള്‍ക്കും റെക്കോഡുകള്‍ക്കുമായി 2026നെ വരവേല്‍ക്കാം.







Next Story

RELATED STORIES

Share it