Big stories

ഉന്നാവോ ബലാല്‍സംഗക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് കുറ്റക്കാരനെന്ന് കോടതി

ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഒഴിവാക്കിയത്. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോവല്‍ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തല്‍, (376) ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംഎല്‍എയ്‌ക്കെതിരേ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ഉന്നാവോ ബലാല്‍സംഗക്കേസ്: മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് കുറ്റക്കാരനെന്ന് കോടതി
X

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹിയിലെ പ്രത്യേക തീസ് ഹസാരി വിചാരണക്കോടതി ജഡ്ജി ധര്‍മേന്ദ്രകുമാറാണ് കേസിലെ വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. കേസില്‍ ആകെ ഒമ്പത് പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ സെന്‍ഗാറിന്റെ ബന്ധുവും കൂട്ടുപ്രതിയുമായ ശശി സിങ് ഒഴികെ ബാക്കിയെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശശി സിങ്ങിന് സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഒഴിവാക്കിയത്. കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോവല്‍ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തല്‍, (376) ബലാത്സംഗം, പോക്‌സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംഎല്‍എയ്‌ക്കെതിരേ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

2017ല്‍ എംഎല്‍എയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കുല്‍ദീപ് സെന്‍ഗാര്‍ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കിയെന്നതാണ് കേസ്. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പിന്നീട് മൂന്നുപേര്‍ ചേര്‍ന്നും ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ജൂണ്‍ 20ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചു. പിന്നീട് കേസെടുത്തെങ്കിലും ബിജെപി എംഎല്‍എയെ പ്രതിസ്ഥാനത്തുനിന്നൊഴിവാക്കി. ബിജെപി എംഎല്‍എ പ്രതിസ്ഥാനത്തുവന്നതിനാല്‍ തുടക്കത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം വൈകിപ്പിച്ചു. എന്നാല്‍, നീതി തേടി പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്.

കേസില്‍ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയെത്തുടര്‍ന്ന് ഈ സംഭവത്തിന്റെ പേരില്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഡല്‍ഹി എയിംസിലെ ഒരുമുറി പ്രത്യേക കോടതിയാക്കി മാറ്റിയാണ് കേസിന്റെ വിചാരണ അതിവേഗം നടത്തിയത്. സാക്ഷിമൊഴികള്‍ അടച്ചിട്ട കോടതി മുറിയില്‍ രേഖപ്പെടുത്തുന്നത് ഡിസംബര്‍ രണ്ടിന് അവസാനിച്ചു. കേസില്‍ സിബിഐയുടെ വാദം കേള്‍ക്കല്‍ ഡിസംബര്‍ 10നാണ് പൂര്‍ത്തിയായത്.

Next Story

RELATED STORIES

Share it