Big stories

പ്രളയ ഫണ്ട്: തട്ടിയെടുത്ത പണം ഉപയോഗിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് കാറും ബുള്ളറ്റും വാങ്ങി;സിപിഎം നേതാവ് കാറു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി

പ്രതികളായ സെക്ഷന്‍ ക്ലാര്‍ക്കും സിപിഎം നേതാക്കളും ചേര്‍ന്ന് 27.73 ലക്ഷം തട്ടിയെടുത്തയാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടത്തെിയത്. ഗുണഭോക്താക്കളുടെ പട്ടികയും ട്രഷറി വഴി ദുരിതാശ്വാസം കൈപ്പറ്റിയവരുടെ പട്ടികയും താരതമ്യ പഠനം നടത്തി പ്രതികള്‍ ഇത്തരത്തില്‍ കുടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കൈവശപ്പെടുത്തിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കണം. ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഉള്ളതിനാല്‍ ഒരോ ഗുണഭോക്താക്കളുടെയും വിവരം പരിശോധിക്കേണ്ടതുണ്ട്.ഇതിന് കൂടുതല്‍ സമയം ആവശ്യമണ്. ഈ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമെ കുടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും തട്ടിയെടുത്ത യഥാര്‍ഥ തുക എത്രയെന്നും കണ്ടു പിടിക്കാന്‍ കഴിയുവെന്നും ക്രൈബ്രാഞ്ച്

പ്രളയ ഫണ്ട്: തട്ടിയെടുത്ത പണം ഉപയോഗിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് കാറും ബുള്ളറ്റും വാങ്ങി;സിപിഎം നേതാവ്  കാറു വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി
X

കൊച്ചി: കേരളത്തെ തകര്‍ത്ത പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി നല്‍കാന്‍ ശേഖരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും സെക്ഷന്‍ ക്ലാര്‍ക്കും സിപിഎം നേതാക്കളായ പ്രതികളും ചേര്‍ന്ന് കൂടുതല്‍ പണം അപഹരിച്ചതായും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഉള്ളതിനാല്‍ ഒരോ ഗുണഭോക്താക്കളുടെയും വിവരം പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.കേസില്‍ നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം തിരികെ കോടതിയില്‍ ഹാജരാക്കിയ ക്രൈംബ്രാഞ്ച് നല്‍കിയ റിമാന്റ് റിപോര്‍ടിലാണ് കുടുതല്‍ തട്ടിപ്പിന്റെ വിവരം വ്യക്തമാക്കിയിരിക്കുന്നത്.

വിഷ്ണു പ്രസാദിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി നേരത്തെ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ഒന്നാം പ്രതി വിഷ്ണു പ്രസാദ്, രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍,അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അന്‍വര്‍, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം എം നീതു, സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ ചേര്‍ന്ന് 23,03,500 രൂപ തട്ടിയെന്നായിരുന്നു റിപോര്‍ടില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് വീണ്ടും വിഷ്ണുവിനെ ഈ മാസം 12 മുതല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി കുടുതല്‍ അനന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.ഒന്നാം പ്രതി വിഷ്ണു പ്രസാദ് ഇയാളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് 4.70 ലക്ഷം രൂപയുടെ കൂടി ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തിയെന്ന് ക്രൈബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ വ്യക്തമാക്കുന്നു.

ഇതു കൂടാതെ തട്ടിപ്പ് നടന്ന കാലയളവില്‍ വിഷ്ണുപ്രസാദ് ഇന്നോവ കാറും എന്‍ഫീല്‍ഡ് ബുള്ളറ്റ് വാങ്ങിയതായും കണ്ടെത്തിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഇതു കൂടാതെ സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റുവിന്റെ പേരില്‍ കാക്കനാട് ഇന്‍ഡസ് മോട്ടേഴ്്‌സില്‍ എത്തി മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങുന്നതിന് 30,000 രൂപ അഡ്വാന്‍സ് അടച്ചു. എന്നാല്‍ പ്രളയ ദുരിതാശ്വാസ നിധി ഫണ്ട് തിരിമറി നടന്നതായി കലക്ടറുടെ ശ്രദ്ധയില്‍പെട്ടതായുള്ള വിവരം ലഭ്യമായതോടെ ഫെബ്രുവരി 18 ന് അഡ്വാന്‍സ് തിരികെ വാങ്ങുകയും ഏഴാം പ്രതി ഷിന്റു ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.ഒന്നാം പ്രതി വിഷ്ണു പ്രസാദും രണ്ടാം പ്രതി മഹേഷും ചേര്‍ന്ന് തമിഴ്‌നാട്ടില്‍ പൗള്‍ട്രി ഫാം ബിസിനസില്‍ പങ്കാളിയാകുന്നതിന് പണം മുടക്കിയിരുന്നതായും ദുരിതാശ്വാസ നിധിയില്‍ നിന്നും കൈക്കലാക്കിയ തുക പ്രതികള്‍ സ്വന്തം കാര്യത്തിനുപയോഗിച്ചും കൂടുതല്‍ തുക ഇത്തരത്തില്‍ തട്ടിയെടുക്കുന്നതിന് ശ്രമം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും ക്രൈബ്രാഞ്ച് വ്യക്തമാക്കി.

1 മുതല്‍ ഏഴു വരെയുള്ള പ്രതികള്‍ ചേര്‍ന്ന് തട്ടിയെടുത്ത 23 ലക്ഷം കൂടാതെ കലക്ടറേറ്റില്‍ കേരള സ്റ്റേറ്റ് വെബ് ഏരിയ നെറ്റ് വര്‍ക്ക് മാനേജരായിരുന്ന രതീഷ് ശിവന്‍ എന്നയാളുടെ അക്കൗണ്ടിലേക്ക് പൗള്‍ട്രി ബിസിനസുമായി ബന്ധപ്പെട്ട പണമാണെന്ന് പറഞ്ഞ് പിറവം യൂനിയന്‍ ബാങ്കിലുള്ള ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഒന്നാം പ്രതി വിഷ്ണു പ്രസാദ് ഒരു ലക്ഷം രൂപ അയച്ചു കൊടുത്തിട്ട് ഈ പണത്തില്‍ നിന്നും 20,000 രൂപ ഇയാളുടെ സഹോദരിയുടെ വിവാഹത്തിന് കലക്ടറ്റേറ്റ് സ്റ്റാഫുകളുടെ സംഭാവനയായി എടുത്തുകൊള്ളാന്‍ പറഞ്ഞു.ബാക്കി 80,000 രൂപ എറണാകുളം കലക്ടറുടെ പേരിലുളള എറണാകുളം രവിപുരത്തുള്ള എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചതിനു ശേഷം അവിടെ നിന്നും പ്രതി വിഷ്ണു പ്രസാദ് കൈക്കലാക്കി.

കലക്ടറേറ്റില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ചിഞ്ചു എന്ന വ്യക്തിയുടെ അമ്മയ്ക്ക് സുഖമില്ലാതെ ചികില്‍സയില്‍ ഇരിക്കവെ കലക്ടറേറ്റിലെ സഹപ്രവര്‍ത്തകര്‍ ചികില്‍സാ സഹായം പിരിച്ചെടുത്ത തുക പ്രതി വിഷ്ണു പ്രസാദ് ആശുപത്രിയില്‍ പോയി നല്‍കിയ ശേഷം ഈ തൂക കടമായി താന്‍ വാങ്ങിയതാണെന്നും എംപി ഫണ്ടില്‍ നിന്നും തുക അനുവദിപ്പിച്ച് തരാമെന്നും ആ സമയം ഈ പണം തിരിച്ചു തരണമെന്നും പറഞ്ഞ് 60,000 രൂപ ആശുപത്രിയില്‍ അടച്ചു.തുടര്‍ന്ന് ചിഞ്ചുവിന്റെ പേരിലുളള ആലപ്പുഴ മുല്ലയക്കലിലെ ബാങ്ക് അക്കൗണ്ടിലേക്ക് 2019 ഡിസംബര്‍ 17 ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 60,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. ശേഷം ഈ പണം വിഷ്ണു പ്രസാദ് ഇവരുടെ പക്കല്‍ നിന്നും വാങ്ങിയെടുത്തു.ഇത്തരത്തില്‍ എല്ലാം ചേര്‍ന്ന് 27.73 ലക്ഷം രൂപ പ്രതികള്‍ കൈക്കലാക്കിയതായും ക്രൈബ്രാഞ്ച് കോടതിയില്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റിലുള്ളഗുണഭോക്താക്കളുടെ പട്ടികയും ട്രഷറി വഴി ദുരിതാശ്വാസം കൈപ്പറ്റിയവരുടെ പട്ടികയും താരതമ്യ പഠനം നടത്തി പ്രതികള്‍ ഇത്തരത്തില്‍ കുടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തി ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കൈവശപ്പെടുത്തിയിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനായി അന്വേഷണം നടത്തിവരികയാണ്. ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ ഉള്ളതിനാല്‍ ഒരോ ഗുണഭോക്താക്കളുടെയും വിവരം പരിശോധിക്കേണ്ടതുണ്ട്.ഇതിന് കൂടുതല്‍ സമയം ആവശ്യമണ്. ഈ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമെ കുടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും തട്ടിയെടുത്ത യഥാര്‍ഥ തുക എത്രയെന്നും കണ്ടു പിടിക്കാന്‍ കഴിയുവെന്നും ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു.സിപിഎം നേതാവും കേസിലെ മൂന്നാം പ്രതിയുമായ എം എം അന്‍വര്‍,ഇയാളുടെ ഭാര്യയും നാലാം പ്രതിയുമായ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യയും കേസിലെ അഞ്ചാം പ്രതിയുമായ എം എം നീതു എന്നിവര്‍ ഇപ്പോഴും ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it