Big stories

പ്രവാചക നിന്ദ; ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരേ കേസ്

ഇന്ത്യന്‍ സുന്നി മുസ്‌ലിംകളുടെ സംഘടനയായ റാസ അക്കാദമിയുടെ പരാതിയിലാണ് കേസ്

പ്രവാചക നിന്ദ; ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരേ കേസ്
X

മുംബൈ:ഗ്യാന്‍വാപി വിഷയത്തില്‍ ഇസ്‌ലാം മതത്തിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി ദേശീയ വക്താവ് നൂപൂര്‍ ശര്‍മ്മക്കെതിരെ കേസെടുത്തു.ഇന്ത്യന്‍ സുന്നി മുസ്‌ലിംകളുടെ സംഘടനയായ റാസ അക്കാദമിയുടെ പരാതിയിലാണ് കേസ്. ഐപിസി 295 എ (മതവികാരം വ്രണപ്പെടുത്തല്‍), 153 എ (വിദ്വേഷം വളര്‍ത്തല്‍), 505 ബി എന്നീ വകുപ്പുകള്‍ പ്രകാരം മുംബൈയിലെ പൈഡോണി പോലിസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയാണ് ശര്‍മ്മയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്‌ലിംകള്‍ പരിഹസിച്ചു. അതിനാല്‍, മുസ്‌ലിം മതഗ്രന്ഥങ്ങളില്‍ ചില കാര്യങ്ങള്‍ ഉണ്ടെന്നും ആളുകള്‍ക്ക് അവയെ പരിഹസിക്കാമെന്നും നൂപൂര്‍ ശര്‍മ്മ പറഞ്ഞിരുന്നു. കൂടാതെ, പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നിന്ദകരവും,ആക്ഷേപകരവുമായ ചില പരാമര്‍ശങ്ങളും നൂപുര്‍ ശര്‍മ്മ നടത്തിയിരുന്നു.

ശര്‍മ്മയുടെ പരാമര്‍ശത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ശര്‍മ്മക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിക്കെതിരായ ബിജെപി വക്താവിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നതായി യൂത്ത് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രവിശ്യാ പ്രസിഡന്റ് സല്‍മാന്‍ അലി സാഗര്‍ പറഞ്ഞു.'മുസ്‌ലിംകളുടെ ഏറ്റവും പവിത്രമായ പേര് വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുന്നതിനായി ഉപയോഗിച്ചതിന് ബിജെപി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ഡല്‍ഹി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും യുവമോര്‍ച്ചയുടെ ഒരു പ്രമുഖ മുഖവുമാണ് നൂപൂര്‍ ശര്‍മ്മ.തന്റെ വീഡിയോ എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടിരിക്കുന്നതെന്നും,പരാമര്‍ശങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്നും ആരോപിച്ച് നൂപൂര്‍ ശര്‍മ്മ രംഗത്തെത്തി. 'ഇന്നലെ രാത്രി ഞാന്‍ നടത്തിയ ഒരു സംവാദത്തില്‍ നിന്ന് എഡിറ്റ് ചെയ്തതും തിരഞ്ഞെടുത്തതുമായ വീഡിയോ പുറത്ത് വിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ഞാന്‍ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നേരിടുന്നുണ്ട്. എനിക്കും എന്റെ കുടുംബാംഗങ്ങള്‍ക്കും എന്തെങ്കിലും അപായം സംഭവിച്ചാല്‍ ആള്‍ട്ട് ന്യൂസിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സുബൈര്‍ എന്ന വ്യക്തിക്കാവും ഉത്തരവാദിത്തം' എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it