Big stories

മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുമായി വ്യാജ വാര്‍ത്താ സംഘം വീണ്ടും സജീവം

മുസ്‌ലിംകള്‍ക്കെതിരേ തീവ്രവാദ ബന്ധമാരോപിച്ച് നിരന്തരം നുണകള്‍ പടച്ചു വിടുന്ന വ്യാജ വാര്‍ത്താ സംഘമാണ് കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നത്.

മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുമായി വ്യാജ വാര്‍ത്താ സംഘം വീണ്ടും സജീവം
X

പിസി അബ്ദുല്ല

കോഴിക്കോട്: ഉത്തരേന്ത്യ കേന്ദ്രീകരിച്ചു നടക്കുന്ന നിയമ വിരുദ്ധ ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ മറവില്‍ കേരളത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷം പ്രചരിപ്പിക്കാന്‍ ആസൂത്രിത നീക്കം. മുസ്‌ലിംകള്‍ക്കെതിരേ തീവ്രവാദ ബന്ധമാരോപിച്ച് നിരന്തരം നുണകള്‍ പടച്ചു വിടുന്ന വ്യാജ വാര്‍ത്താ സംഘമാണ് കേരളത്തില്‍ വീണ്ടും സജീവമായിരിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട അശ്ലീല ഫോണ്‍ സംഭാഷണ സംപ്രേക്ഷണത്തില്‍ 2017 ല്‍ അറസ്റ്റിലായ മാധ്യമ സ്ഥാപനത്തിലെ ചിലര്‍ തന്നെയാണ് പുതിയ നുണ വാര്‍ത്തകള്‍ക്കു പിന്നിലും. മുസ്‌ലിം സമുദായത്തിനെതിരേ കാലങ്ങളായി അരങ്ങേറുന്ന വ്യാജ വാര്‍ത്താ ഉപജാപത്തിലെ മുഖ്യ കണ്ണികളാണ് ഹണി ട്രാപ് കേസിലും അറസ്റ്റിലായത്.

1994 ല്‍ കെ കരുണാകരന്റെ കാലത്തെ ചാരക്കേസ് മുതല്‍ സംസ്ഥാനത്ത് ഉദ്ഭവിച്ച 'ലൗജിഹാദ്', ഹവാല വ്യാജവാര്‍ത്താ വിവാദങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചവരാണ് അനധികൃത സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ മറ പിടിച്ച് വീണ്ടും മുസ്‌ലിം വേട്ടക്കിറങ്ങിയിരിക്കുന്നത്.

എ കെ ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ രണ്ട് പ്രമുഖര്‍ പോലിസിലെ ചില രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വര്‍ഷങ്ങളായി തിരുവനന്തപുരത്ത് മാധ്യമ ഉപജാപത്തിന് നേതൃത്വം നല്‍കിയവരാണ്. ചാരക്കേസിന് പുറമെ, മുന്‍ വനിതാ എംഎല്‍എ ഉള്‍പ്പെട്ട വ്യാജവാര്‍ത്താ കേസിലും പിന്നീട് അരങ്ങേറിയ ലൗ ജിഹാദ് നുണവാര്‍ത്തകളിലും മുസ്‌ലിം വിരുദ്ധ, ഹവാല- തീവ്രവാദ ആരോപണ വാര്‍ത്തകളിലും മാധ്യമ സിന്‍ഡിക്കേറ്റിന് നേതൃത്വം നല്‍കിയത് ഇവരായിരുന്നു.

ഒരു കോട്ടയം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായും പിന്നീട് പത്രാധിപസമിതി ചുമതലക്കാരനായും നിയമിതനാവുകയും ചാനല്‍ മേധാവി എന്ന നിലയില്‍ ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലാവുകയും ചെയ്ത വ്യക്തി അടക്കമുള്ളവരായിരുന്നു കെ കരുണാകരനെതിരായ ചാരക്കേസിന്റെ അണിയറ പ്രവര്‍ത്തകര്‍. നേരത്തേ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു മഞ്ഞപ്പത്രത്തില്‍ പ്രവര്‍ത്തിക്കുകയും പിന്നീട് ആ പത്രത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്ത വ്യക്തി തലസ്ഥാനത്ത് സജീവമായതോടെയാണ് വ്യാജ വാര്‍ത്താ മാഫിയയും തിരുവനന്തപുരത്ത് വേരുറപ്പിച്ചത്.

സായാഹ്ന മഞ്ഞ പത്രത്തിലെ ലേഖകനെ ഉപയോഗിച്ച് മെനഞ്ഞ ചാരക്കേസില്‍ പിന്നീട് മുഖ്യധാരാ പത്രങ്ങളുടെ ചില ലേഖകരും അകപ്പെടുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വന്നത്. ചാരക്കേസ് മെനഞ്ഞ പോലിസ് ഉദ്യോഗസ്ഥന്‍ വഴി സായാഹ്ന പത്രലേഖകന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചത് അക്കാലത്ത് തലസ്ഥാനത്തെ മാധ്യമ ഉപജാപത്തിന് ആക്കം കൂട്ടി. തൊട്ടു പിന്നാലെയാണ് ഒരു കോണ്‍ഗ്രസ് നേതാവിനെതിരേ മുന്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എ ഉള്‍പ്പെട്ട വ്യാജരേഖ കേസ് ഉദ്ഭവിച്ചത്. ഇക്കാലയളവില്‍ എംഎല്‍എ ഹോസ്റ്റലിലായിരുന്നു സായാഹ്നപത്ര ലേഖകന്റെ താമസം.

വ്യാജരേഖ കേസില്‍ സൂര്യ ടിവി റെയ്ഡും കടുത്ത പോലിസ് നടപടികളും ഉണ്ടായതോടെ ലേഖകന് ജോലി വിടേണ്ടിവന്നു. വ്യാജ രേഖ കേസില്‍ ആരോപണ വിധേയനായ ചാനല്‍ പ്രവര്‍ത്തകന്‍ പിന്നീട് ബിജെപി നിയന്ത്രണത്തിലുള്ള ചാനലില്‍ ചേക്കേറി. അടുത്തിടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് ഇടക്കാലത്ത് ഇയാള്‍ ബിജെപി ചാനലില്‍ നിന്നും മാറി നിന്നെങ്കിലും കേസ് അട്ടിമറിഞ്ഞതോടെ ചാനല്‍ ചുമതലയില്‍ തിരിച്ചെത്തി.

2009ല്‍ 'ലൗജിഹാദ്' നുണ വിവാദം അരങ്ങേറുന്നതിന്റെ തൊട്ടുമുന്‍പ് തലസ്ഥാനത്തെ മഞ്ഞപ്പത്ര ലേഖകനായിരുന്ന വ്യക്തി വ്യാജ പേരില്‍ കോട്ടയം വാരികയുടെ പത്രത്തില്‍ ജോലി ആരംഭിച്ചു. കേരളത്തില്‍ മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് ഇതര മതസ്ഥരായ യുവതികളെ മതം മാറ്റുന്നുവെന്ന് ആരോപിച്ച് ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് 2009 സെപ്തംബറില്‍ പ്രസ്താവനയിറക്കി. ഐബിയെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും മറ്റും ഉദ്ധരിച്ച് 'ലൗജിഹാദ്' മതം മാറ്റത്തിന്റെ വ്യാജ കണക്കുകളുമായി പ്രസ്തുത ലേഖകന്‍ മംഗളത്തില്‍ സ്‌ഫോടനാത്മകമായ നുണവാര്‍ത്തകള്‍ പടച്ചുവിട്ടു.

നേരത്തേ ചാരക്കേസിലും വ്യാജരേഖ കേസിലും ഈ ലേഖകനൊപ്പം നിലയുറപ്പിച്ച തിരുവനന്തപുരത്തെ ചില മാധ്യമ ഉപജാപകര്‍കൂടി 'ലൗജിഹാദ്' ഏറ്റെടുത്തതോടെ സംസ്ഥാനത്തെ സാമൂഹിക അന്തരീക്ഷം കലുഷമായി. ആര്‍എസ്എസിന്റെയും ചില ക്രിസ്ത്യന്‍ കേന്ദ്രങ്ങളുടെയും മുസ്‌ലിം വിരോധത്തില്‍ എണ്ണയൊഴിച്ച് തീ കൊളുത്തുകയാണ് അന്ന് മംഗളം അടക്കമുള്ള പത്രങ്ങളും കലാകൗമുദി അടക്കമുള്ള വാരികകളും ചെയ്തത്. ലൗജിഹാദ് പ്രസ്ഥാനം സംസ്ഥാനത്തില്ലെന്ന് പോലിസ് ഹൈക്കോടതിയെ അറിയിക്കുകയും പിന്നീട് കോടതി കേസ് അവസാനിപ്പിക്കുകയും ചെയ്തിട്ടും അത്തരം പത്രങ്ങള്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ തിരുത്തിയില്ല.

പൊതുസമൂഹത്തി ല്‍ മതവിദ്വേഷവും ഭീതിയും ജനിപ്പിക്കുന്നതിന്റെ മുന്നില്‍ നിന്നത് ചാനല്‍ ഹണി ട്രാപ് കേസില്‍ കുടുങ്ങിയ രണ്ട് മാധ്യമ പ്രവര്‍ത്തകരായിരുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തോതില്‍ ഹവാല പണം എത്തുന്നുവെന്നായിരുന്നു പ്രചാരണം. ആര്‍എസ്എസ് ഒരു സമുദായത്തിനെതിരേ ഈ വാര്‍ത്തകള്‍ നിരന്തരം ഉപയോഗിച്ചു. മുന്‍കാലങ്ങളില്‍ അരങ്ങേറിയ വ്യാജ വാര്‍ത്ത നിര്‍മിതികള്‍ക്കെതിരേ നിയമനടപടികള്‍ ഉണ്ടാവാതെ പോയതാണ് 2017 ല്‍ മുന്‍മന്ത്രി എ കെ ശശീന്ദ്രനെതിരായ അശ്ലില കെണി ഒരുക്കുന്നതിലേക്ക് ഇവര്‍ക്ക് പ്രചോദനമായത്. ഇതേ വ്യാജ വാര്‍ത്താ ലോബി തന്നെയാണ് ഒരു സമുദായത്തെ പുകമറയിലാക്കി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ വീണ്ടും രംഗത്തെത്തിയിട്ടുള്ളത്.

Next Story

RELATED STORIES

Share it