Big stories

തെരുവ് വിളക്കുകള്‍ അണയ്ക്കുന്നു, ഡീസല്‍ വില്‍പ്പനയ്ക്കില്ല; ശ്രീലങ്ക സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്

തെരുവ് വിളക്കുകള്‍ അണയ്ക്കുന്നു, ഡീസല്‍ വില്‍പ്പനയ്ക്കില്ല; ശ്രീലങ്ക സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്
X

കൊളംബോ: സ്വാതന്ത്ര്യത്തിനുശേഷം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് ശ്രീലങ്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കും മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍, പാചകവാതകം തുടങ്ങിയവയ്‌ക്കൊപ്പം നഗരത്തില്‍ മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ ഡീസലിനും ക്ഷാമം നേരിടുകയാണ്. രാജ്യത്ത് എവിടേയും ഡീസല്‍ വില്‍പ്പനയ്ക്കില്ലാത്ത സാഹചര്യമാണുള്ളത്. ഇറക്കുമതിക്ക് വിദേശ കറന്‍സി നല്‍കാന്‍ കഴിയാത്ത വിധം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്.

പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പലരും വാഹനം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. സേവനയോഗ്യമായ വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ ഡീസല്‍ ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു. ജനറേറ്ററുകള്‍ക്ക് ഡീസല്‍ ഇല്ലാത്തതിനാല്‍, 13 മണിക്കൂര്‍ പവര്‍ കട്ട് നടപ്പാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം എം സി ഫെര്‍ഡിനാന്‍ഡോ അറിയിച്ചു. ''ഞങ്ങള്‍ ഇപ്പോഴും പഴയ സ്‌റ്റോക്ക് ഡീസല്‍ ഉപയോഗിക്കുന്നു, ഞങ്ങള്‍ക്ക് ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്, സ്വാകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഗെമുനു വിജേരത്‌നെ വ്യക്തമാക്കി.

ഡീസല്‍ ക്ഷാമം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 51 ബില്യന്‍ ഡോളറിന്റെ വിദേശ കടമാണ് ശ്രീലങ്കയ്ക്കുള്ളത്. വിദേശ കറന്‍സി ലാഭിക്കുന്നതിനായാണ് ശ്രീലങ്ക 2020 മാര്‍ച്ചില്‍ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇത് അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമത്തിനും രൂക്ഷമായ വിലക്കയറ്റത്തിനും ഇടയാക്കി. തെരുവുവിളക്കുകളും അണയ്ക്കാനൊരുങ്ങിക്കഴിഞ്ഞു.

ചെലവ് ചുരുക്കുന്നതിന്റെയും വൈദ്യുതി ലാഭിക്കുന്നതിന്റെയും ഭാഗമായാണ് ശ്രീലങ്കയുടെ പുതിയ തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് ദീര്‍ഘ നേരത്തേക്ക് പവര്‍ കട്ട് ഏര്‍പ്പെടുത്തിയിരുന്നു. വൈദ്യുതി ലാഭിക്കുന്നതിനായി രാജ്യത്തുടനീളമുള്ള തെരുവ് വിളക്കുകള്‍ അണയ്ക്കാന്‍ ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി പവിത്ര വണ്ണിയാരാച്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മാര്‍ച്ചില്‍ റീട്ടെയില്‍ പണപ്പെരുപ്പം 18.7 ശതമാനത്തിലെത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. ഭക്ഷ്യവിലപ്പെരുപ്പം മാര്‍ച്ചില്‍ 30.2 ശതമാനത്തിലെത്തി. ഇത് കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കും കാരണമായി. 'ഒരു ദശാബ്ദത്തിനിടെ ശ്രീലങ്ക നേരിടുന്ന ഏറ്റവും മോശം പണപ്പെരുപ്പമാണ് ഇത്,' ഫസ്റ്റ് ക്യാപിറ്റല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് മേധാവി ഡിമന്ത മാത്യു പറഞ്ഞു. ഇന്ത്യയില്‍ നിന്ന് 500 മില്യണ്‍ ഡോളറിന്റെ ഡീസല്‍ കയറ്റുമതി ശനിയാഴ്ച പ്രതീക്ഷിച്ചിരുന്നതായി ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.

''അത് വന്നാല്‍ ഞങ്ങള്‍ക്ക് ലോഡ് ഷെഡിംഗ് സമയം കുറയ്ക്കാന്‍ കഴിയും, പക്ഷേ ഞങ്ങള്‍ക്ക് മഴ ലഭിക്കുന്നതുവരെ, ഒരുപക്ഷേ മെയ് മാസത്തില്‍ കുറച്ച് സമയം, പവര്‍കട്ട് തുടരേണ്ടിവരും, നമുക്ക് മറ്റൊന്നും ചെയ്യാനില്ല.'' വൈദ്യുതി മന്ത്രി പറഞ്ഞു. ഇക്കൊല്ലം മാത്രം 690 കോടി ഡോളറിന്റെ വിദേശകടം തിരിച്ചടയ്‌ക്കേണ്ട ശ്രീലങ്കയുടെ പക്കല്‍ നിലവില്‍ 200 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം മാത്രമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവര്‍ഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്ക് വേണ്ടത്. നിത്യച്ചെലവുകള്‍ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഭരണകൂടം. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ സഹായമാണ് ഇപ്പോള്‍ ശ്രീലങ്കയുടെ പ്രതീക്ഷ.

എങ്ങനെയും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ശ്രീലങ്ക ഐഎംഎഫില്‍ നിന്ന് വായ്പ നേടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര മേഖലയുടെ തകര്‍ച്ച കാരണം ശ്രീലങ്കയുടെ സമ്പദ്‌വ്യവസ്ഥ കൊവിഡ് പാന്‍ഡെമിക്കിന് ശേഷം സ്വതന്ത്രമായ തകര്‍ച്ചയിലാണ്. രാജ്യം ഇപ്പോള്‍ വിദേശനാണ്യ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ ഇന്ധനം, വൈദ്യുതി, വാതകം എന്നിവയുടെ ക്ഷാമം നേരിടുകയും സാമ്പത്തിക സഹായത്തിനായി സൗഹൃദ രാജ്യങ്ങളുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിക്കിടെ വര്‍ധിച്ച ജീവിതച്ചെലവില്‍ വട്ടംചുറ്റുന്ന ജനത്തിന് കൂടുതല്‍ തിരിച്ചടിയായി പവര്‍ക്കട്ടു കൂടി ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വൈകീട്ടോടെ സംഘര്‍ഷാവസ്ഥ ഉണ്ടായത്. പവര്‍കട്ട് ഏര്‍പ്പെടുത്തുന്ന വാര്‍ത്ത പരന്നതോടെ ജനറേറ്ററിലും മറ്റും നിറയ്ക്കാനുളള ഇന്ധനത്തിനായി ജനം പമ്പുകളിലേക്ക് നിരയായെത്തി. രാജ്യത്തെ ഇന്ധനപ്രതിസന്ധി പരിഹരിക്കാന്‍ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന് ഇന്ധനവുമായി വന്ന കപ്പല്‍ തുറമുഖത്ത് അടുപ്പിക്കാത്തതും പ്രശ്‌നം രൂക്ഷമാക്കി.

ഡോളറില്‍ ഇടപാട് നടത്തിയാല്‍ മാത്രമേ കപ്പല്‍ അടുപ്പിക്കൂ എന്ന ക്യാപ്റ്റന്റെ നിലപാടാണ് കപ്പല്‍ തീരത്ത് അടുപ്പിക്കാത്തതിനു പിന്നില്‍. പ്രസിഡന്റിന്റെ വസതിക്ക് മുന്നിലടക്കം വന്‍ സംഘര്‍ഷമുണ്ടായതിനാല്‍ സൈന്യം കടുത്ത ജാഗ്രതയിലാണ്. ആയിരത്തോളം പേരാണ് രാത്രി 'ഗോ ഹോം ഗോട്ട' മുദ്രാവാക്യവുമായി പ്രസിഡന്റിന്റെ വീടുവളഞ്ഞത്. രംഗം ശാന്തമാക്കാന്‍ പോലിസും പ്രത്യേക ദൗത്യസേനയും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് നഗരത്തിലെ മിരിഹാനയിലുള്ള പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.

Next Story

RELATED STORIES

Share it