മുഹമ്മദ് മുര്‍സിയുടെ മൃതദേഹം കബറടക്കി: അനുശോചനവുമായി ലോകം

മുര്‍സിയുടെ ജന്മദേശമായ ഷര്‍ഖിയ്യ പ്രവിശ്യയില്‍ സംസ്‌കരിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ കെയ്‌റോയിലെ നസര്‍ സിറ്റിയിലാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്ന് മുഹമ്മദ് മുര്‍സിയുടെ മകന്‍ അഹമ്മദ് മുര്‍സി അറിയിച്ചു.

മുഹമ്മദ് മുര്‍സിയുടെ മൃതദേഹം കബറടക്കി: അനുശോചനവുമായി ലോകം
കെയ്‌റോ: വിചാരണ നടപടികള്‍ക്കിടെ ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ കോടതി മുറിക്കുള്ളില്‍ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭൗതികദേഹം കബറടക്കി.

മുര്‍സിയുടെ ജന്മദേശമായ ഷര്‍ഖിയ്യ പ്രവിശ്യയില്‍ സംസ്‌കരിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതോടെ കെയ്‌റോയിലെ നസര്‍ സിറ്റിയിലാണ് മൃതദേഹം സംസ്‌ക്കരിച്ചതെന്ന് മുഹമ്മദ് മുര്‍സിയുടെ മകന്‍ അഹമ്മദ് മുര്‍സി അറിയിച്ചു. കുടുംബാംഗങ്ങളോടൊപ്പം ബ്രദര്‍ഹുഡിന്റെ മുതര്‍ന്ന നേതാക്കളും സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചതായി അഹമ്മദ് മുര്‍സി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.


തോറ ജയില്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം കുളിപ്പിക്കുകയും അവിടെ വച്ച് ജനാസ നമസ്‌കാരവും നടത്തുകയും ചെയ്തു. ശേഷം മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതൃത്വത്തിന്റെ സാന്നിധ്യത്തില്‍ കബറക്കിയെന്ന് അഹമ്മദ് എഴുതി.

കണ്ണീരോടെ ലോകം

അതേസമയം, നിരവധി ലോക നേതാക്കളാണ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ ലോക നേതാക്കള്‍ അനുശോചിച്ചത്. രക്തസാക്ഷിയും സഹോദരനുമായിരുന്നു മുര്‍സിയെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉര്‍ദുഗാന്‍ പറഞ്ഞു. മുര്‍സിയെ ജയിലിടച്ച് മരണത്തിലേക്ക് തള്ളിവിട്ട സ്വോഛാധിപതികളോട് ചരിത്രം പൊറുക്കില്ലെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു.


മുര്‍സി അനുയായികളോടും കുടുംബാംഗങ്ങളോടും ഐക്യരാഷ്ട്ര സഭ അനുശോചനം അറിയിച്ചു. യുഎന്‍ വക്താവ് സ്‌റ്റെഫാന്‍ ദുജാറിക് ആണ് അനുശോചനം അറിയിച്ചത്.

മുര്‍സിയുടെ മരണം അതിദാരുണവും എന്നാല്‍, അപ്രതീക്ഷിതമല്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു. ആവശ്യമായ ചികിത്‌സയും നല്ല ഭക്ഷണവും മുര്‍സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ (മിഡില്‍ ഈസ്റ്റ് ഉത്തര ആഫ്രിക്ക) സാറ ലീ വിറ്റ്‌സണ്‍ ട്വീറ്റ് ചെയ്തു.

മുര്‍സിയുടെ കുടുംബത്തിനും അനുയായികള്‍ക്കും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അനുശോചനം അറിയിച്ചു. മുഹമ്മദ് മുര്‍സിയുടെ പെട്ടെന്നുള്ള മരണത്തിന്റെ അതീവ ദുഖകരമായ വാര്‍ത്തയറിഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഈജിപ്ഷ്യന്‍ ജനതയ്ക്കും അനുശോചനം അറിയിക്കുന്നതായി ഷെയ്ക്ക് തമീം ട്വിറ്ററില്‍ കുറിച്ചു.

ആംനസ്റ്റി ഇന്റര്‍നാഷണലും മരണത്തില്‍ അനുശോചിച്ചു.മുര്‍സി ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി നിലകൊണ്ട നേതാവായിരുന്നെന്ന് ഹമാസ് അനുസ്മരിച്ചു.

ലോക പണ്ഡിതസഭ മുന്‍ അധ്യക്ഷന്‍ ശൈഖ് യൂസുഫല്‍ ഖറദാവി അനുശോചനം രേഖപ്പെടുത്തി. 'സത്യവിലശ്വാസികളുടെ കൂട്ടത്തില്‍ ചിലയാളുകളുണ്ട്. അല്ലാഹുവിനോട് ഏതൊരു കാര്യത്തില്‍ കരാര്‍ ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി' എന്ന പരിശുദ്ധ ഖുര്‍ആനിലെ സൂക്തം അടിക്കുറിപ്പായാണ് ഫേസ്ബുക്കിലും ട്വിറ്ററിലും അദ്ദേഹം പോസ്റ്റ് ചെയ്തത്.

അദ്ദേഹത്തിന് പൊറുത്ത് കൊടുക്കാനും രക്തസാക്ഷികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനും പ്രാര്‍ഥിച്ച് കൊണ്ടാണ് ശൈഖ് ഖറദാവി പോസ്‌ററ് അവസാനിപ്പിക്കുന്നത്. ലോക പണ്ഡിതസഭയുടെ അധ്യക്ഷന്‍ അഹ്മദ് റയ്‌സൂനിയും സെക്രട്ടറി അലി ഖുറദാഇയും അനുശോചിച്ചു.

ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈജിപ്ത് ഭരണാധികാരി മുഹമ്മദ് മുര്‍സിയുടെ രക്തസാക്ഷിത്വ വാര്‍ത്ത ഈജിപ്തുകാരേയും ലോക മുസ്‌ലികളേയും വേദനിപ്പിക്കുന്നതാണെന്നു ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി പട്ടാള ഭരണകൂടത്തിന്റെ തടവിലായ മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

മുഹമ്മദ് മുര്‍സി


ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്‌വാനുല്‍ മുസ്‌ലിമൂന് കീഴില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനും ഈജിപ്റ്റിന്റെ മു പ്രസിഡന്റുമായിരുന്നു

മുഹമ്മദ് മുര്‍സി. മുഴുവന്‍ പേര്: അല്‍ഹാജ് മാലിക് അല്‍ഷഹബാസ്മുഹമ്മദ് മുര്‍സി. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച സ്ഥാനാര്‍ഥി മുഹമ്മദ് മുര്‍സിയാണ്. 2012 ജൂണ്‍ 24ന് മുഹമ്മദ് മുര്‍സി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. 2013 ജൂലൈ നാലിന് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു.

ജനനം 1951ല്‍ ശറഖിയ്യ പ്രവിശ്യയില്‍

1951 ആഗസ്ത് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥ് എന്ന മുഹമ്മദ് മുര്‍സി ജനിച്ചത്. കെയ്‌റോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുര്‍സി 1982ല്‍ കാലഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുര്‍സി ബ്രദര്‍ഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തില്‍ സജീവമാകുന്നതും. 2000- 05 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2011ല്‍ ഫ്രീഡം ആന്‍ഡ്് ജസ്റ്റിസ് പാര്‍ട്ടി രൂപവത്കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസ്ഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു ഇദ്ദേഹം.

2012ലെ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാര്‍ഥി


അപ്രതീക്ഷിതമായാണ് മുര്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഉപകാര്യദര്‍ശിയുമായ ഖൈറാത്ത് ശാത്വിറിന് തിരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരത്തിന്റെ ഒന്നാംനിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നകാരണത്താലായിരുന്നു ശാത്വിറിന് കമീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുര്‍സിക്ക് രാജ്യത്തെ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുര്‍സിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു.

ഇന്ത്യാ സന്ദര്‍ശനം


2013 മാര്‍ച്ച് 1820 ദിവസങ്ങളില്‍ മുഹമ്മദ് മുര്‍സി ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശത്തിനിടിയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, ഇ. അഹ്മദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്തും ഏഴു കരാറുകളില്‍ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എന്‍. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യ സന്ദര്‍ശിക്കുന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തി

2013ല്‍ പട്ടാള അട്ടിമറിയില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു

2013 ജൂലൈ 4 ന് മുര്‍സി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി. സൈന്യം, ന്യായാധിപന്‍മാര്‍, മറ്റ് രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ മുര്‍സിയുടെ ഭരണത്തില്‍ അപ്രീതിയുള്ളവരായിരുന്നു. അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തഹ്‌രീര്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയില്‍ കലാശിച്ചത്ധ6പ. ആഫ്രിക്കന്‍ യൂണിയന്‍ ഈജിപ്തിന്റെ അംഗത്വം അട്ടിമറിയെ തുടര്‍ന്ന് റദ്ദാക്കുകയുണ്ടായി. ജനാധിപത്യരീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തില്‍ സമരം തുടര്‍ന്നുവരുകയാണ്.

RELATED STORIES

Share it
Top