Big stories

പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഞ്ചുപേര്‍ക്ക് കൊവിഡ്; 'ആരോഗ്യ സേതു'വിലെ വിവരങ്ങള്‍ പുറത്തുവിട്ട് ഹാക്കര്‍

രാജ്യത്തെ തന്ത്രപ്രധാന മേഖലയിലെ 11 പേര്‍ കൊവിഡ് ബാധിതരാണെന്നു ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍, ഇന്ത്യന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രണ്ടുപേര്‍, പാര്‍ലമെന്റിലെ ഒരാള്‍, ആഭ്യന്തരമന്ത്രാലയം ഓഫിസിലെ മൂന്നുപേര്‍ എന്നിവര്‍ക്ക് രോഗബാധയുള്ളതായി ട്വീറ്റില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫിസില്‍ അഞ്ചുപേര്‍ക്ക് കൊവിഡ്; ആരോഗ്യ സേതുവിലെ വിവരങ്ങള്‍ പുറത്തുവിട്ട് ഹാക്കര്‍
X

ന്യൂഡല്‍ഹി: സുരക്ഷാവീഴ്ചയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദമായ 'ആരോഗ്യ സേതു' ആപ്ലിക്കേഷന്‍ വഴി പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലയിലുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫിസിലെ അഞ്ചുപേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് ബാധയുണ്ടെന്നു വെളിപ്പെടുത്തിയാണ് സൈബര്‍ വിദഗ്ധനും ഹാക്കറുമായ ഏലിയറ്റ് ആല്‍ഡേഴ്‌സണ്‍ രംഗത്തെത്തിയത്. കൊവിഡ് രോഗികളെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും കഴിയുന്നതെന്ന് അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്ലിക്കേഷനായ ആരോഗ്യസേതു ആപ്പിലെ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് തെളിവായാണ് ഫ്രഞ്ച് ഹാക്കര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്തെ തന്ത്രപ്രധാന മേഖലയിലെ 11 പേര്‍ കൊവിഡ് ബാധിതരാണെന്നു ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍, ഇന്ത്യന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രണ്ടുപേര്‍, പാര്‍ലമെന്റിലെ ഒരാള്‍, ആഭ്യന്തരമന്ത്രാലയം ഓഫിസിലെ മൂന്നുപേര്‍ എന്നിവര്‍ക്ക് രോഗബാധയുള്ളതായി ട്വീറ്റില്‍ പറയുന്നു. ഇനിയും തുടരണോ എന്നും സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച വിശദീകരണം ഉടന്‍ പുറത്തുവിടുമെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

ഒരു ആപ്ലിക്കേഷന്‍ അടിച്ചേല്‍പിക്കുന്നതിനു മുമ്പ് എന്താണ് യഥാര്‍ഥത്തില്‍ ആപ്പ് ചെയ്യുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യത്തെ സ്‌നേഹിച്ചാണ് ആരോഗ്യ സേതു ആപ്പ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിന്റെ സോഴ്‌സ് കോഡ് പ്രസിദ്ധീകരിക്കമെന്നും ഹാക്കര്‍ പറയുന്നു. ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്താനാവുമെന്നും സുരക്ഷാ വീഴ്ചയുണ്ടെന്നും ഇദ്ദേഹം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 90 മില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഭീഷണിയിലാണെന്നും വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ ശരിയാണെന്നും ഹാക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനെ പൂര്‍ണമായും തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ സേതു സുരക്ഷിതമാണെന്നായിരുന്നു വാദിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യ സേതുവിലെ വിവരങ്ങള്‍ ചോര്‍ത്തിയതിനു തെളിവായും ഇനിയും തുടരണോയെന്ന വെല്ലുവിളിയുമായും ഹാക്കര്‍ രംഗത്തെത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മെയ് അഞ്ചിനു സുരക്ഷാ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയ ശേഷം വീണ്ടും വിവരങ്ങള്‍ പുറത്തുവിട്ട് വെല്ലുവിളിക്കുകയാണ് ഹാക്കര്‍ ചെയ്തിരിക്കുന്നത്. പ്രശ്‌നം പരസ്യമായി വെളിപ്പെടുത്തുന്നതിനുമുമ്പ് ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും 90 ദശലക്ഷം ഇന്ത്യക്കാരുടെ മെഡിക്കല്‍ ഡാറ്റകളുണ്ടെന്നും ക്ഷമ കുറവായതിനാല്‍ ന്യായമായ സമയപരിധിക്കുശേഷം എല്ലാം വെളിപ്പെടുത്തുമെന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തു.

നേരത്തേ, ആധാര്‍ ആപ്പിലെ ഉള്‍പ്പെടെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടിയതും ഏലിയറ്റ് ആല്‍ഡേഴ്‌സണ്‍ എന്ന പേരിലുള്ള ഹാക്കറായിരുന്നു. അടിസ്ഥാന കോഡിങ് പരിജ്ഞാനമുള്ള ആര്‍ക്കും ആധാര്‍ ഡാറ്റ നേടാന്‍ കഴിയുമെന്നായിരുന്നു അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാട്ടിയത്. ഇതിനു പുറമെ ഇന്ത്യയിലെ സുപ്രധാനമായ ഐഎസ്ആര്‍ഒ, ബിഎസ്എന്‍എല്‍, ഇന്ത്യാ പോസ്റ്റ്, പേടിഎം എന്നിവയുള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലെ സൈബര്‍ സുരക്ഷാ പിഴവുകളെ കുറിച്ചും എലിയറ്റ് ആല്‍ഡര്‍സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Next Story

RELATED STORIES

Share it