- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണുതുറക്കുമെങ്കില്‍ തിരുത്താന്‍ സഹായകമാകുന്ന തിരഞ്ഞെടുപ്പു ഫലം

അബ്ദുല്ല അന്‍സാരി
കണ്ണുതുറക്കാന്‍ തയ്യാറായാല്‍ തിരുത്താന്‍ സഹായിക്കുന്നതാണ് തദ്ദേശസ്വയംഭരണ സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി. ഗ്രാമങ്ങളിലും നഗരങ്ങളിലും തിരിച്ചടി പ്രകടമാണ്. വിശേഷിച്ചും ന്യൂനപക്ഷ പിന്നാക്ക അധസ്ഥിത മേഖലകളില്‍. വര്‍ഗീയതയ്‌ക്കെതിരേ ഉറച്ച നിലപാടായിരുന്നു ഒരുകാലത്ത് ഇടതു പക്ഷത്തിന്റെ ഇമേജ്. സങ്കുചിത-നിക്ഷിപ്ത-വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചത് മുതലാണ് ഇടതിന്റെ ജനപക്ഷം നഷ്ടമായത്. ലാവ്ലിന്‍ കേസ്, മകള്‍ വീണയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍ മാസപ്പടി കേസ് എന്നിവയുമായി ബന്ധപ്പെട്ട് പിണറായി വിജയന് സംഘപരിവാരത്തിനു മുന്നില്‍ തലകുമ്പിട്ടു നില്‍ക്കേണ്ടി വന്നതു മുതല്‍ ഇത് ആരംഭിക്കുന്നു. യഥാര്‍ഥത്തില്‍ ഇടതുപക്ഷം തോറ്റത് ഇലക്ഷനിലല്ല; പാര്‍ട്ടി നിലനിര്‍ത്തിപോരുന്ന ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്നും ആശയങ്ങളില്‍ നിന്നും അകന്നപ്പോള്‍ തന്നെ അത് സംഭവിച്ചിരുന്നു. തദ്ഫലമായി ക്രമേണ, സംസ്ഥാനത്ത് ആഭ്യന്തര വകുപ്പില്‍ സംഘപരിവാരം പിടിമുറുക്കിത്തുടങ്ങി. മുസ്ലിം-അതിപിന്നാക്കാദി വിഭാഗങ്ങളെ അപരവല്‍ക്കരിക്കാനും സവര്‍ണ ഒളിഗാര്‍ക്കിയെ സുഖിപ്പിച്ചു കൈയിലെടുക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് പിന്നീട് അരങ്ങേറിയത്. കേരളത്തില്‍ നടന്ന സ്വര്‍ണവേട്ട വരെ അതിനുള്ള ആയുധമായി ഉപയോഗപ്പെടുത്തി.
നിരന്തരം വര്‍ഗീയതയും അപര വിദ്വേഷവും മാത്രം ചുരത്തുന്ന വെള്ളാപ്പള്ളി നടേശനെ നിലക്കുനിര്‍ത്തിയില്ല എന്ന് മാത്രമല്ല താലോലിച്ചും ഓമനിച്ചും ഒപ്പം കൊണ്ടു നടന്ന് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കംകൂട്ടി. പിസി ജോര്‍ജ്, ശശികല തുടങ്ങിയ കൊടും വിഷ നാവുകള്‍ക്ക് യഥേഷ്ടം അഴിഞ്ഞാടാന്‍ അവസരം നല്‍കി. ക്യാബിനറ്റില്‍ അധസ്ഥിത വിഭാഗങ്ങളുടെ പ്രതിനിധിയായി ഒരാള്‍ പോലുമില്ലെന്നുകൂടി അറിയണം. ദലിത് ഉന്നമനത്തിനായി മാറ്റിവച്ച ഫണ്ടുകള്‍ വക മാറ്റി, അഴിമതിക്കും ധൂര്‍ത്തിനും ഉപയോഗപ്പെടുത്തി. പകരം കേന്ദ്രം നിര്‍ദേശിച്ച ഇഡബ്ല്യുഎസ് സംവരണം ശരവേഗത്തില്‍ നടപ്പിലാക്കാന്‍ ജാഗ്രത കാട്ടി. അതിന്റെ തിക്തഫലം മെഡിക്കല്‍ - എന്‍ജിനിയറിങ് പ്രവേശന റാങ്കിലൂടെ ഒബിസി-ദലിത് ജനവിഭാഗങ്ങള്‍ അനുഭവിച്ചറിഞ്ഞു. ഇടതിന്റെ പരാജയത്തെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെടുത്തുന്നതില്‍ സാംഗത്യമുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സവര്‍ണ ഉപരിവര്‍ഗ വിഭാഗങ്ങള്‍ ഭഗവാന്റെ സ്വര്‍ണം കട്ടത്, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് രൂപപ്പെടുത്തുമ്പോള്‍ പരിഗണിക്കാന്‍ സാധ്യതയില്ല. അവരുടെ വിഷയം മേല്‍പ്പറഞ്ഞ ഇഡബ്ല്യുഎസ് സംവരണവും അത് സൃഷ്ടിച്ച പ്രത്യാഘാതങ്ങളും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങളുമാണ്. 1994ല്‍ രൂപപ്പെടുത്തി, രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും നടപ്പിലാക്കിയ തദ്ദേശ സ്ഥാപനങ്ങളിലെ ഒബിസി സംവരണം കേരളത്തില്‍ അട്ടിമറിച്ച സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടാണ്. മറുവശത്ത് കൃത്യമായ ആസൂത്രണത്തിന്റെ അഭാവത്തില്‍ ഉണ്ടായിത്തീര്‍ന്ന സാമ്പത്തിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലെത്തി. ഇക്കാരണത്താല്‍, ക്ഷേമ പെന്‍ഷനുകള്‍ അടക്കം സ്തംഭിച്ചു. സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നു വിതരണവും മറ്റ് അവശ്യ സേവനങ്ങളും തടയപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ഇതര ഡോക്കുമെന്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫീസുകള്‍ കുത്തനെ കൂട്ടി. ഇവയെല്ലാം ഭരണ വിരുദ്ധ വികാരം ശക്തിപ്പെടുത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
കേരളം ഇന്നോളം കാത്തുസൂക്ഷിച്ച സൗഹൃദവും സാഹോദര്യവും തകര്‍ക്കുന്ന സ്വഭാവത്തില്‍, സംഘ്പരിവാറിനെ പോലും നാണിപ്പിക്കുന്ന, വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന അവസരവാദ രാഷ്ട്രീയമാണ് പുരോഗമന പ്രതിഛായ അവകാശപ്പെടുന്ന സിപിഎം പയറ്റിയത്. ആഗോള അയ്യപ്പ സംഗമം നടത്തിയും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചും വിഭാഗീയ അജണ്ടയ്ക്ക് കൊഴുപ്പേകി. ഒരുകാലത്ത് ശക്തമായി എതിര്‍ത്തിരുന്ന പിഎം ശ്രീ പദ്ധതിയില്‍ തല വച്ചുകൊടുക്കുന്നിടത്തോളം ബിജെപി വിധേയത്വം വളര്‍ന്നു. സംഘപരിവാര്‍ കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നതിന്റെ നമ്പര്‍ വണ്‍ താക്കീതായിരുന്നു തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി വിജയം. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കൂടുതല്‍, പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത് ചീഞ്ഞളിഞ്ഞ ലൈംഗിക കേസുകള്‍ കുത്തിപ്പൊക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ്. രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലും ബിഹാറിലും വോട്ടുചോരി മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ശക്തമായ ക്യാംപയിന്‍ സംസ്ഥാനത്ത് വേണ്ടത്ര ചര്‍ച്ചയാകാതെ തടഞ്ഞുനിര്‍ത്തുന്നതില്‍ മേല്‍പ്പറഞ്ഞ ക്യാപയിനുകള്‍ വിജയിച്ചു.
ജമാഅത്തെ ഇസ്ലാമിക്കുമേല്‍ വര്‍ഗീയത, ഭീകരത തുടങ്ങിയ മുദ്രകള്‍ ചാര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൊഴുപ്പ് പകരാനും മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയത്തില്‍ ലഹരി പകരാനുമാണ് കൃത്യവും ഹൃദ്യവുമായ ഭരണനേട്ടം മുന്നോട്ടുവയ്ക്കാന്‍ കഴിയാത്ത സിപിഎം, തിടുക്കം കൂട്ടിയത്. ജമാഅത്തെ ഇസ്ലാമിയെയും ലീഗിനെയും ചേര്‍ത്ത്, നട്ടാല്‍ മുളക്കാത്ത കഥകള്‍ മെനയാനും ധൃഷ്ടമായി. പാര്‍ലമെന്റിലെ വന്ദേമാതരം ചര്‍ച്ചയില്‍ വരെ ജമാഅത്ത് സ്ഥാപകന്‍ അബുല്‍ അഅ്‌ലാ മൗദൂദിയെ വലിച്ചിഴച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ പരസ്യ കൂട്ടുകെട്ട് സിപിഎം കത്തിച്ചു നിര്‍ത്തിയപ്പോള്‍ മുമ്പ് എല്‍ഡിഎഫുമായും അവര്‍ ധാരണ ഉണ്ടാക്കിയിരുന്നു എന്ന യാഥാര്‍ഥ്യം പൂര്‍വാധികം ശക്തിയോടെ അവര്‍തന്നെ അഴിച്ചുവിട്ട ചര്‍ച്ചയും പ്രചാരണവും ഇടതുപക്ഷത്തിന് അക്ഷരാര്‍ഥത്തില്‍ പ്രതികൂലമായി ഭവിച്ചു. സാമ്രാജ്യത്വ ഫാഷിസ്റ്റ് വിരുദ്ധ നിലപാടാണ് ഇരു കൂട്ടരെയും ഒരുകാലത്ത് അടുപ്പിച്ച് നിര്‍ത്തിയത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ഒളിച്ചുകളി, ആ ബന്ധത്തിന് ആക്കം കൂട്ടി. എന്നാല്‍ പിണറായി യുഗത്തോടെ നിലപാടില്‍ വെള്ളം ചേര്‍ക്കുകയും സവര്‍ണ അതീശത്വ ലോബിക്ക് പാര്‍ട്ടി കീഴ്‌പ്പെടുകയും സംഘപരിവാര്‍ സംസ്ഥാന സര്‍ക്കാരില്‍ പിടിമുറുക്കുകയും ചെയ്തതോടെയാണ് ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തുനിന്ന് അകന്നത്. ജമാഅത്തെ ഇസ്ലാമിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി, യഥാര്‍ഥത്തില്‍ കല്ലെറിയുന്നത് സമുദായത്തെ തന്നെയാണെന്ന് മുസ്ലിം സമൂഹം സാവധാനം തിരിച്ചറിഞ്ഞു. തോമസ് ഐസക്കിന്റെ ഏറ്റവും പുതിയ പരിദേവനം ഇതിനോട് ചേര്‍ത്തു വായിക്കണം. 'കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെന്നപോലെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗം ഇടതുപക്ഷത്തുനിന്നും അകലുന്ന അനുഭവമാണ് ഇപ്പോഴും ഉണ്ടായിട്ടുള്ളത്. ഇടത് ഹിന്ദുത്വയെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ഒരു വിഭാഗം ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുന്നത് ? അതിനു നമ്മുടെ എന്തെങ്കിലും വീഴ്ചകള്‍ നിമിത്തങ്ങളായിട്ടുണ്ടോ?' അദ്ദേഹം ചോദിച്ചു. പ്രസ്തുത പ്രസ്താവന തിരിച്ചറിവിലേക്ക് എത്തുമെങ്കില്‍ നന്ന്. തോമസ് ഐസകിന്റെ നിലപാടിനെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം വിരല്‍ചൂണ്ടുന്നത് അതിനു സാധ്യതയില്ലെന്നാണ്.
സംഘടനകളുടെ സങ്കുചിതവൃത്തത്തിന് പുറത്താണ് കേരളത്തിലെ മുസ്ലിംകളില്‍ ബഹു ഭൂരിപക്ഷവും. ആശയപരമായോ സൗകര്യപൂര്‍വമോ വിശ്വാസികള്‍ ഏതെങ്കിലും ഒന്നിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്നുമാത്രം.
ജനം ഒന്നാകെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും രാജ്യം ഇനിയും സ്വതന്ത്രമായിട്ടില്ലെന്ന് പ്രഖ്യാപിച്ച് കല്‍ക്കത്ത തിസീസ് പ്രകാരം മൂന്ന് വര്‍ഷത്തോളം സായുധ പോരാട്ടത്തിന് നേതൃത്വം കൊടുത്ത സിപിഎമ്മാണ് മുസ്ലിം സംഘടനകള്‍ക്കുമേല്‍ തീവ്രവാദ ചാപ്പ ചാര്‍ത്തുന്നതെന്ന അശ്ലീല രാഷ്ട്രീയം കേരളം തിരസ്‌കരിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ 51 വെട്ടുവെട്ടി തീര്‍പ്പുണ്ടാക്കുന്ന ഭീകരതയുടെയും ജനാധിപത്യവിരുദ്ധതയുടെയും ട്രാക്ക് റെക്കോര്‍ഡുള്ള സിപിഎം, ജമാഅത്തെ ഇസ്ലാമിയെ ഗീബല്‍സിയന്‍ നുണപ്രചാരണത്തിലൂടെ ബലിയാടാക്കി നേട്ടം കൊയ്യാനുള്ള കൗശലമാണ് കൈക്കൊണ്ടത്. ഇത് അഥസ്ഥിത പിന്നാക്ക വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞു.
സിപിഎം ജമാഅത്ത് ഇസ്ലാമിയെ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് കരുതിയാല്‍ തെറ്റി. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നു എന്നും, 2047 ആവുമ്പോഴേക്കും ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്നും പറഞ്ഞത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനാണ്. മലപ്പുറം ജില്ലയില്‍ അയ്യപ്പഭക്തന്മാര്‍ ആക്രമിക്കപ്പെടുന്നു എന്ന് നിയമസഭയില്‍ യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ ആക്ഷേപം ഉന്നയിച്ചത് അന്നത്തെ വണ്ടൂര്‍ എംഎല്‍എ കണ്ണനാണ്. മലപ്പുറം ജില്ലയുടെ ഉള്ളടക്കം വര്‍ഗീയമാണ് എന്ന് പറഞ്ഞത് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. യുഡിഫിനെ നയിക്കുന്നത് ഹസ്സന്‍-അമീര്‍-കുഞ്ഞാലികുട്ടി അച്ചുതണ്ടാണെന്ന ആരോപണത്തിലൂടെ സമൂഹത്തില്‍ കൊടും വര്‍ഗീയത പരത്തിയതും സിപിഎം തന്നെയാണ്. പാണക്കാട് തങ്ങളെ ആദിത്യനാഥിനോട് ഉപമിച്ചത് കോടിയേരിയാണ്. ഇന്നോവ കാറില്‍ മാശാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ച്, പാര്‍ട്ടി നടത്തിയ അരുംകൊലയുടെ ഉത്തരവാദിത്തം സമുദായത്തിന് നേരെ തിരിച്ചുവിടാനുള്ള ശ്രമം, കാഫിര്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് ഇസ്ലാമോഫോബിയയും അതുവഴി വര്‍ഗീയ ചേരിതിരിവും സൃഷ്ടിച്ച് പൊതുബോധത്തെ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാനുള്ള കൗശലം; എല്ലാം നടത്തിയത് സിപിഎം തന്നെയാണ്. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോഴൊല്ലാം ഒരു 'തീവ്രവാദി മുസ്ലിം' അപരനെ സൃഷ്ടിച്ച്, സവര്‍ണ അധീശത്വ ഒളിഗാര്‍ക്കിയെ ഒപ്പം നിര്‍ത്തി, ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നതാണ് സി പി എമ്മിന്റെ എക്കാലത്തെയും അടവുനയം. പാര്‍ട്ടി ഒരവസരത്തില്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ വര്‍ഗീയവാദികള്‍ എന്ന് മുദ്രകുത്താത്ത ഒരു മുസ്ലിം ഗ്രൂപ്പുമില്ല.
ബിജെപി നേട്ടമുണ്ടാക്കിയതിലേറെയും സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കടന്നുകയറിയാണെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ജില്ലാ കമ്മിറ്റികള്‍ നേരിട്ട് ചുക്കാന്‍ പിടിച്ചിട്ടുപോലും പരാജയം തടുത്തു നിര്‍ത്താന്‍ ആയില്ല. അത്രമേല്‍ ശക്തമായിരുന്നു ഭരണ വിരുദ്ധ വികാരം. കോര്‍പറേഷന്‍ ഭരണമുറപ്പിച്ച തിരുവനന്തപുരത്ത് ബിജെപി പിടിച്ചെടുത്ത വാര്‍ഡുകളെല്ലാം സിപിഎമ്മിന്റേതാണ്. നാലര പതിറ്റാണ്ട് കാലം സിപിഎം കൈവശം വച്ചിരുന്നതാണ് തിരുവനന്തപുരം കോര്‍പറേഷന്‍ എന്നുകൂടി അറിയണം. 34 പ്രതിനിധികള്‍ ഉണ്ടായിരുന്ന ബിജെപിയുടെ സീറ്റുനില 50 ആയി ഉയര്‍ന്നു. എല്‍ഡിഎഫ് ആകട്ടെ 53 ല്‍നിന്ന് 29 ലേക്ക് കൂപ്പുകുത്തി. യുഡിഎഫ് 10 ല്‍ നിന്ന് 19 ലേക്ക് ഉയര്‍ന്നു. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഒഴിച്ചാല്‍ ഈഴവ സമുദായത്തിന് സ്വാധീനമുള്ള തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ പരാജയത്തില്‍ ബിജെപി കൂടുതല്‍ നേട്ടമുണ്ടാക്കിയത് തെക്കന്‍ ജില്ലകളിലാണ്. സിപിഎം പരമ്പരാഗതമായി കൈവശം വച്ചിരുന്ന പല കേന്ദ്രങ്ങളും ബിജെപി കൈയടക്കി. വര്‍ക്കല, ആറ്റിങ്ങല്‍, ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട്, ചേര്‍ത്തല, കായംകുളം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പറവൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം തുടങ്ങിയ മുന്‍സിപ്പാലിറ്റികളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. ക്രിസ്ത്യന്‍ സ്വാധീനം കൂടുതലുള്ള കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍, മൊത്തത്തില്‍ 50 ശതമാനത്തിലധികം ന്യൂനപക്ഷ പ്രാതിനിധ്യമുള്ള തൃശൂര്‍ ജില്ല, എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവ മാത്രമാണ് അപവാദം. ആദ്യം പറഞ്ഞ മൂന്ന് ജില്ലകള്‍ മുന്നേതന്നെ യുഡിഎഫ് അനുകൂല മേഖലയാണ്.
തൃശൂര്‍ കോര്‍പറേഷന്‍ പിടിക്കാന്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കിയിട്ടും സ്വന്തം മണ്ഡലത്തിലടക്കം ലക്ഷ്യം കാണാതെ പോയതും ഇപ്പറഞ്ഞ ന്യൂനപക്ഷ സമവാക്യത്തിന്റെ ജാഗ്രതയാണ്. ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിന് യഥാര്‍ഥത്തില്‍ യുഡിഎഫ് നന്ദി പറയേണ്ടത് വെള്ളാപ്പള്ളിയോടാണ്. വെള്ളാപ്പള്ളി ഫാക്ടര്‍ പ്രധാന ഘടകം ആയിരുന്നിട്ടും ബിജെപിക്ക് അനുകൂലമായി സീറ്റുകള്‍ വര്‍ധിച്ചതല്ലാതെ വോട്ട് വര്‍ധന ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതായത്, വെള്ളാപ്പള്ളി ഫാക്ടറിലൂടെ ലഭിച്ച വോട്ടുകള്‍ക്ക് സമാനമായ അളവില്‍ ബിജെപിയില്‍ വോട്ട് ചോര്‍ച്ച സംഭവിച്ചിരിക്കുന്നു. ഈ വോട്ടുകളും കൂടിയാണ് യുഡിഎഫിന്റെ തെക്കന്‍ കേരളത്തിലെ തകര്‍പ്പന്‍ വിജയത്തിന് മുതല്‍ക്കൂട്ടായത്. അടിവരയിട്ടു മനസ്സിലാക്കേണ്ട മറ്റൊരു വിഷയം; സംഘപരിവാറിന്റെ കൈയിലെ കളിപ്പാട്ടമാകാന്‍ തീരുമാനിച്ച, വര്‍ഗീയ വംശീയ വിദ്വേഷം തലയ്ക്കു പിടിച്ച ഒരു കൂട്ടം വിധ്വംസകര്‍ എന്നതിലപ്പുറം കാസ എവിടെയും ഒരു ഘടകമേ ആയിരുന്നില്ല എന്നതാണ്. മലബാറില്‍ എത്തുമ്പോള്‍ ഇടതുപക്ഷത്തിലെ വോട്ട് ചോര്‍ച്ച യുഡിഎഫിനാണ് നേട്ടമുണ്ടാക്കിയത്. മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്തി ടാര്‍ഗറ്റ് ചെയ്തു അക്രമിക്കാന്‍ നടത്തിയ സിപിഎം ശ്രമം സമുദായത്തെ മൊത്തത്തില്‍ യുഡിഎഫ് അനുകൂലമാക്കി; വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചു. കനത്ത മുന്നേറ്റമാണ് മലബാറില്‍ യുഡിഎഫ് നടത്തിയത്. എസ്എന്‍ഡിപിയുടെ ഭാഗമായ മലബാറിലെ തീയ്യ വിഭാഗം മുന്‍പേ തന്നെ ഏറക്കുറെ സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നതിനാല്‍ വെള്ളാപ്പള്ളി ഫാക്ടര്‍ മലബാറില്‍ സ്വാധീനം ചെലുത്തിയില്ല.
മൃദുലതയും കടന്നുള്ള ഇടതുപക്ഷത്തിന്റെ ഹിന്ദുത്വ അജണ്ടയും, ന്യൂനപക്ഷ അധസ്ഥിത വിരുദ്ധ നിലപാടും ഭരണ വിരുദ്ധ വികാരവുമാണ് ഇലക്ഷന്‍ റിസള്‍ട്ടിനെ സ്വാധീനിച്ച ഘടകങ്ങള്‍. ഇതേ നിലപാടുമായി മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ ബംഗാളില്‍ ഏറ്റതിനെക്കാള്‍ വമ്പിച്ച ആഘാതമായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കാത്തിരിക്കുന്നത്. പൊതുസമൂഹം തങ്ങളിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍ യുഡിഎഫിനെയും കാത്തിരിക്കുന്നത് മറ്റൊന്നല്ല. കാപട്യത്തിന്റെയും പക്ഷപാതിത്വത്തിന്റെയും അവസരവാദത്തിന്റെയും സമീപനങ്ങള്‍ വെടിഞ്ഞ് നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി നിലപാടുകള്‍ തിരുത്താന്‍ തയ്യാറായാല്‍ യുഡിഎഫിന് നിലനില്‍ക്കാനുള്ള അര്‍ഹതയുണ്ട്. ഒരുകാലത്ത് രാജ്യം ഒന്നാകെ ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസ് ഇന്നത്തെ അവസ്ഥയില്‍ എത്തിയത് അവര്‍ക്ക് പാഠമാവണം. പതിറ്റാണ്ടുകളോളം അധികാരത്തില്‍ ഇരുന്നിട്ടും നടപ്പാക്കാന്‍ തയ്യാറാകാതിരുന്ന ജാതി സെന്‍സസ് നടത്തുമെന്നും തദടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നുമുള്ള വാഗ്ദാനമാണ് കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിച്ചതെന്ന് ഒന്നോര്‍ക്കണം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















