Big stories

എന്‍ഡിഎ ഭരണകാലത്ത് സിബിഐ അന്വേഷണത്തിന് വിധേയരായവരില്‍ 95 ശതമാനവും പ്രതിപക്ഷനേതാക്കള്‍, യുപിഎകാലത്ത് 60 ശതമാനം

എന്‍ഡിഎ ഭരണകാലത്ത് സിബിഐ അന്വേഷണത്തിന് വിധേയരായവരില്‍ 95 ശതമാനവും പ്രതിപക്ഷനേതാക്കള്‍, യുപിഎകാലത്ത് 60 ശതമാനം
X

എല്ലായ്‌പ്പോഴും ഭരണകക്ഷിയുടെ രോഷം പ്രതിപക്ഷത്തോടായിരിക്കും. അത് എല്ലാ കാലത്തും അങ്ങനെത്തന്നെ. സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് ഒരിക്കല്‍ സുപ്രിംകോടതി വിശേഷിപ്പിച്ചു. യുപിഎ കാലത്ത് വലിയ സാന്നിധ്യമല്ലാതിരുന്ന ഇ ഡിയും ഇപ്പോള്‍ വാളും പരിചയുമായി രംഗത്തെത്തിയിട്ടുണ്ട്.

മുന്‍കാലത്തും പ്രതിപക്ഷത്തിനെതിരേ തങ്ങളുടെ നിയന്ത്രണത്തിലുളള ഏജന്‍സികളെ ഉപയോഗിക്കുന്ന പതിവുണ്ടെങ്കിലും എന്‍ഡിഎ ഇക്കാര്യത്തില്‍ എല്ലാ പരിധികളെയും ലംഘിച്ചിരിക്കുന്നു. സിബിഐ അന്വേഷണത്തിലൂടെ 60 ശതമാനം എതിര്‍പക്ഷത്തെയാണ് യുപിഎ സര്‍ക്കാര്‍ നിശ്ശബ്ദമാക്കിയിരുന്നതെങ്കില്‍ എന്‍ഡിഎ കാലത്ത് അത് 95 ശതമാനമായി.

കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 200ഓളം നേതാക്കള്‍ക്കെതിരേയാണ് സിബിഐ കേസെടുത്തത്. അവരില്‍ പലരെയും അറസ്റ്റ് ചെയ്യുകയുംചെയ്തു. അതില്‍ 80 ശതമാനവും പ്രതിപക്ഷത്തുള്ളവരായിരുന്നു. 2014ല്‍ എന്‍ഡിഎ അധികാരത്തിലെത്തിയശേഷമാണ് പ്രതിപക്ഷത്തെ കുടുക്കുന്നത് ഒരു ട്രന്‍ഡായി മാറിയത്.

യുപിഎ അധികാരത്തിലിരുന്ന 2004-2014 കാലത്ത് സിബിഐ കേസെടുത്തത് 72 രാഷ്ട്രീയനേതാക്കള്‍ക്കെതിരേയാണ്. അതില്‍ 43 പേര്‍ പ്രതിപക്ഷ നേതാക്കളായിരുന്നു. അതായത് 60 ശതമാനം.

ബിജെപി ഭരിച്ച കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 124 പേര്‍ക്കെതിരേ കേസെടുത്തു. അതില്‍ 118 പേരും പ്രതിപക്ഷത്തുള്ളവരായിരുന്നു, അതായത് 95 ശതമാനം.

യുപിഎ കാലത്തെപ്പോലെത്തന്നെ സിബിഐ കേസിന്റെ മുള്‍മുനയില്‍നില്‍ക്കുന്നവര്‍ കളംമാറിച്ചവിട്ടിയാല്‍ കേസില്‍ ഒഴിവാകുന്ന പ്രക്രിയക്ക് ഇപ്പോഴും മാറ്റമില്ല.

എന്‍ഡിഎ കാലത്ത് സിബിഐ നടപടിക്കിരയായവരില്‍ ഒരു മുഖ്യമന്ത്രി, 12 മുന്‍മുഖ്യമന്ത്രിമാര്‍, 10 മന്ത്രിമാര്‍, 31 എംപിമാര്‍, 27 എംഎല്‍എമാര്‍, 10 മുന്‍എംഎല്‍എമാര്‍, 6 മുന്‍ എംപിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇതില്‍ 22 അറസ്റ്റ് നടന്നു. 43 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ഒരാളുടെ കേസ് അവസാനിപ്പിച്ചു. ആരെയും വിട്ടയച്ചിട്ടില്ല.

യുപിഎ കാലത്ത് നാല് മുന്‍മുഖ്യമന്ത്രിമാര്‍ക്കും 13 എംപിമാര്‍ക്കും 15 എംഎല്‍എമാര്‍ക്കും 1 മുന്‍എംഎല്‍എയ്ക്കും 3 മുന്‍ എംപിമാര്‍ക്കും എതിരേ കേസെടുത്തു. ഇതില്‍ 12 പേരെ അറസ്റ്റ് ചെയ്തു. 30 പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. 6 പേരുടെ കേസുകള്‍ അവസാനിപ്പിച്ചു. 6 പേരെ ശിക്ഷിച്ചു. ഏഴ് പേരെ വിട്ടയച്ചു.

2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം അഴിമതി തുടങ്ങിയവയാണ് 2004-2014 കാലത്തെപ്രധാന കേസുകള്‍. കോണ്‍ഗ്രസ്സിലെയും ഡിഎംകെയിലെയും 29 നേതാക്കള്‍ക്കെതിരേ കേസെടുത്തു. ആകെ കേസുകള്‍ 72.

എന്‍ഡിഎ കാലത്ത് എന്‍ഡിഎക്ക് പുറത്തുള്ള പാര്‍ട്ടികള്‍ക്കെതിരേയാണ് കേസെടുത്തത്. എന്‍ഡിഎ പക്ഷത്തുള്ള ആറ് പേര്‍ മാത്രമാണ് സിബിഐ അന്വേഷണം നേരിടുന്നത്.

യുപിഎ കാലത്ത് സിബിഐ അന്വേഷണം നേരിട്ട 43 പ്രതിപക്ഷനേതാക്കളാണ് ഉള്ളത്. അതില്‍ ബിജെപിയില്‍നിന്നുള്ളവരാണ് കൂടുതല്‍ 12 പേര്‍. അതില്‍ അമിത് ഷായും ഉള്‍പ്പെടുന്നു. അന്നദ്ദേഹം ഗുജറാത്ത് മന്ത്രിയാണ്. സെഹറാബുദ്ദീന്‍ ഷെയ്ക് വ്യാജഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നു അമിത്ഷായെ കുടുക്കിയത്.

ബിഎസ് യദ്യൂരപ്പ, ഗലി ജനാര്‍ദ്ദന്‍ റെഡ്ഢി, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രമോദ് മഹാജന്‍ തുടങ്ങിയവരാണ് മറ്റുള്ള ബിജെപി നേതാക്കള്‍.

യുപിഎ കാലത്ത് അന്വേഷണം നേരിട്ടവരില്‍ ബിഎസ്പിയുടെ മായാവതി, തൃണമൂലിന്റെ മദന്‍ മിത്ര, സമാജ് വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, ബിജെഡിയുടെ ദിലീപ് റെ, ഐഎന്‍എല്‍ഡിയുടെ ഓം പ്രകാശ് ചൗട്ടാല, പിഎംകെയുടെ രാംദോസ്, എല്‍ജെപിയുടെ രാംവിലാസ് പസ്വാന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

കോണ്‍ഗ്രസ്സും സഖ്യകക്ഷകള്‍ക്കുമെതിരേയായിരുന്നു കൂടുതല്‍ കേസുകള്‍, 29. ബിജെപി 12, ബിഎസ്പി 5, ടിഎംസി 4, എസ് പി 3, ബിജെഡി 2, ഐഎന്‍എല്‍ഡി 3, പിഎംകെ 1, എല്‍ജെപി 1, ആര്‍എല്‍ഡി 1, എംഎന്‍എഫ് 1, വൈഎസ്ആര്‍സിപി 1, എഐഎഡിഎംകെ 1, ബിഎസ്ആര്‍ കോണ്‍ഗ്രസ് 1, ജെഡിയു 3, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കണക്കുകള്‍.

2014മുതലുള്ള എന്‍ഡിഎ കാലത്ത് പ്രതിപക്ഷം കൂടുതലായി കേസില്‍ കുടുങ്ങി. 118 പേര്‍ അന്വേഷണം നേരിട്ടു. അതില്‍ ഏറ്റവും മുന്നില്‍ തൃണമൂലാണ്, 32. കോണ്‍ഗ്രസ് 26. അന്വേഷണം നേരിട്ടവരില്‍ നേതാക്കളും അവരുടെ അടുത്ത അനുയായികളും ഉള്‍പ്പെടുന്നു. സോണിയാഗാന്ധിയുടെയും അശോക് ഗലോട്ടിന്റെയും കമല്‍നാഥിന്റെയും അമരീന്ദര്‍ സിങ്ങിന്റെയും അനുയായികളാണ് ഇത്തരത്തില്‍ കുടുങ്ങിയത്.

ശാരദ ചിറ്റ് ഫണ്ട് കേസില്‍ നാരദ ഒളിക്കാമറ വിവാദമാണ് തൃണമൂലിനെ കുടുക്കിയത്. തൃണമൂലിലെ പാര്‍ത്ഥാ ചാറ്റര്‍ജിയും ഈ അടുത്ത കാലത്ത് കുടുങ്ങി.

കോണ്‍ഗ്രസ്സും തൃണമൂലും കഴിഞ്ഞാല്‍ കുടുങ്ങിയ പാര്‍ട്ടികളില്‍ മുന്നില്‍ ആര്‍ജെഡിയും ബിജെഡിയുമാണ്. ഇവ രണ്ടും യഥാക്രമം ബീഹാറും ഒഡീഷയും ഭരിക്കുന്ന പാര്‍ട്ടികളാണ്.

കേസുകളുടെ എണ്ണം: ടിഎംസി (30), കോണ്‍ഗ്രസ് (26), ആര്‍ജെഡി (10), ബിജെഡി (10), വൈഎസ്ആര്‍സിപി (6), ബിഎസ്പി (5), ടിഡിപി (5), എഎപി (4), എസ്പി (4), എഐഎഡിഎംകെ (4), സിപിഎം (4), എന്‍സിപി (3), എന്‍സി (2), ഡിഎംകെ (2), പിഡിപി (1), ടിആര്‍എസ് (1), സ്വതന്ത്രന്‍ (1).

ഇതിനുപുറമെ നിരവധി റെയ്ഡുകളും പരിശോധനകളുമാണ് പ്രതിപക്ഷത്തിനെതിരേ സിബിഐ നടത്തുന്നത്.

എന്‍ഡിഎ കാലത്ത് കടുങ്ങിയ പ്രധാന നേതാക്കള്‍ ഇവരാണ്: കുല്‍ദീപ് സിങ് സെന്‍ഗര്‍(ബിജെപി), പാര്‍ത്ഥാ ചാറ്റര്‍ജി(തൃണമൂല്‍), പി ചിദംബരം(കോണ്‍ഗ്രസ്), ആര്‍ കെ ജെന(ബിജെഡി), ലാലുപ്രസാദ് യാദവ്(ആര്‍ജെഡി), മായാവതി(ബിഎസ്പി), മനീഷ് സിസോദിയ(എഎപി),സ അവിനാഷ് റെഡ്ഢി(വൈഎസ്ആര്‍സിപി), വൈ എസ് ചൗധരി(ടിഡിപി) എന്നിവരാണ്. (അവലംബം: ഇന്ത്യന്‍ എക്‌സ്പ്രസ്)

Next Story

RELATED STORIES

Share it