Big stories

വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടില്ല; 'ലൗ ജിഹാദ്' കേസില്‍ നിര്‍ണായക നിലപാട് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി

''മതം കണക്കിലെടുക്കാതെ, അയാള്‍ക്ക് / അവള്‍ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയുമായി ജീവിക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും അന്തര്‍ലീനമാണ്,'' ഹൈക്കോടതി 14 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കി.

വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടില്ല; ലൗ ജിഹാദ് കേസില്‍ നിര്‍ണായക നിലപാട് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി
X

ലഖ്നൗ: മകളെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനെതിരേ മാതാപിതാക്കള്‍ സമര്‍പ്പിച്ച കേസ് അലഹബാദ് ഹൈക്കോടതി തള്ളി. 'ലൗ ജിഹാദ്' ആരോപണങ്ങളുടെ പേരില്‍ നിയമമിര്‍മാണം നടക്കുന്ന ഘട്ടത്തിലാണ് അലഹബാദ് ഹൈക്കോടതി ഒരുമിച്ചു ജീവിക്കാനുള്ള രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടില്ല എന്ന നിര്‍ണായക നിലപാട് വ്യക്താക്കി കേസ് തള്ളിയത്.

കഴിഞ്ഞ വര്‍ഷം ഇസ്‌ലാം മതം സ്വീകരിക്കുകയും അതിന് ശേഷം സലാമത്ത് അന്‍സാരി എന്ന് മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത പ്രിയങ്ക ഖര്‍വാറിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച കേസാണ് കോടതി റദ്ദാക്കിയത്. ''വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത് രണ്ട് വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്‍മേലുള്ള ഗുരുതരമായ കടന്നുകയറ്റമായിരിക്കും,'' എന്ന് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു, 'പ്രിയങ്ക ഖര്‍വാറിനെയും സലാമത്ത് അന്‍സാരിയെയും ഹിന്ദുവും മുസ്‌ലിമുമായാണ് ഞങ്ങള്‍ കാണുന്നത്, ഒരു വര്‍ഷത്തിലേറെയായി സമാധാനപരമായും സന്തോഷത്തോടെയും ജീവിക്കുന്ന രണ്ട് മുതിര്‍ന്ന വ്യക്തികളാണ് അവര്‍. അവരുടെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യത്തിനും തിരഞ്ഞെടുപ്പിനും വിരുദ്ധമായി തീരുമാനമെടുക്കാനാവില്ല. കോടതികളും ഭരണഘടനാ കോടതികളും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ പ്രത്യേകിച്ചും നിര്‍ദേശം നല്‍കിയിട്ടുണ്ട്, '' - വിവേക് അഗര്‍വാള്‍, പങ്കജ് നഖ്വി എന്നീ ജഡ്ജിമാരുള്ള ബെഞ്ച് പറഞ്ഞു.

കിഴക്കന്‍ യുപിയിലെ കുശിനഗറില്‍ താമസിക്കുന്ന സലാമത്ത് അന്‍സാരിയും പ്രിയങ്ക ഖര്‍വാറും മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹിതരായത്. പ്രിയങ്ക വിവാഹത്തിന് തൊട്ടുമുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച് അവളുടെ പേര് 'ആലിയ' എന്ന് മാറ്റി. അതേ മാസം തന്നെ പ്രിയങ്കയുടെ മാതാപിതാക്കള്‍ സലാമത്തിനെതിരെ കേസ് നല്‍കി. തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്തു എന്നായിരുന്നു പരാതി. വിവാഹിതരാകുമ്പോള്‍ തങ്ങളുടെ മകള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് അവകാശപ്പെട്ട് പോക്‌സോ നിയമപ്രകാരമുള്ള വകുപ്പും ഉള്‍പ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിച്ചത്. ''മതം കണക്കിലെടുക്കാതെ, അയാള്‍ക്ക് / അവള്‍ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയുമായി ജീവിക്കാനുള്ള അവകാശം, ജീവിക്കാനുള്ള അവകാശത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും അന്തര്‍ലീനമാണ്,'' ഹൈക്കോടതി 14 പേജുള്ള ഉത്തരവില്‍ വ്യക്തമാക്കി.

കേസില്‍ യുപി സര്‍ക്കാരിനും യുവതിയുടെ മാതാപിതാക്കള്‍ക്കുമായി ഹാജരായ അഭിഭാഷകര്‍ വിവാഹത്തിനുള്ള മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ടെന്ന് വാദിച്ചു. ഇത്തരം വിവാഹത്തിന് നിയമത്തില്‍ പവിത്രതയില്ല, അതിനാല്‍ ഈ കോടതി അത്തരം ദമ്പതികള്‍ക്ക് അനുകൂലമായി അസാധാരണമായ അധികാരപരിധി നടപ്പാക്കരുതെന്നും'അവര്‍ വാദമുയര്‍ത്തി. എന്നാല്‍ ഇതെല്ലാം നിരാകരിച്ച കോടതി വിവാഹസമയത്ത് സ്ത്രീ പ്രായപൂര്‍ത്തിയായ ആളാണെന്ന് സ്ഥാപിച്ചു. ''ഒരേ ലിംഗത്തിലുള്ള രണ്ടുപേരെ സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ നിയമം അനുവദിക്കുകയാണെങ്കില്‍, ഒരു വ്യക്തിക്കോ കുടുംബത്തിനോ സംസ്ഥാനത്തിനോ പോലും രണ്ട് പ്രധാന വ്യക്തികളുടെ ബന്ധത്തെ എതിര്‍ക്കാന്‍ അവകാശമില്ല. അവരുടെ സ്വന്തം ഇച്ഛാസ്വാതന്ത്ര്യം അനുസരിച്ച് ഒരുമിച്ച് ജീവിക്കുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, ഈ അവകാശം ലംഘിക്കുമ്പോള്‍ അത് ഭരണഘടന ഉറപ്പു നല്‍കിയ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാകുമെന്നും അലഹബാദ് ഹൈക്കോടതി വിധിച്ചു.

Next Story

RELATED STORIES

Share it