Big stories

അക്രമികളെ തടയുന്നതില്‍ പോലിസിന് വീഴ്ച; എസ്പിമാരെ വിമര്‍ശിച്ച് ഡിജിപി

വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി മുന്നറിയിപ്പ് നല്‍കി.

അക്രമികളെ തടയുന്നതില്‍ പോലിസിന് വീഴ്ച; എസ്പിമാരെ വിമര്‍ശിച്ച് ഡിജിപി
X

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട ഹര്‍ത്താലിന്റെ മറവില്‍ കേരളത്തിലുണ്ടായ അക്രമങ്ങളില്‍ എസ്പിമാര്‍ക്ക് ഡിജിപിയുടെ വിമര്‍ശനം. അക്രമസംഭങ്ങളെ സംബന്ധിച്ച് ഡിജിപി അടിയന്തര റിപോര്‍ട്ട് തേടി. മുന്‍കരുതല്‍ അറസ്റ്റ് നടത്തി അക്രമികളെ തടയുന്നതില്‍ ജില്ലാ പോലിസ് മേധാവികള്‍ വീഴ്ച വരുത്തിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. പോലിസ് വിന്യാസം കാര്യക്ഷമമായില്ല. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല. വീഴ്ചയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളില്‍ അക്രമസാധ്യത മുന്‍നിര്‍ത്തി മുഖ്യമന്ത്രിയുടെ സുരക്ഷാ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

അക്രമ സംഭവങ്ങള്‍ സംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപോര്‍ട്ട് എസ്പിമാര്‍ അവഗണിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയ ഡിജിപി, അടിയന്തരമായി റിപോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ കടകള്‍ തുറക്കാന്‍ തയ്യാറാവുകയും പോലിസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിട്ടും വ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന് കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ അടക്കം വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തടുക്കാന്‍ പോലിസിന് സാധിച്ചിരുന്നുമില്ല. ഇതെല്ലാം പോലിസിന്റെ വീഴ്ചയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി എസ്പിമാരെ അതൃപ്തിയറിയിക്കുകയും റിപോര്‍ട്ട് തേടുകയും ചെയ്തിരിക്കുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുനൂറിലധികം കേസുകള്‍ ഇതിനകം എടുത്തിട്ടുണ്ട്. 750 ഓളം ആളുകള്‍ അറസ്റ്റിലായി. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റുകള്‍ തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകും. ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും ഡിജിപി നിര്‍ദേശം നല്‍കി. അതേസമയം, കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമ സംഭവങ്ങളില്‍ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കി. സംഘര്‍ഷം നേരിടുന്നതില്‍ പോലിസിന് വീഴ്ചയുണ്ടായെന്നു റിപോര്‍ട്ടിലുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ കൂട്ടത്തോടെ അക്രമിക്കപ്പെട്ടത് ഇക്കാരണത്താലാണെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഠായിത്തെരുവില്‍ കടകള്‍ തുറന്ന വ്യാപാരികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും ഉണ്ടായ വ്യാപകമായ അക്രമങ്ങളില്‍ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. അക്രമകാരികളെ പോലിസ് തടഞ്ഞില്ലെന്നും പിടികൂടിയവരെ വിട്ടയച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപാരികള്‍ കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു.





Next Story

RELATED STORIES

Share it