Big stories

സെപ്റ്റിക് ടാങ്കില്‍ ശ്വാസം മുട്ടുന്ന ജീവിതം

സെപ്റ്റിക് ടാങ്കില്‍ ശ്വാസം മുട്ടുന്ന ജീവിതം
X

മുംബൈ: 2024 ഡിസംബര്‍ 30, അര്‍ച്ചന വികാസ് തകിനും കുടുംബത്തിനും ഒരു സാധാരണ ദിവസമായിരുന്നില്ല, അത് അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കാന്‍ പോകുന്ന നീണ്ട ദിവസങ്ങളിലേക്കുള്ള തുടക്കമായിരുന്നു. എല്ലാവരും പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് . എന്നാല്‍ 33 വയസ് മാത്രം പ്രായമുള്ള വികാസ് കിസാന്‍ തക് എന്ന യുവാവിന് ആ ദിവസം പതിവു ദിവസങ്ങളില്‍ ഒന്നു മാത്രമായിരുന്നു. പതിവുപോലെ, സുഹൃത്തുക്കള്‍ക്കൊപ്പം ജോലിക്കു പോയ വികാസ് പിന്നെ മടങ്ങി വന്നില്ല. കക്കൂസ് ടാങ്കില്‍ ശ്വാസം മുട്ടി മരിക്കുമ്പോള്‍ അയാള്‍ തന്റെ മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മുഖം ഓര്‍ത്തിട്ടുണ്ടാകണം.


ഇത് വികാസ് കിസാന്‍ തകിന്റെ മാത്രം കഥയല്ല, തോട്ടിപണി നിരോധിച്ചിട്ടും ആ പണിക്കിറങ്ങി ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട് നവി മുംബൈ ജീവിതങ്ങളുടെ കഥ കൂടിയാണ്.

ഡ്രൈവിങ് ഉള്‍പ്പെടെ നിരവധി ജോലികള്‍ വികാസ് ചെയ്തിരുന്നു. എന്നാല്‍ പണത്തിനുവേണ്ടി അയാള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും തോട്ടിപണി ചെയ്യാന്‍ നിര്‍ബന്ധിതനായി. അന്നത്തെ ദിവസം വികാസ് യഥാര്‍ഥത്തില്‍ കക്കൂസ് ടാങ്കില്‍ വീണ മൂന്നുപേരെ രക്ഷിക്കാന്‍ പോയതാണ്. എന്നാല്‍ രണ്ടു പേരെ രക്ഷിച്ചെങ്കിലും മൂന്നാമനെ രക്ഷിക്കുന്നതിനിടയില്‍ ടാങ്കില്‍വച്ച് അയാള്‍ക്ക് ശ്വാസം മുട്ടല്‍ ഉണ്ടായി. തുടര്‍ന്ന് കുഴഞ്ഞുവീണ വികാസിനെ അഗ്നിസേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. പുറത്തടുക്കുമ്പോള്‍ അയാള്‍ക്ക് ജീവനില്ലായിരുന്നുവെന്ന് പ്രദേശത്തുള്ളവര്‍ പറയുന്നു.


എന്നാല്‍ വികാസിന്റെ മരണശേഷം നടന്നതും ഭയാനകമായ സംഭവങ്ങളാണെന്ന് വികാസിന്റെ കുടുംബം പറയുന്നു. വികാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട കുടുംബത്തെ പോലിസ് ഭീഷണിപ്പെടുത്തി. എല്ലാം ഒതുക്കിത്തീര്‍ക്കാനുള്ള അധികൃതരുടെ ആദ്യശ്രമമായിരുന്നു അത്.

തോട്ടിപണി നിയമം മൂലം നിരോധിച്ച ഒരു രാജ്യത്ത് എത്രമാത്രം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കാന്‍ മുംബൈയിലെ ഈ ഒരൊറ്റ സംഭവം തന്നെ ധാരാളം. ഇവര്‍ക്കൊന്നും ഈ പണിയെടുക്കാന്‍ ഒരു തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്.


2025 മെയ് വരെ, തോട്ടിപ്പണി മൂലം ഏകദേശം 30 മരണങ്ങളാണ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തത്. 2022 ലും 2023 ലും അഴുക്കുചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കിയതുമൂലം 150 മരണങ്ങള്‍ ഉണ്ടായതായി ഔദ്യോഗിക സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കണക്കുകളേക്കാള്‍ കൂടുതലാണ് യാഥാര്‍ഥ കണക്കുകള്‍ എന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു. പല സംഭവങ്ങളിലും കുടുംബങ്ങള്‍ വ്യക്തികളുടെ മരണശേഷം കേസിനു പേകും. എന്നാല്‍ കേസ് നീണ്ടു പോകുക എന്നല്ലാതെ യാതൊരു ഫലവും ഉണ്ടാകാറില്ലെന്നും അവര്‍ പറയുന്നു.

വികാസിന്റെ മരണത്തില്‍ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് അയാളുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നത് വൈകിക്കുന്നതിനു കാരണമാകുമെന്ന് ശുചീകരണതൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ജന്‍ ഹക് സമിതിയുടെ സ്ഥാപകരില്‍ ഒരാളായ ശുഭം കോത്താരി പറയുന്നു. ഒരോ കുടുംബത്തിനും നഷ്ടപ്പെടുന്നത് അവര്‍ സ്‌നേഹിക്കുന്നവരെയാണ്. ആ നഷ്ടം നികത്താവുന്നതല്ലെങ്കിലും നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

2013ലെ തോട്ടിപ്പണി നിരോധന നിയമവും അവരുടെ പുനരധിവാസ നിയമവും അനുസരിച്ച്, ഇന്ത്യയിലുടനീളമുള്ളതുപോലെ മുംബൈയിലും തോട്ടിപ്പണി നിയമവിരുദ്ധമാണ്. മുംബൈ ഉള്‍പ്പെടെയുള്ള പ്രധാന മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ ഇത് നിരോധിച്ചുകൊണ്ടുള്ള നിയമവും സുപ്രിംകോടതി ഉത്തരവും ഉണ്ടായിട്ടും, ഈ രീതി തുടരുകയാണ്. തോട്ടിപണിക്കുവേണ്ടി പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് രഹസ്യമായാണ് ചെയ്യുന്നതെന്ന് കോത്താരി പറയുന്നു.


മറ്റൊന്ന് തോട്ടിപണി ജാതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുതയാണ്. തോട്ടിപണിയെടുക്കുന്ന 97 ശതമാനം പേരും ദലിതരാണ്. അതില്‍തന്നെ, 42,594 പേര്‍ എസ്എസി വിഭാഗത്തിലും 421 പേര്‍ എസ്ടി വിഭാഗത്തിലും 431 പേര്‍ ഒബിസി വിഭാഗത്തിലും പെടുന്നു. ഏറ്റവും പുതിയ ഡാറ്റ പ്രകാരം മുംബൈയിലെ രണ്ട് വാര്‍ഡുകളില്‍മാത്രം തോട്ടിപണിയെടുക്കാന്‍ സന്നദ്ധരായവര്‍ മുന്നൂറിലധികം വരും.

വികാസിന്റെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ല, മുനിസിപ്പല്‍ അധികാരികളുടെ അവഗണനയ്ക്ക് ഉദാഹരണമാണ്. നിരവധി പേരാണ് ഇത്തരത്തില്‍ ഒരോ ദിവസവും മരിക്കുന്നത്. നാഗ്പദയിലെ ഒരു നിര്‍മ്മാണ സ്ഥലത്ത് വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ നിയമിച്ചതിനെ തുടര്‍ന്ന് നാലുപുരുഷന്മാര്‍ മരിച്ച വാര്‍ത്ത വന്നത് കഴിഞ്ഞ വര്‍ഷമാണ്. അതേ വര്‍ഷം തന്നെയാണ് ഉറാനിലെ ഒരു സെപ്റ്റിക് ടാങ്കില്‍ രണ്ടുതൊഴിലാളികളും മരിച്ചു.

വികാസിന്റെ മരണശേഷം, അര്‍ച്ചന വീട്ടുജോലികള്‍ എടുത്തും മറ്റുമായി കുടുംബം മുന്നോട്ടു കൊണ്ടുപോകാന്‍ പാടുപെടുകയാണ്. താങ്ങും പ്രതീക്ഷയും ഒരു ദിവസം കൊണ്ട് അവസാനിച്ചപ്പോള്‍ കുടുംബം മുഴുവനും അര്‍ച്ചനയെന്ന 23കാരിയിലേക്കൊതുങ്ങി. ഒറ്റക്ക് എങ്ങനെ കുടുംബം മുന്നോട്ടു കൊണ്ടുപോകും എന്നതിന് ഇതുവരെയും അവര്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. വീട്ടുപണിക്കുപോയും പറ്റാവുന്ന ജോലിയൊക്കെ കണ്ടെത്തിയും എങ്ങനെയെങ്കിലും തന്റെ മാതാവും കുഞ്ഞുങ്ങളുമടങ്ങുന്നവരുടെ വയറു നിറയ്ക്കണമെന്ന ചിന്ത മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ഇതിനിടയില്‍ മടങ്ങി വരാത്ത പിതാവിനുവേണ്ടി കാത്തിരിക്കുന്ന മക്കളെ എന്ത് പറഞ്ഞാശ്വസിപ്പിക്കും എന്നതിനുമാത്രം അവള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

അര്‍ച്ചനയെപോലെ ജീവിതം ആരംഭിച്ചിടത്തുതന്നെ നിന്നുപോയ നിരവധി സ്ത്രീകളുടേതുകൂടിയാണ് ഇപ്പോള്‍ ഈ നഗരം. എങ്ങുമെത്താത്ത പ്രായത്തില്‍ വിധവകളായ ഇവര്‍ തങ്ങളുടെ കുട്ടികളുടെ ഭാവിയില്‍ വളരെയധികം ആശങ്കാകുലരാണ്. വികാസിന്റെ പെണ്‍മക്കളെ നോക്കി നെടുവീര്‍പ്പിടുന്ന വികാസിന്റെ മാതാവിന്റെ കണ്ണീര്‍ വറ്റാത്ത മുഖം അവരില്‍ നിഴലിക്കുന്ന ഭീതി എത്രത്തോളമുണ്ടെന്ന് പറയും.


കടപ്പാട്: മക്തൂബ് മീഡിയ

Next Story

RELATED STORIES

Share it