Big stories

ഡൽഹി വംശീയാതിക്രമം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

നിരപരാധികളായ നിരവധി ആക്ടിവിസ്റ്റുകളേയും അറിയപ്പെടുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും പോലിസ് വേട്ടയാടുകയാണ്.

ഡൽഹി വംശീയാതിക്രമം: സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു
X

ന്യൂഡൽഹി: ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശീയാതിക്രമത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു. പൗരത്വ പ്രക്ഷോഭങ്ങൾ നേരെ നടന്ന വംശീയാതിക്രമത്തിൽ ഇരകളാക്കപ്പെട്ടവരെ വ്യാപകമായി വേട്ടയാടുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കൾ വ്യാഴാഴ്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടത്.

കോൺഗ്രസ് പാർട്ടി എംപി അഹമ്മദ് പട്ടേൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡി രാജ, ദ്രാവിഡ മുന്നേറ്റ കഴകം നേതാവും എംപിയുമായ കനിമൊഴി, രാഷ്ട്രീയ ജനതാദൾ എംപി മനോജ് ഝാ എന്നിവരാണ് രാഷ്ട്രപതിയെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചത്.

53 പേരുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയ വംശീയാതിക്രമത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനുപകരം, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ കേന്ദ്ര മന്ത്രി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിയെടുക്കാതെ, സമാധാനപരമായ സി‌എ‌എ-എൻ‌പി‌ആർ-എൻ‌ആർ‌സി പ്രതിഷേധങ്ങളെ ഈ അക്രമവുമായി ബന്ധിപ്പിക്കുന്ന തിരക്കഥ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിൽ തയാറാക്കുകയായിരുന്നുവെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

നിരപരാധികളായ നിരവധി ആക്ടിവിസ്റ്റുകളേയും അറിയപ്പെടുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും പോലിസ് വേട്ടയാടുകയാണ്. ഡൽഹി പോലിസിന്റെ ഇത്തരമൊരു ഗൂഡാലോചനയുടെ ഭാ​ഗമായി ഈ വംശീയാതിക്രമത്തിന്റെ കുറ്റവാളികളെ തിരിച്ചറിഞ്ഞ് ശിക്ഷിക്കുന്നതിൽ നിന്ന് അവർ വ്യതിചലിക്കുന്നു. ഈ അക്രമത്തിന് ഇരയായവരെ അറസ്റ്റുചെയ്യുന്നു, അതേസമയം കുറ്റവാളികളെ സ്വതന്ത്രരാക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

മെമ്മോറാണ്ടം സ്വീകരിച്ച കോവിന്ദ് അത് പരിശോധിക്കുമെന്ന് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ അഞ്ച് അംഗങ്ങൾ മാത്രമാണ് രാഷ്ട്രപതി ഭവൻ സന്ദർശിച്ചത്. അതിനാൽ ഈ മെമ്മോറാണ്ടവുമായി യോജിക്കുന്ന മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.

അക്രമത്തിന് പോലിസ് പങ്കാളികളാണെന്ന് പരസ്യമായി രേഖപ്പെടുത്തപ്പെട്ട വീഡിയോകളും നേതാക്കൾ രാഷ്ട്രപതിക്ക് മുന്നിൽ സമർപ്പിച്ചു. അക്രമത്തിനിടയിൽ റോഡിൽ പരിക്കേറ്റ് കിടക്കുന്ന ചെറുപ്പക്കാരെ യൂനിഫോം ധരിച്ച പോലിസുകാർ ആക്രമിക്കുകയും ദേശീയഗാനം ആലപിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നതായുള്ള അസ്വസ്ഥജനകമായ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാരുടെ പങ്ക് സംബന്ധിച്ച കുറ്റപത്രങ്ങളിലെ "ശ്രദ്ധേയമായ നിശബ്ദത" മെമ്മോറാണ്ടത്തിൽ പരാമർശിക്കുന്നുണ്ട്. അവർക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 2019 ഡിസംബർ മുതൽ രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലുക എന്ന മുദ്രാവാക്യം ഒരു മന്ത്രി ഉന്നയിക്കുന്നതുൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ സി‌എ‌എ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്നും ഡൽഹിയിലെ കലാപത്തിന് കാരണമായ ഗൂഡാലോചന നടത്തിയെന്നും ആരോപിക്കുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it