Big stories

ഡല്‍ഹി സംഘര്‍ഷം: 17 കേസുകളില്‍ പോലിസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന് കോടതി രേഖകള്‍; 12 കേസുകളില്‍ കൃത്രിമസാക്ഷികള്‍

ഡല്‍ഹി സംഘര്‍ഷം:   17 കേസുകളില്‍ പോലിസ് തെളിവുകള്‍ കെട്ടിച്ചമച്ചെന്ന് കോടതി രേഖകള്‍; 12 കേസുകളില്‍ കൃത്രിമസാക്ഷികള്‍
X

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തെ ഹിന്ദുത്വര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 17 എണ്ണത്തില്‍ പോലിസ് തെളിവുകള്‍ കെട്ടിച്ചമച്ചതായി കോടതികള്‍ കണ്ടെത്തി. പോലിസിന്റെ നിര്‍ദേശ പ്രകാരം പരാതി എഴുതി, പോലിസ് പറഞ്ഞത് പരാതിയില്‍ എഴുതി, സാങ്കല്‍പ്പിക സാക്ഷികളെ കൊണ്ടുവന്നു, ഇല്ലാത്ത തെളിവുകള്‍ കൊണ്ടുവന്നു, അന്വേഷണ ഉദ്യോഗസ്ഥന്റെ അധിക തെളിവുകള്‍, കൃത്രിമ അവകാശവാദങ്ങള്‍, 'സംഭവസ്ഥലത്തുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ അക്രമം കണ്ടു' തുടങ്ങിയവയാണ് പ്രധാന വ്യാജ തെളിവുകളെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ കുറഞ്ഞത് 53 പേര്‍ കൊല്ലപ്പെടുകയും 700ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് കോടതികള്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. മൊത്തം 695 കേസുകളില്‍ 116 എണ്ണത്തിലാണ് ഇതുവരെ വിധി പറഞ്ഞത്. 97 കേസുകളില്‍ പ്രതികളെ കോടതികള്‍ വെറുതെവിട്ടു. 19 കേസുകളില്‍ മാത്രമാണ് പ്രതികളെ ശിക്ഷിച്ചത്.

കുറഞ്ഞത് 12 കേസുകളിലെങ്കിലും പോലിസ് കൃത്രിമ സാക്ഷികളെയോ 'കെട്ടിച്ചമച്ചത്' എന്ന് തോന്നുന്ന തെളിവുകളോ അവതരിപ്പിച്ചിട്ടുണ്ടെന്ന് കോടതികള്‍ കണ്ടെത്തി. രണ്ടു കേസുകളിലെ സാക്ഷികള്‍ പോലിസ് നിര്‍ദേശിച്ച മൊഴി നല്‍കിയതാണെന്ന് കോടതിയെ അറിയിക്കുകയും ചെയ്തു. കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് പകരം കുറ്റപത്രം നല്‍കാനാണ് പോലിസ് ശ്രമിച്ചതെന്നും ഒരു കേസില്‍ രേഖകള്‍ കൃത്രിമമായി നിര്‍മിച്ചെന്നും കോടതികള്‍ നിരീക്ഷിക്കുകയുണ്ടായി.

ന്യൂ ഉസ്മാന്‍പൂര്‍ പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ ആറ് പ്രതികളെ കുറ്റവിമുക്തരാക്കി അഡീഷണല്‍ സെഷന്‍സ് ജഡ്ജി പര്‍വീണ്‍ സിംഗ് കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവില്‍ ഇങ്ങനെ പറഞ്ഞു: '' തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വലിയ വീഴ്ച്ച വരുത്തി. അത് പ്രതികളുടെ അവകാശങ്ങള്‍ വലിയതോതില്‍ ചവിട്ടി മെതിക്കുന്നതിന് കാരണമായി. കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കുക എന്നത് മാത്രമായിരുന്നു പോലിസിന്റെ ഉദ്ദേശ്യം. ഇത്തരം സംഭവങ്ങള്‍ അന്വേഷണ പ്രക്രിയയിലും നിയമവാഴ്ചയിലും ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്നു.''

ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷനിലെ അഞ്ചു കേസുകളിലും ഖജൂരി ഖാസ് പോലിസ് സ്‌റ്റേഷനിലെ നാലു കേസുകളിലും ഗോകുല്‍പുരി പോലിസ് സ്‌റ്റേഷനിലെ നാലു കേസുകളിലും ജ്യോതി നഗര്‍, ഭജന്‍പൂര, ന്യൂ ഉസ്മാന്‍പൂര്‍ എന്നിവിടങ്ങളിലെ ഓരോ കേസുകളിലും വ്യാജ തെളിവുകള്‍ ഉണ്ടെന്ന് കോടതികള്‍ കണ്ടെത്തി. ഇവയെല്ലാം വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സ്‌റ്റേഷനുകളാണ്. കാര്‍ക്കദൂമയിലെ കോടതികളാണ് ഈ കേസുകള്‍ പരിഗണിച്ചത്. തിരിച്ചറിയല്‍ പരേഡ് നടത്താത്തതിനാല്‍ രണ്ടു കേസുകളില്‍ ഒരാളെ പ്രതിയാക്കാന്‍ കാരണമായെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതി നിരീക്ഷണങ്ങള്‍

ജ്യോതിനഗര്‍ സ്‌റ്റേഷന്‍ കേസ് 86/20

''കുറ്റകൃത്യം കണ്ടുവെന്ന് പറയുന്ന സാക്ഷി യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് വ്യക്തമല്ല, അത് ഒരു സാങ്കല്‍പ്പിക സാക്ഷിയാവാനുള്ള സാധ്യത നിഷേധിക്കാനാവില്ല''

ഖജൂരി ഖാസ് സ്‌റ്റേഷന്‍- കേസ് 223/20

'' കേസിലെ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്ന സാക്ഷിയായ നൂര്‍ മുഹമ്മദിനെ പോലിസ് പ്രതിയാക്കി. ഈ കേസ് തീര്‍ക്കാന്‍ നൂര്‍ മുഹമ്മദിന്റെ മൊഴി വ്യാജമായും വൈകിയും ശേഖരിച്ച് തയ്യാറാക്കിയതാണെന്ന് തോന്നുന്നു..''

''പ്രതിയെ തിരിച്ചറിയാന്‍ പോലിസ് തിരിച്ചറിയല്‍ പരേഡ് നടത്താത്തതിനാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് തീര്‍ക്കാന്‍ നൂര്‍മുഹമ്മദിനെ കുറ്റവാളിയാക്കി കാണിച്ചെന്നും അനുമാനിക്കാം.''

ഖജൂരി ഖാസ് സ്‌റ്റേഷന്‍- കേസ് 150/20

'' ഈ സാഹചര്യത്തില്‍ കുറ്റാരോപിതയായ നൂറയെ കലാപകാരികളുടെ കൂട്ടത്തില്‍ കണ്ടെന്ന കോണ്‍സ്റ്റബിള്‍ രോഹ്താഷിന്റെ വാദം കൃത്രിമ അവകാശവാദം ആവാനുള്ള സാധ്യതയുണ്ട്.''

ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍: കേസ്-79/20

''പ്രതിയായ ജാവേദിന്റെ പങ്കാളിത്തത്തെക്കുറിച്ച് അറിവ് ലഭിച്ച സമയത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ കൃത്രിമ പ്രസ്താവന നടത്തുകയായിരിക്കാം... ഒമ്പതാം പ്രോസിക്യൂഷന്‍ സാക്ഷിയുടെ അത്തരം തെറ്റായ അവകാശവാദം കാണിക്കുന്നത് അദ്ദേഹം പോലും ജനക്കൂട്ടത്തെ ശരിയായി കണ്ടതായി കൃത്രിമ പ്രസ്താവന നടത്തിയെന്നാണ്.''

ഗോകല്‍പുരി പോലിസ് സ്റ്റേഷന്‍: കേസ് 95/2020

'' പോലിസ് കൊണ്ടുവന്ന ദൃക്‌സാക്ഷികളുടെ മൊഴിയിലെ സ്ഥിരതയും ചില കാര്യങ്ങള്‍ ഒഴിവാക്കലും അവര്‍ ഒരു നിശ്ചിത പ്രസ്താവന നടത്താനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു... ആ സാഹചര്യം സംഭവത്തിന് സാക്ഷ്യം വഹിച്ചതായി കൃത്രിമമായി അവകാശപ്പെടാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു...''

ദയാല്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍- കേസ് 132/20

'' കേസിലെ പ്രതിയായ അക്രമിനെ തിരിച്ചറിഞ്ഞെന്ന ഏഴാം പ്രോസിക്യൂഷന്‍ സാക്ഷിയുടെ അവകാശവാദം കൃത്രിമമാണെന്ന് ഈ സാഹചര്യം തെളിയിക്കുന്നു.''

ദയാല്‍പൂര്‍ പോലിസ് സ്റ്റേഷന്‍: കേസ് 125/20

'' പ്രതി രാജ്കുമാര്‍ എന്ന ഗോലെയെ 20ാം പ്രോസിക്യൂഷന്‍ സാക്ഷിക്ക് അറിയാമായിരുന്നെങ്കില്‍ തന്നെ രഹസ്യമായി അറിയിക്കണമായിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വാദം അസംബന്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശവാദം കൃത്രിമമാണെന്ന് തോന്നുന്നു.''

ഗോകല്‍പുരി പോലിസ് സ്റ്റേഷന്‍: കേസ് 41/2020

'' ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോട്ടോകള്‍ ആറാം സാക്ഷിയെ കാണിക്കുന്നത് അസ്വാഭാവിക നടപടിയാണെന്ന് തോന്നുന്നു, പ്രതികളെ തിരിച്ചറിയാന്‍ അയാളെ കൃത്രിമമായി ദൃക്സാക്ഷിയാക്കി എന്ന ധാരണ നല്‍കുന്നു.''

ഗോകല്‍പുരി പോലിസ് സ്റ്റേഷന്‍: കേസ് 126/2020

''ഈ കേസില്‍ വളരെ മുമ്പ് അറസ്റ്റ് ചെയ്ത പ്രതികളുടെ ചിത്രങ്ങള്‍ ആറാം സാക്ഷിയേയും എട്ടാം സാക്ഷിയേയും കാണിച്ചത് അസ്വാഭാവിക നടപടിയാണെന്ന് തോന്നുന്നു, പ്രതികളെ തിരിച്ചറിയാന്‍ ഈ രണ്ട് പോലിസ് ഉദ്യോഗസ്ഥരെയും കൃത്രിമമായി ദൃക്സാക്ഷികളാക്കിയതായി ധാരണ നല്‍കുന്നു.''

ഗോകല്‍പുരി പോലിസ് സ്റ്റേഷന്‍: കേസ് 114/2020

''ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോട്ടോകള്‍ ഒമ്പതാം സാക്ഷിയെ കാണിക്കുന്നത് അസ്വാഭാവിക നടപടിയായി തോന്നുന്നു, പ്രതികളെ തിരിച്ചറിയാന്‍ ഒമ്പതാം സാക്ഷിയെ കൃത്രിമമായി ഒരു ദൃക്സാക്ഷിയാക്കി എന്ന ധാരണ നല്‍കുന്നു.'

ന്യൂ ഉസ്മാന്‍പൂര്‍ പോലിസ് സ്റ്റേഷന്‍: കേസ് 99/20

''...കേസ് തീര്‍ക്കാന്‍ വേണ്ടി മാത്രം, പ്രതിയുടെ മേല്‍ ഒരു വ്യാജ കേസ് ചുമത്തിയിരിക്കുന്നു, കേസിലെ ഏക ദൃക്സാക്ഷിയായ ഹെഡ്‌കോണ്‍സ്റ്റബിള്‍ വികാസിനെ വിശ്വസിക്കാനാവില്ല.''

ജാഫറാബാദ് പോലിസ് സ്‌റ്റേഷന്‍: കേസ് 115/20

'' കുറ്റകൃത്യം നടന്നതിന് ഒന്നും രണ്ടും പ്രോസിക്യൂഷന്‍ സാക്ഷികളാണ് ദൃക്‌സാക്ഷികള്‍. പക്ഷേ, പ്രതിയെ കലാപകാരികളുടെ കൂട്ടത്തില്‍ കണ്ടെന്ന് ഇരുവരും നിഷേധിച്ചു, കൂടാതെ പരാതിയിലെ വിശദാംശങ്ങള്‍... പോലിസിന്റെ നിര്‍ദ്ദേശപ്രകാരം എഴുതിയതാണെന്നും പ്രസ്താവിച്ചു.''

ദയാല്‍പൂര്‍ പോലിസ് സ്റ്റേഷന്‍:108/20

'' ഈ സാക്ഷിയുടെ മൊഴി... മൂന്ന് പ്രതികളുടെയും മാതാപിതാക്കളുടെ പേര് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാമര്‍ശിച്ചിട്ടുണ്ടെന്ന് കാണിക്കും. അത്തരമൊരു സാഹചര്യം രണ്ട് സാധ്യതകളിലേക്ക് നയിക്കുന്നു. ഒന്നുകില്‍ 27ാം സാക്ഷി കോടതിയില്‍ ശരിയായി മൊഴി നല്‍കിയില്ല അല്ലെങ്കില്‍ സിആര്‍പിസി സെക്ഷന്‍ 161 പ്രകാരമുള്ള അദ്ദേഹത്തിന്റെ മൊഴി ഈ കേസിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ അറിവിന്റെ രേഖയായിരുന്നില്ല, പകരം കൂടുതല്‍ വസ്തുതകള്‍ ചേര്‍ത്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറാക്കിയതാണ്.''

ഖജൂരി ഖാസ് സ്‌റ്റേഷന്‍- കേസ് 150/20

'' ...പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്ന പത്താം സാക്ഷിയെ കുറിച്ച് തനിക്ക് മുന്നേ അറിയാമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിശയകരമെന്നു പറയട്ടെ, അദ്ദേഹം അത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല... 2020 ഏപ്രില്‍ രണ്ടിന് അദ്ദേഹം പ്രതിയെ തിരിച്ചറിഞ്ഞത് ഒരുപക്ഷേ ഒരു ചിന്താപരമായ സംഭവവികാസത്തിന്റെ ഫലമായിരിക്കാം..''

ഭജന്‍പുര പോലിസ് സ്റ്റേഷന്‍ കേസ്-181/20

''ഈ രണ്ട് ഇരകളും/പരിക്കേറ്റ ഉദ്യോഗസ്ഥരും പ്രതികളെ തിരിച്ചറിയുന്ന പ്രക്രിയ സംശയത്തിന്റെ നിഴലിലാണ്...'

ദയാല്‍പൂര്‍ പോലിസ് സ്റ്റേഷന്‍: 78/20

''...സാക്ഷിയുടെ മൊഴിയുമായി ബന്ധപ്പെട്ട് കേസ് ഡയറിയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടാകാം.''

Next Story

RELATED STORIES

Share it