Big stories

ഹിമാചല്‍ മണ്ണിടിച്ചില്‍: രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണസംഖ്യ 19 ആയി

എന്‍ഡിആര്‍എഫ്, ഐടിബിപി, പോലിസ്, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘമാണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തിരച്ചില്‍ നടത്തിവരുന്നത്. കാണാതായ സ്വകാര്യവാഹനങ്ങളുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഹിമാചല്‍ മണ്ണിടിച്ചില്‍: രണ്ട് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരണസംഖ്യ 19 ആയി
X

ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗറിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ കുടുങ്ങിയ രണ്ടുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇതോടെ ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. കിന്നൗറിലെ നിഗുല്‍സാരിയില്‍ നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനിടെ കുടുങ്ങിക്കിടന്ന വാഹനങ്ങളില്‍നിന്ന് ആളുകളുടെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഹിന്ദുസ്ഥാന്‍- ടിബറ്റ് ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ട്രക്കും ബസ്സും ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളാണ് പൂര്‍ണമായും തകര്‍ന്നത്. ഏകദേശം 20 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ആദ്യ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ഓപറേഷനില്‍ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്‌പെഷ്യല്‍ സെക്രട്ടറി സുദേഷ് മൊക്ത പറഞ്ഞു. എന്‍ഡിആര്‍എഫ്, ഐടിബിപി, പോലിസ്, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംഘമാണ് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള തിരച്ചില്‍ നടത്തിവരുന്നത്. കാണാതായ സ്വകാര്യവാഹനങ്ങളുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, ബസ്സിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് 18 മുതല്‍ 20 വരെയാളുകളെ കാണാതായതായി ജില്ലാ ഭരണകൂടം ഇപ്പോഴും സംശയിക്കുന്നു.

ബന്ധുക്കള്‍ ഉറ്റവര്‍ക്കായി പ്രദേശത്ത് കാത്തിരിക്കുകയാണ്. തിരച്ചില്‍ സംഘങ്ങളെ സഹായിക്കാന്‍ സ്‌നിഫര്‍ ഡോഗുകളെ വിന്യസിക്കാന്‍ പോലിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്- ഒരു എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഇന്ന് രാവിലെ പുറത്തുവന്ന ദൃശ്യങ്ങള്‍ അനുസരിച്ച് ലഹൗള്‍ സ്പിത്തിയിലെ ചെനാബ് നദിയുടെ ഒഴുക്ക് (ചന്ദ്രബാഗ എന്നും അറിയപ്പെടുന്നു) സാധാരണ നിലയിലായിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള 11 ഗ്രാമങ്ങളിലുള്ളവര്‍ താല്‍ക്കാലികമായി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.

തദ്ദേശവാസികള്‍ക്ക് അപകടമൊന്നുമുണ്ടായിട്ടില്ല- ഡിസി ലഹൗള്‍ സ്പിതി നീരജ് കുമാര്‍ പറഞ്ഞു. മലയിടിഞ്ഞ് വീണതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ നദിയുടെ ഒഴുക്ക് തടഞ്ഞത്. ഇത് സമീപത്തെ വീടുകള്‍ക്കും കാര്‍ഷിക വയലുകള്‍ക്കും ഭീഷണിയായി വലിയ തടാകമായി രൂപപ്പെടുകയും ചെയ്തു. ആളപായമോ പരിക്കുകളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ചെനാബിലെ ജലപ്രവാഹം സാധാരണ നിലയിലായതില്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ സംതൃപ്തി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it