Big stories

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് സെയില്‍സ്മാനെ ചുട്ടുകൊന്നു

കമല്‍ കിഷോര്‍ കടയ്ക്കുള്ളിലായിരിക്കുമ്പോള്‍ രാത്രി പെട്രോള്‍ ഒഴിച്ച് മദ്യക്കടയ്ക്ക് തീയിട്ടെന്നു സഹോദരന്‍ രൂപ സിങ് ആരോപിച്ചു

ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് സെയില്‍സ്മാനെ ചുട്ടുകൊന്നു
X
ജയ്പൂര്‍: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട ദലിത് യുവാവിനെ ചുട്ടുകൊന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ മദ്യവില്‍പ്പന ഷോറൂമില്‍ സെയില്‍സ്മാനായിരുന്ന ജഡ്ക ഗ്രാമവാസിയായ കമല്‍കിഷോറി(22)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാത്രി കമ്പൂര്‍ ഗ്രാമത്തില്‍ കണ്ടെത്തിയത്. മദ്യക്കടയിലെ ഫ്രീസറില്‍ നിന്ന് കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു. അഞ്ച് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനാണ് മദ്യ കരാറുകാരായ സുഭാഷ്, രാകേഷ് യാദവ് എന്നിവര്‍ കമല്‍ കിഷോറിനെ ജീവനോടെ ചുട്ടുകൊന്നതെന്ന് സഹോദരന്‍ രൂപ സിങ് ഖൈര്‍ത്താല്‍ പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ പരാതിയില്‍ പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവശേഷം പ്രതികള്‍ ഒളിവിലാണ്. നിയമവും ക്രമസമാധാനവും ഇല്ലാത്ത ആഫ്രിക്കയിലെ സോമാലിയയിലാണ് ഞങ്ങള്‍ താമസിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് തന്റെ സ്ഥാനം നിലനിര്‍ത്താന്‍ എന്തെങ്കിലും അവകാശമുണ്ടോയെന്ന് ക്രൈം ക്യാപിറ്റല്‍ രാജസ്ഥാന്‍ എന്ന ഹാഷ്ടാഗോടെ ബിജെപി നേതാവ് ട്വീറ്റ് ചെയ്തു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് രാജസ്ഥാനിലെ ഒരു ക്ഷേത്ര പുരോഹിതനെ ജീവനോടെ ചുട്ടുകൊന്നിരുന്നു.

കമല്‍ കിഷോറിന്റെ മൃതദേഹവും കൊല്ലപ്പെട്ട സ്ഥലവും ഫോറന്‍സിക് സംഘം സന്ദര്‍ശിച്ചതായും കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമേ സ്ഥിതി വ്യക്തമാകൂവെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസമായി കമല്‍ കിഷോറിന്റെ ശമ്പളം നല്‍കയിരുന്നില്ലെന്ന് സഹോദരന്‍ രൂപ സിങ് ആരോപിച്ചു. അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നതോടെ ശനിയാഴ്ച വൈകീട്ട് കരാറുകാരും സഹപ്രവര്‍ത്തകരുമെത്തി കൂട്ടിക്കൊണ്ടുപോയി. കമല്‍ കിഷോര്‍ കടയ്ക്കുള്ളിലായിരിക്കുമ്പോള്‍ രാത്രി പെട്രോള്‍ ഒഴിച്ച് മദ്യക്കടയ്ക്ക് തീയിട്ടെന്നും അദ്ദേഹം ആരോപിച്ചു. ഞായറാഴ്ച രാവിലെ ഷട്ടറുകള്‍ തുറന്നപ്പോഴാണ് കമല്‍ കിഷോറിനെ ഫ്രീസറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കരാറുകാരെ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഖൈര്‍ത്താല്‍ സാറ്റലൈറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച വൈകീട്ട് വരെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കുടുംബം അനുവദിച്ചിരുന്നില്ല. ഒരു ദിവസത്തെ തര്‍ക്കത്തിനു ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറിയത്.

Dalit salesman 'burnt alive' in Raj over salary dues



Next Story

RELATED STORIES

Share it