Big stories

കര്‍ണാടകയിലും ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

ഈ സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായി തുടരുന്നത് അനീതി

കര്‍ണാടകയിലും ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു
X

ബെംഗളൂരു: കശ്മീര്‍ വിഷയത്തില്‍ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് കണ്ണന്‍ ഗോപിനാഥന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചതിനു പിന്നാലെ കര്‍ണാടകയിലും സമാന രാജി. ദക്ഷിണ കന്നഡ ജില്ലയില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന യുവ ഐഎഎസ് ഓഫിസര്‍ ശശികാന്ത് സെന്തിലാണ് രാജിവച്ചത്. 2009 ബാച്ച് ഐഎഎസ് ഓഫിസറും തമിഴ്‌നാട് സ്വദേശിയുമായ ശശികാന്ത് സെന്തില്‍, രാജ്യത്ത് മുമ്പില്ലാത്ത വിധം ജനാധിപത്യം സന്ധി ചെയ്യുപ്പെടുകയാണെന്നും രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നുമാണ് രാജിക്കത്ത് നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്കു നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.

വൈവിധ്യങ്ങളെ സ്വീകരിച്ചിരുന്ന നമ്മുടെ ജനാധിപത്യം അടിസ്ഥാന ഘടകങ്ങള്‍ മുമ്പില്ലാത്ത വിധം സന്ധി ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാരില്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായി തുടരുന്നത് അനീതിയാണെന്നു കരുതുന്നതിനാലാണ് രാജിയെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ അടിസ്ഥാന ഘടനയ്ക്കു നേരെ കുടുതല്‍ ശക്തമായ വെല്ലുവിളികള്‍ ഉയരും. ഇത്തരമൊരു ഘട്ടത്തില്‍ സിവില്‍ സര്‍വീസിന് പുറത്തിരുന്നത് പ്രവര്‍ത്തിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെങ്കിലും ഡെപ്യൂട്ടി കമ്മീഷണര്‍ എന്ന നിലയിലോ അല്ലാതെയോ ആയ കാരണങ്ങളാലാണ് രാജിവയ്ക്കുന്നതെന്ന് സൂചിപ്പിക്കുന്നില്ല. മാത്രമല്ല, ദക്ഷിണ കന്നഡയിലെ ജനങ്ങളും പ്രതിനിധികളും തന്നോട് അങ്ങേയറ്റം സഹകരിച്ചിട്ടുണ്ടെന്നും സേവനം അവസാനിപ്പിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.


രാജി തീരുമാനത്തില്‍ നിന്ന് ചില സുഹൃത്തുക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആലോചിച്ചെടുത്ത തീരുമാനമായിരുന്നുവെന്ന് സെന്തില്‍ മറുപടി പറഞ്ഞതായി ഐഎഎസ് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറഞ്ഞു. റായ്ചൂരില്‍ ഡെപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷം 2017 ഒക്ടോബറിലാണ് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്. പ്രളയകാലത്ത് അവധിയെടുത്ത് എറണാകുളത്തെ കലക്്ഷന്‍ സെന്ററുകളിലെത്തിയ ഐഎഎസ് ഓഫിസര്‍ കണ്ണന്‍ ഗോപിനാഥന്‍, ജമ്മുകശ്മീരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന മൗലികാവകാശനിഷേധങ്ങള്‍ക്കെതിരേ അഭിപ്രായം പ്രകടിപ്പിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വേണ്ടി രാജിവച്ചിരുന്നു. യുവ ഐഎഎസ് ഉദ്യോഗസ്ഥനും ദാദ്ര നഗര്‍ ഹവേലിയിലെ ഊര്‍ജ സെക്രട്ടറിയുമായ കണ്ണന്‍ ഗോപിനാഥന്റെ രാജി രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യത്തെ മൗലികാവകാശ നിഷേധങ്ങള്‍ക്കെതിരേ പ്രതികരിച്ച് മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടി രാജിവച്ചിരിക്കുന്നത്.



Next Story

RELATED STORIES

Share it