Big stories

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് മാന്‍ഡസ് ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു
X

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മാന്‍ഡസ് ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ കരതൊട്ടു. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലെയും ആന്ധാപ്രദേശിലെയും തീരമേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈ- പുതുച്ചേരി റോഡിലെ മഹാബലിപുരത്താണ് കാറ്റ് കരതൊട്ടത്. കനത്ത കാറ്റിനെത്തുടര്‍ന്ന് ചെന്നൈയില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകി വീണു. കല്‍പ്പാക്കത്തെ ചിന്നപ്പുക്കം, പെരിയപ്പുക്കം തുടങ്ങിയ മേഖലകളില്‍ വീടുകള്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ നിര്‍ത്തിയിട്ടുന്ന അമ്പതോളം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

200ലധികം ആളുകളെ ക്യാംപുകളിലേക്ക് മാറ്റി. മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെ തമിഴ്‌നാട് തീരംതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇരുന്നൂറോളം മരങ്ങള്‍ കടപുഴകിയതായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ കമ്മിഷണര്‍ ഗഗന്‍ദീപ് സിങ് ബേദി പറഞ്ഞു.

ഇവ മാറ്റാനുള്ള നടപടികള്‍ രാത്രി തന്നെ ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോകുന്നവരെ രക്ഷിക്കാനായി തീരദേശ സേനയുടെ 11 സംഘങ്ങളാണുള്ളത്. ചുഴലിക്കാറ്റിന് മുന്നോടിയായി വീശിയ കാറ്റിലും തുടര്‍ന്ന് പെയ്ത മഴയിലും ചെന്നൈയുള്‍പ്പെടെ കടലോര പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളംകയറി. വിഴുപുരം, പുതുച്ചേരി, കാഞ്ചീപുരം, ചെന്നൈ തുടങ്ങിയ ജില്ലകളിലെ കടലോര മേഖലകളിലെ വീടുകളിലാണ് വെള്ളം കയറിയത്.

ചെന്നൈയില്‍ പട്ടിനപ്പാക്കത്തെ വീടുകളില്‍ വെള്ളം കയറി. പല കുടിലുകള്‍ക്കും കേടുപാടുകള്‍ പറ്റി. കടലോര മേഖലകളില്‍ കുടിലുകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി താമസിപ്പിച്ചു. വിഴുപുരത്ത് മരക്കാനം, കോട്ടക്കുപ്പം പ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷമായി. നിരവധി വീടുകളിലേക്ക് വെള്ളം കയറി. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

വിഴുപുരം ജില്ലയില്‍ മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന 90 ഗ്രാമങ്ങളുണ്ട്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെത്തുടര്‍ന്ന് കാറ്റിന്റെ വേഗം കൂടിയതിനാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മല്‍സ്യത്തൊഴിലാളികള്‍ കടലിലിറങ്ങിയിട്ടില്ല. മഹാബലിപുരത്ത് വീശിയ കനത്തകാറ്റില്‍ കരയോരങ്ങള്‍ ഇടിഞ്ഞു. ചെങ്കല്‍പ്പെട്ട് ജില്ലയില്‍ കടലോര മേഖലകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. നാഗപട്ടണത്ത് കടലേറ്റത്തില്‍ കടലോര മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന 12 ഗ്രാമങ്ങളില്‍ വെള്ളം കയറി.

തിരുനെല്‍വേലിയില്‍ തീരദേശത്ത് കടല്‍ ഉള്‍വലിഞ്ഞു. ശക്തമായ കാറ്റിനൊപ്പം മഴയും പെയ്യുന്നതിനാല്‍ കടലോര ജില്ലകള്‍ ഭീതിയിലാണ്. ബംഗളൂരുവില്‍ ഡിസംബര്‍ 12 വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മണ്ടൂസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ ചെങ്കല്‍പട്ട്, വില്ലുപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ മൂന്ന് ജില്ലകളില്‍ ഐഎംഡി ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാറ്റിന്റെ വേഗം കൂടിയതിനാല്‍ ചെന്നൈയില്‍നിന്ന് വെള്ളിയാഴ്ച ഉച്ചമുതല്‍ രാത്രിവരെ സര്‍വീസ് നടത്തേണ്ട 25 വിമാനം റദ്ദാക്കിയിരുന്നു. തിരുവനന്തപുരം, കൊളംബോ, ഗുവാഹാട്ടി, കോയമ്പത്തൂര്‍, പോര്‍ട്ട്‌ബ്ലെയര്‍, തിരുച്ചിറപ്പള്ളി, സിലിഗുഡി കൊച്ചി, ഡല്‍ഹി, ബെംഗളൂരു, ധാക്ക, ജയ്പുര്‍ എന്നിവിടങ്ങളിലേക്ക് പോവുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.

Next Story

RELATED STORIES

Share it