Big stories

ലഹരിക്കടത്തിലെ സിപിഎം ബന്ധം; നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

drug trafficking

ലഹരിക്കടത്തിലെ സിപിഎം ബന്ധം; നിയമസഭയില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം
X

തിരുവനന്തപുരം: സിപിഎം നേതാവിന്റെ വാഹനത്തില്‍ നിന്ന് ഒരുകോടി രൂപയുടെ ലഹരി പിടികൂടിയ സംഭവം നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നേതാവിനെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിച്ച മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മയക്കുമരുന്ന് ലഹരി സംഘങ്ങളെ സംരക്ഷിക്കാന്‍ ഒരു പാര്‍ട്ടി തയ്യാറായാല്‍ കേരളം ഇല്ലാതായിപ്പോവും. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയാണ് മയക്കുമരുന്ന് കേസിലെ സിപിഎം നേതാവിന്റെ പങ്ക് പുറത്തുവരാന്‍ പോലും കാരണമായതെന്നും പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍, കരുനാഗപ്പള്ളി കേസില്‍ സിപിഎം കൗണ്‍സിലര്‍ ഷാനവാസിനെ പ്രതിയാക്കാന്‍ തെളിവ് കിട്ടിയില്ലെന്നായിരുന്നു മന്ത്രി രാജേഷിന്റെ മറുപടി. പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണ്. ഒരു കേസിലും പ്രതികളുടെ രാഷ്ട്രീയം നോക്കുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ രീതിയെന്നും രാഷ്ട്രീയ ബന്ധം നോക്കി പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ഇടത് നയമല്ലെന്നും രാജേഷ് മറുപടി നല്‍കി. ലഹരി കേസുകളില്‍ കര്‍ശന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

കേരളത്തില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നത് നേരിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ലഹരിക്കെതിരായ പോരാട്ടം ജനകീയ പങ്കാളിത്തം സര്‍ക്കാര്‍ ഉറപ്പാക്കി. മയക്കുമരുന്ന് കേസില്‍ 228 സ്ഥിരം പ്രതികള്‍ക്കെതിരേ നിയമനടപടിയുണ്ടായെന്നും മന്ത്രി വിശദീകരിച്ചു. കരുനാഗപ്പള്ളി ലഹരി കേസില്‍ അന്വേഷണം നടക്കുകയാണ്. ഇത് വരെ ലോറി ഉടമയെ (സിപിഎം കൗണ്‍സിലര്‍) പ്രതിയാക്കാന്‍ തെളിവ് കിട്ടിയില്ല. തെളിവ് ലഭിച്ചാല്‍ ലോറി ഉടമയെയും പ്രതിയാക്കും. ലോറി ഉടമ ആയ നഗരസഭാ അംഗത്തെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല.

പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പ്രതിപക്ഷവും പ്രതിപക്ഷത്തിന് വേണ്ടി ആര്‍ത്തുവിളിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നാല്‍ ഒരാളെ പ്രതിയാക്കാനാവില്ല. തെളിവ് ഉണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല. ആരെങ്കിലും പറയുന്നത് കേട്ട് പ്രതിയാക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ലഹരിക്കടത്ത് കേസില്‍ ഷാനവാസിനെ പ്രതിയാക്കിയെ പറ്റൂവെന്ന് പ്രതിപക്ഷം പറഞ്ഞു. മാത്യുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ ഭരണപക്ഷം രംഗത്തുവന്നതോടെ സഭയില്‍ ബഹളമായി.

മാത്യുവിന്റെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. സിപിഎമ്മിനെക്കുറിച്ച് എന്ത് അസംബന്ധവും പറയാമെന്ന മാത്യു കുഴല്‍നാടന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും എന്തിനും അതിര് വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടാണോ മാത്യു പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതോടെ സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കം ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലായി. എന്തിനും അതിര് വേണമെന്നും അത് ലംഘിച്ച് പോവരുതെന്നും മുഖ്യമന്ത്രി മാത്യു കുഴല്‍നാടിനോട് ക്ഷുഭിതനായി പറഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത്.

കൃത്യമായ തെളിവുകളോടെയാണ് മാത്യു കുഴല്‍ നാടന്‍ സഭയില്‍ പ്രസംഗിച്ചതെന്നും എന്തും വിളിച്ചുപറയുന്ന ഒരാളെ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ഏല്‍പ്പിച്ചെന്ന് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തിരിച്ചടിച്ചു. മാത്യുവിന്റെ പരാമര്‍ശങ്ങള്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയുള്ളതാണെന്നും ഈ വിഷയം സഭയില്‍ ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് താനാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. മാത്യു കുഴല്‍നാടനെ പ്രശംസിക്കുന്നതായും സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it