Big stories

കൊവിഡ് 19: വിവിധ സംസ്ഥാനങ്ങളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കുകള്‍ -കേരളം-1500, ഒഡീഷ-400

രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഒഡീഷയില്‍ ടെസ്റ്റിന് ചെലവ് 400 രൂപ മാത്രം. സ്വകാര്യ ലബോറട്ടറികളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ വില സംസ്ഥാന സര്‍ക്കാര്‍ 1200 ല്‍ നിന്ന് 400 രൂപയായി കുറച്ചു.

കൊവിഡ് 19:  വിവിധ സംസ്ഥാനങ്ങളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കുകള്‍  -കേരളം-1500, ഒഡീഷ-400
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പരിശോധനാ കിറ്റുകള്‍ക്ക് വില കുറഞ്ഞ സാഹചര്യത്തില്‍ നിരക്കുകള്‍ കുറച്ച് ഏകീകരിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ഥ നിരക്കാണ് കൊവിഡ് ആടിപിസിആര്‍ പരിശോധനക്ക് ഈടാക്കുന്നത്. ഒഡീഷയിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ ഡിസംബര്‍ രണ്ട് മുതല്‍ 400 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനക്ക് ഒഡീഷയില്‍ ഈടാക്കുന്നത്. സ്വകാര്യ ലാബുകളിലും ഈ നിരക്ക് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

കേരളത്തില്‍ ഇന്ന് മുതല്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതനുസരിച്ച് ആര്‍ടിപിസിആര്‍ (ഓപണ്‍) ടെസ്റ്റിന് 1,500 രൂപ നല്‍കണം.

ആര്‍ടിപിസിആര്‍ (ഓപണ്‍) 2750 രൂപ, ട്രൂ നാറ്റ് 3,000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3,000 രൂപ എന്നിങ്ങനെയാണ് ആരംഭത്തില്‍ നിരക്ക് നിശ്ചയിച്ചിരുന്നത്.

എന്നാല്‍, പിന്നീട് ആര്‍ടിപിസിആര്‍ (ഓപണ്‍) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2,100 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, ജീന്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റ് 2,500 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബര്‍ മാസത്തില്‍ നിരക്ക് കുറച്ചത്. മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചത്.

ഡല്‍ഹിയില്‍ 800 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക്. 2400 രൂപയായിരുന്നത് നവംബര്‍ 30 മുതല്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ 800 രൂപയായി കുറച്ചു. ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് നടത്തുന്ന സ്വകാര്യ ടെസ്റ്റിങ് സെന്ററില്‍ 499 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്.

അതേസമയം, രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഒഡീഷയില്‍ ടെസ്റ്റിന് ചെലവ് 400 രൂപ മാത്രം. സ്വകാര്യ ലബോറട്ടറികളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ വില സംസ്ഥാന സര്‍ക്കാര്‍ 1200 ല്‍ നിന്ന് 400 രൂപയായി കുറച്ചു.

നേരത്തെ, സ്വകാര്യ ലാബുകളും ആശുപത്രികളും നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ വില ജൂലൈ 3, ആഗസ്ത് 25 തീയതികളില്‍ രണ്ടുതവണ വെട്ടിക്കുറച്ചിരുന്നു. ചെലവ് 4500 രൂപയില്‍ നിന്ന് 2200 രൂപയായും പിന്നീട് 1200 രൂപയായും കുറച്ചിരുന്നു.

ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ സ്വകാര്യ ലബോറട്ടറികള്‍ നടത്തുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റിന് പരമാവധി 400 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് ജിഎസ്ടിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെയാണ്. ടെസ്റ്റിങ് കിറ്റുകളുടെയും മറ്റ് സാധനങ്ങളുടെയും വില കുറച്ചതിനെത്തുടര്‍ന്ന് പരിശോധനാ ചെലവ് കുറച്ചതായി ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി കെ മോഹന്‍പത്ര പറഞ്ഞു. ആര്‍ടിപിസിആര്‍ കിറ്റിന്റെ വില നേരത്തെ 1200 രൂപയായിരുന്നത് ഇപ്പോള്‍ 46 രൂപയാണ്.

ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റിന്റെ വിലയും കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കിറ്റുകള്‍ക്കും മറ്റ് ആക്‌സസറികള്‍ക്കുമായി ലാബുകള്‍ക്ക് പരമാവധി 200 രൂപ ചെലവഴിക്കേണ്ടിവരും. ടെസ്റ്റ് വിലയിലെ കുറവ് സംസ്ഥാനത്ത് പരിശോധന വേഗത്തിലാക്കാന്‍ സഹായിക്കും. എന്നിരുന്നാലും, വീട്ടില്‍ നിന്ന് സാംപിളുകള്‍ എടുക്കുന്നതിനുള്ള ചെലവ് ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും മോഹന്‍പാത്ര കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ലാബുകളില്‍ 980 രൂപയും കൊവിഡ് കെയര്‍ സെന്ററുകളില്‍ 1400 രൂപയുമാണ് നിരക്ക്.

ഉത്തരാഖണ്ഡില്‍ 850 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്. ഉത്തര്‍പ്രദേശില്‍ ആര്‍ടിപിസിആര്‍ നിരക്ക് 1600 രൂപയില്‍ നിന്ന് 600 രൂപയായി കുറച്ചു. കര്‍ണാടകയില്‍ 1200 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്. ആന്ധ്രാപ്രദേശില്‍ 1600 രൂപയും തെലങ്കാനയില്‍ 850 രൂപയുമാണ് ആര്‍ടിപിസിആര്‍ നിരക്ക്. പശ്ചിമ ബംഗാളില്‍ 2250 രൂപയില്‍ നിന്ന് 1500 ആയി കുറച്ചു. ഗുജറാത്തിലും 1500 രൂപയാണ് ആര്‍ടിപിസിആര്‍ നിരക്ക്. രാജസ്ഥാനില്‍ 2200 രൂപയില്‍ നിന്ന് 1200 ആയി കുറച്ചു.

Next Story

RELATED STORIES

Share it