Big stories

കോടതി റിപോര്‍ട്ടിങ് ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം; മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രിംകോടതി

മാധ്യമറിപോര്‍ട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും സുപ്രിംകോടതി അറിയിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപോര്‍ട്ടുകളെക്കുറിച്ചുള്ള പരാതികള്‍ അവസാനിപ്പിക്കണം. ആര്‍ട്ടിക്കിള്‍ 19 പൗരന്‍മാര്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല, മാധ്യമങ്ങള്‍ക്ക് ഈ അവകാശം നല്‍കുകയും ചെയ്യുന്നു.

കോടതി റിപോര്‍ട്ടിങ് ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്ര്യം; മാധ്യമങ്ങളെ വിലക്കാനാവില്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കോടതി നടപടികള്‍ സംബന്ധിച്ച മാധ്യമറിപോര്‍ട്ടുകള്‍ ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രിംകോടതി. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കഴിയില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അവര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നുമുള്ള മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരായ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

മാധ്യമറിപോര്‍ട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നതിനേക്കാള്‍ സ്വന്തം പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കേണ്ടതെന്നും സുപ്രിംകോടതി അറിയിച്ചു. ഭരണഘടനാ സ്ഥാപനങ്ങള്‍ മാധ്യമ റിപോര്‍ട്ടുകളെക്കുറിച്ചുള്ള പരാതികള്‍ അവസാനിപ്പിക്കണം. ആര്‍ട്ടിക്കിള്‍ 19 പൗരന്‍മാര്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല, മാധ്യമങ്ങള്‍ക്ക് ഈ അവകാശം നല്‍കുകയും ചെയ്യുന്നു. മാധ്യമങ്ങളെ ചൂഷണം ചെയ്യുകയെന്നത് പ്രതിലോമകരമായിരിക്കുമെന്നും സുപ്രിം കോടതി പറഞ്ഞു.

കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ യാതൊരു അര്‍ത്ഥവുമില്ല. ജുഡീഷ്യറിയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത് അനിവാര്യമാണ്. കോടതികളുടെ പ്രവര്‍ത്തനം ജനങ്ങളുടെ അവകാശവുമായി നേരിട്ട് ബന്ധപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ കോടതി നടപടികള്‍ റിപോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ല. കോടതികളിലേക്കുള്ള പ്രവേശനം ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ വിലപ്പെട്ട ഒരു സംരക്ഷണമാണ്. മാധ്യമസ്വാതന്ത്രവും ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒരുവശമാണെന്നും സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍മപ്പെടുത്തി.

സാങ്കേതിക മേഖലയിലെ വളര്‍ച്ച കാരണം കോടതിയില്‍ നടക്കുന്ന നടപടികള്‍ ഇപ്പോള്‍ നവമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി തല്‍സമയം ജനങ്ങളിലെത്തുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ട. മറിച്ച് ആഘോഷിക്കുകയാണ് വേണ്ടതെന്നും സുപ്രിംകോടതി അഭിപ്രായപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കടുത്തതും അനുചിതമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ജുഡീഷ്യറികള്‍ സംയമനം പാലിക്കണം. തെറ്റായ വ്യാഖ്യാനങ്ങള്‍ക്കിടയാവുന്ന പരാമര്‍ശങ്ങളില്‍നിന്ന് ജുഡീഷ്യറികള്‍ സംയമനം പാലിക്കണം. ഭരണഘടനാ ധാര്‍മികതയ്ക്ക് ജുഡീഷ്യറിയുടെ ഭാഷ പ്രധാനമാണ്. ജുഡീഷ്യറി നടത്തുന്ന നിരീക്ഷണത്തിന്റെ ശക്തി വളരെ ഉയര്‍ന്നതാണ്. അതൊരു അടിസ്ഥാന ഘടന സൃഷ്ടിക്കുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് നടത്തിവരികയാണ്. എന്നിരുന്നാലും വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളും ജനങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുള്ള ചുമതലയാണ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ഈ പരാമര്‍ശം അന്തിമവിധിയില്‍ ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജി തള്ളികൊണ്ട് സുപ്രിംകോടതി വ്യക്തമാക്കി. കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കരുതെന്നും കോടതി വിധിയില്‍ പറയുന്ന കാര്യങ്ങള്‍ മാത്രം റിപോര്‍ട്ട് ചെയ്താല്‍ മതിയെന്ന് നിര്‍ദേശിക്കണമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും തിരഞ്ഞെടുപ്പ് റാലികളും പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചതിനെതിരേയാണ് മദ്രാസ് ഹൈക്കോടതി രംഗത്തുവന്നിരുന്നത്.

Next Story

RELATED STORIES

Share it