യെദ്യൂരപ്പയുടെ കോഴക്കണക്കുകളുടെ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് വാര്‍ത്താസമ്മേളനത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒറിജിനല്‍ ഡയറി തന്റെ പക്കലുണ്ടെന്നും ആവശ്യമായി വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ കോഴക്കണക്കുകളുടെ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയാവാന്‍ ബിഎസ് യെദ്യൂരപ്പ് 2000 കോടി കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവായി കോണ്‍ഗ്രസ് നേരത്തെ പുറത്തുകൊണ്ടുവന്ന ഡയറിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി പദത്തിനായി യെദ്യൂരപ്പ, ബിജെപി നേതാക്കള്‍ക്ക് 2000 കോടി രൂപ നല്‍കിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍, ആരോപണം നിഷേധിച്ച ബിജെപിയും യെദ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് ആരോപിച്ചു. ഡയറിയുടെ അസല്‍ പുറത്തുവിടാന്‍ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഒറിജിനല്‍ ഡയറി തന്റെ പക്കലുണ്ടെന്നും ആവശ്യമായി വന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ രൂപ നല്‍കിയതായി കാരാവന്‍ മാസിക വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു. മോദി, അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ് തുടങ്ങി നിരവധി ബിജെപി നേതാക്കളുടേയും ജഡ്ജിമാരുടേയും പേരുകള്‍ ഡയറിയില്‍ ഉണ്ട്.

രാജ്‌നാഥ്‌സിങിന് 100 കോടിരൂപയും മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടിവീതവും കൈമാറി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് പാരിതോഷികമെന്ന നിലയില്‍ 10 കോടികൂടി സമ്മാനിച്ചതായും ഡയറിയില്‍ വെളിപ്പെടുത്തലുണ്ട്.

യെദ്യൂരപ്പ പ്രതിയായിരുന്ന അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്ത ജഡ്ജിമാര്‍ക്ക് 200 കോടി കോഴയും ഹാജരായ അഭിഭാഷകര്‍ക്ക് 50 കോടി പ്രതിഫലവും നല്‍കിയതായും ഡയറിയില്‍ പറയുന്നു.ഡയറി തെളിവായി സ്വീകരിച്ച് ലോക്പാല്‍ സ്വമേധയാ യെദ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2008 മെയ് മുതല്‍ 2011 മെയ് വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ കര്‍ണാടക നിയമസഭയുടെ 2009ലെ ഔദ്യോഗിക ഡയറിയില്‍ കന്നട ഭാഷയില്‍ സ്വന്തം കൈപ്പടയിലാണ് കോഴവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.


RELATED STORIES

Share it
Top