Big stories

12 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; നാല് സീറ്റില്‍ തര്‍ക്കം രൂക്ഷം

വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാവും. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ധാരണയായത്. ശശി തരൂര്‍ (തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), എം കെ രാഘവന്‍ (കോഴിക്കോട്) എന്നീ സിറ്റിങ് എംപിമാര്‍ വീണ്ടും മല്‍സരിക്കും.

12 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി; നാല് സീറ്റില്‍ തര്‍ക്കം രൂക്ഷം
X

ന്യൂഡല്‍ഹി: കേരളത്തിലെ 12 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി. രൂക്ഷമായ തര്‍ക്കം മൂലം നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് പൂര്‍ത്തിയായില്ല. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാവും. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ധാരണയായത്. ശശി തരൂര്‍ (തിരുവനന്തപുരം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), എം കെ രാഘവന്‍ (കോഴിക്കോട്) എന്നീ സിറ്റിങ് എംപിമാര്‍ വീണ്ടും മല്‍സരിക്കും.

എറണാകുളത്ത് കെ വി തോമസിന് സീറ്റ് നല്‍കിയില്ല. പകരം ഹൈബി ഈഡന്‍ എംഎല്‍എ ലോക്‌സഭയിലേക്ക് മല്‍സരിക്കും. വയനാട് സീറ്റിനെച്ചൊല്ലിയാണ് രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്്ദുല്‍ മജീദ്, കെ മുരളീധരന്‍ എംഎല്‍എ, ടി സിദ്ദീഖ്, വി പ്രകാശ് എന്നിവരുടെ പേരുകളാണ് വയനാടിന്റെ സാധ്യതാ പട്ടികയിലുള്ളത്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മല്‍സരിക്കുമെന്ന് ഏകദേശം ഉറപ്പായിരുന്നെങ്കിലും ഗ്രൂപ്പുതര്‍ക്കം മൂലം അന്തിമതീരുമാനത്തിലെത്താനായിട്ടില്ല. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനായിരുന്നു മുന്‍തൂക്കമെങ്കിലും എ എ ഷുക്കൂറിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന അഭിപ്രായമാണുയര്‍ന്നിട്ടുള്ളത്.

കാസര്‍കോഡ് അപ്രതീക്ഷിതമായാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സ്ഥാനാര്‍ഥിയാവുന്നത്. വി സുബ്ബരയ്യയുടെ പേരാണ് അവസാനംവരെ കേട്ടിരുന്നത്. വയനാടിനായി എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അവകാശവാദമുന്നയിച്ച് രംഗത്തെത്തി. ടി സിദ്ദിഖിന് വേണ്ടി എ ഗ്രൂപ്പും ഷാനിമോള്‍ ഉസ്മാന് വേണ്ടി ഐ ഗ്രൂപ്പുമാണ് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത്. ഇതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വിജയസാധ്യത കണക്കാക്കുന്ന വയനാട് സീറ്റ് ടി സിദ്ദീഖിന് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വയനാട് ഐ ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റാണെന്നും ഷാനിമോള്‍ ഉസ്മാനോ കെ പി അബ്ദുല്‍ മജീദിനോ സീറ്റ് നല്‍കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഗ്രൂപ്പുതര്‍ക്കം മൂലം ഒറ്റഘട്ടമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കഴിയാതെ വന്നിരിക്കുന്നത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ അതിനായി ഇനി സ്‌ക്രീനിങ് കമ്മിറ്റി കൂടുകയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് പ്രത്യേക ദൗത്യവുമായി അടിയന്തരമായി ആന്ധ്രയ്ക്ക് അയച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയില്‍ പങ്കെടുക്കാതിരുന്നത്. സീറ്റുകളുടെ കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍


തിരുവനന്തപുരം: ശശി തരൂര്‍

പത്തനംതിട്ട: ആന്റോ ആന്റണി

മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്

എറണാകുളം: ഹൈബി ഈഡന്‍

ഇടുക്കി: ഡീന്‍ കുര്യാക്കോസ്

തൃശൂര്‍: ടി എന്‍ പ്രതാപന്‍

ചാലക്കുടി: ബെന്നി ബെഹന്നാന്‍

കോഴിക്കോട്: എം കെ രാഘവന്‍

കണ്ണൂര്‍: കെ സുധാകരന്‍

പാലക്കാട്: വി കെ ശ്രീകണ്ഠന്‍

ആലത്തൂര്‍: രമ്യ ഹരിദാസ്

കാസര്‍കോഡ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍



Next Story

RELATED STORIES

Share it