Big stories

ഹിന്ദു ഐക്യവേദിയുടെ പരാതി; 81 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ

ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിലുള്ള പെരുവന്‍ മല ശിവ ക്ഷേത്ര ഭൂമി സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി നീങ്ങിയത്. പരാതിയെ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ച് സര്‍വേ നടത്തിയത്.

ഹിന്ദു ഐക്യവേദിയുടെ പരാതി; 81 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ
X

തൃശൂർ: ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്ന് 81 കുടുംബങ്ങൾ കുടിയിറക്ക് ഭീഷണിയിൽ. മുപ്പത്തിയാറ് ദലിത് കുടുംബങ്ങളടക്കം പിന്നാക്ക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. എഴുപത് വർഷത്തിലേറെയായി കുന്നംകുളം താലൂക്കിലെ കൊച്ചിന്‍ വേസ്വം ബോര്‍ഡിൻറെ ഭൂമി കയ്യേറിയാണ് ദരിദ്ര കുടുംബങ്ങൾ താമസിക്കുന്നതെന്നാണ് ആരോപണം.

തൃശൂർ കുന്നംകുളത്തെ പെരുവൻമലയിലെ കൊച്ചിന്‍ വേസ്വം ബോര്‍ഡിന്റെ അധീനതയിലുളള ഭൂമിയാണെന്ന് കാണിച്ചാണ് 81 കുടുംബങ്ങള്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. കുന്നംകുളം താലൂക്കിലെ എരനെല്ലൂര്‍, ചിറനെല്ലൂര്‍ വില്ലേജുകളുടെ പരിധിയിലുള്ള കുടുംബങ്ങള്‍ക്കാണ് ഒഴിഞ്ഞു പോവണമെന്ന് നിര്‍ദേശിച്ച് നോട്ടീസ് വിതരണം ചെയ്തത്. പതിനഞ്ച് ദിവസത്തിനകം സ്ഥലം ഒഴിഞ്ഞു പോവണമെന്നും അല്ലാത്ത പക്ഷം പോലിസ് സംവിധാനത്തെ ഉപയോഗിച്ച് കുടിയിറക്കുമെന്നും സ്ഥാവരജംഗമ വസ്തുക്കള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് കണ്ടുകെട്ടുമെന്നുമാണ് നോട്ടീസിലെ അന്ത്യശാസനം.

എഴുപത് വർഷത്തിലേറെയായി പ്രദേശത്ത് വീട് വച്ച് താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷവും നിര്‍ധന കുടുംബങ്ങളാണ്. പെരുവന്‍ മല മഹാദേവ ക്ഷേത്രത്തിൻറെ ഭൂമി കയ്യേറിയെന്ന് കാണിച്ചാണ് ദേവസ്വം ബോര്‍ഡ് അന്തിമ നടപടികളിലേക്ക് കടന്നത്. ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തിലുള്ള പെരുവന്‍ മല ശിവ ക്ഷേത്ര ഭൂമി സംരക്ഷണ സമിതിയാണ് കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടികളുമായി നീങ്ങിയത്. പരാതിയെ തുടര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാറെ നിയമിച്ച് സര്‍വേ നടത്തിയത്. സര്‍വേയില്‍ ദേവസ്വം ബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയതായി കണ്ടെത്തിയിരുന്നു.

ഇവിടം വിട്ടൊഴിഞ്ഞു പോകേണ്ടവരിൽ ഒരു നൂറ്റാണ്ടിലധികമായി ഇവിടെ താമസിച്ചു വരുന്ന കുടുംബക്കാരുണ്ട്. മറ്റാളുകളില്‍ നിന്ന് പണം കൊടുത്ത് ഭൂമി വാങ്ങിയവരുമുണ്ട്. നിർധന വിഭാഗങ്ങൾ ആയതുകൊണ്ട് തന്നെ എല്ലാവര്‍ക്കും മൂന്ന് സെന്റും നാല് സെന്റുമൊക്കെയാണ് ഭൂമിയായുള്ളത്. ചുരുക്കം ചിലർക്ക് മാത്രമാണ് 20 സെന്റ് ഭൂമിയുള്ളത്. 36 കുടുംബങ്ങള്‍ ദലിത് വിഭാഗത്തില്‍ ഉള്ളവരാണ്. 17 മുസ്‌ലിം കുടുംബങ്ങളും മുപ്പതില്‍ താഴെ ക്രിസ്ത്യന്‍ കുടുംബങ്ങളുമാണ്.

ക്ഷേത്രഭൂമിയോട് ചേര്‍ന്ന് മറ്റു മതസ്ഥർ താമസിക്കുന്നതില്‍ ക്ഷേത്രസമിതിക്കാര്‍ പണ്ടും പല അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടുള്ളതായി കുടിയിറക്ക് ഭീഷണി നേരിടുന്നവർ പറയുന്നു. പല രീതിയില്‍ ഇവിടെ സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ സംഘപരിവാരം ശ്രമിച്ചതായും ആരോപണം ഉയരുന്നുണ്ട്. കുടിയിറക്കിനെതിരേ സിപിഎം നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരത്തിലാണ് കുടുംബങ്ങൾ. അതുകൊണ്ടുതന്നെ സർക്കാർ അനുഭാവ പൂർവം ഇടപെടുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.

Next Story

RELATED STORIES

Share it