Big stories

റോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്‌ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍ ചാരന്‍മാരെ നിയോഗിച്ചു; മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരേ പുതിയ തെളിവുകള്‍

'ഏരിയാ ക്ലിയറന്‍സ്' എന്നായിരുന്നു ഈ ഗൂഢപദ്ധതിക്ക് സൈനികര്‍ നല്‍കിയ വിശേഷണം. ഒരു യോഗത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ വംശീയ അധിക്ഷേപം ആവര്‍ത്തിച്ച് പ്രയോഗിച്ചതായി രേഖകള്‍ പറയുന്നു.

റോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്‌ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍ ചാരന്‍മാരെ നിയോഗിച്ചു; മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിനെതിരേ പുതിയ തെളിവുകള്‍
X

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ ജനതയെ വംശഹത്യ ചെയ്യാന്‍ മ്യാന്‍മര്‍ സൈനിക ഭരണകൂടം വര്‍ഷങ്ങള്‍ക്ക് മുമ്പേ പദ്ധതിയിട്ടതിന്റെ പുതിയ തെളിവുകള്‍ പുറത്ത്. റോഹിന്‍ഗ്യന്‍ ജനതയെ മ്യാന്‍മര്‍ ഭരണകൂടം പുറത്താക്കിയതിന്റെയും അതിനായി സൈനികര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന തെളിവുകളാണിവ. റോഹിന്‍ഗ്യന്‍ വംശഹത്യാ കേസില്‍ മ്യാന്‍മറിന്റെ സൈനിക ഭരണകൂടത്തെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) പ്രോസിക്യൂട്ട് ചെയ്യുന്നതിനായി യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ ജസ്റ്റിസ് ആന്റ് അക്കൗണ്ടബിലിറ്റി (സിജെഎ) എന്ന സംഘടനയാണ് പുതിയ തെളിവുകള്‍ സമര്‍പ്പിച്ചത്.


മുസ്‌ലിം ന്യൂനപക്ഷത്തെ ആസൂത്രിതമായി പൈശാചികവല്‍ക്കരിക്കുന്നതും റോഹിന്‍ഗ്യകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതിന് മിലിഷിയകളെ സംഘടിപ്പിക്കുന്നതിലെ സൈന്യത്തിന്റെ പങ്കും റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപോര്‍ട്ട് വ്യക്തമാക്കുന്നു. റോഹിന്‍ഗ്യന്‍ സമൂഹത്തെ രാജ്യത്തുനിന്ന് പുറത്താക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം നടത്തിയ കരുനീക്കങ്ങളും അവരുടെ നുണപ്രചാരണങ്ങളും കമ്മീഷന്‍ 25,000 ഓളം വരുന്ന ഔദ്യോഗിക രേഖകളുടെ പിന്‍ബലത്തില്‍ തുറന്നുകാട്ടി. 2017 മധ്യത്തിലാണ് മ്യാന്‍മറില്‍ നിന്ന് കുറച്ച് അകലെ മുതിര്‍ന്ന ബര്‍മീസ് സൈനിക മേധാവികള്‍ ന്യൂനപക്ഷമായ റോഹിന്‍ഗ്യന്‍ മുസ്‌ലിം ജനസംഖ്യയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യചര്‍ച്ചകള്‍ നടത്തിയത്.


റോഹിന്‍ഗ്യന്‍ ഗ്രാമങ്ങളില്‍ ചാരന്‍മാരെ തിരുകിക്കയറ്റുന്നതിനുള്ള വഴികള്‍ അവര്‍ ചര്‍ച്ച ചെയ്തു. അതുവഴി മുസ്‌ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. 'ഏരിയാ ക്ലിയറന്‍സ്' എന്നായിരുന്നു ഈ ഗൂഢപദ്ധതിക്ക് സൈനികര്‍ നല്‍കിയ വിശേഷണം. ഒരു യോഗത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ വംശീയ അധിക്ഷേപം ആവര്‍ത്തിച്ച് പ്രയോഗിച്ചതായി രേഖകള്‍ പറയുന്നു. റോഹിന്‍ഗ്യകള്‍ക്ക് വിദേശബന്ധമുണ്ടെന്നായിരുന്നു ആരോപണം. ചിലര്‍ 'ബംഗാളികള്‍' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്. അവര്‍ 'വളരെ ധൈര്യശാലി' കളാണെന്നും മറ്റൊരു യോഗത്തില്‍ റോഹിന്‍ഗ്യകള്‍ വളരെയധികം വളര്‍ന്നുവെന്നും സൈനികര്‍ പറഞ്ഞു.


രഹസ്യയോഗങ്ങള്‍ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് ശേഷം, മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യകള്‍ക്കെതിരേ ക്രൂരമായ അടിച്ചമര്‍ത്തല്‍ ആരംഭിച്ചു. ഇതോടെ ഏഴുലക്ഷം റോഹിന്‍ഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. വംശീയ ഉന്‍മൂലനത്തിന്റെ ആസൂത്രിത പരിപാടിയല്ല, മുസ്‌ലിം തീവ്രവാദികളുടെ ആക്രമണത്തില്‍ നിന്ന് ആരംഭിച്ച നിയമാനുസൃതമായ തീവ്രവാദ വിരുദ്ധ കാംപെയിനായിരുന്നു ഈ ഓപറേഷന്‍ എന്നാണ് സൈന്യം ന്യായീകരിച്ചത്. രാജ്യത്തിന്റെ സിവിലിയന്‍ നേതാവും സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചി സൈന്യത്തിന് കുടപിടിക്കുന്ന സമീപനമാണ് പിന്തുടര്‍ന്നത്. സൈന്യത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഭൂരിഭാഗവും അവര്‍ തള്ളിക്കളഞ്ഞു.


അഭയാര്‍ഥികള്‍ അതിക്രമങ്ങള്‍ പെരുപ്പിച്ച് കാട്ടിയിരിക്കാമെന്നും സുരക്ഷാ സേനയ്‌ക്കെതിരേ വിമര്‍ശനങ്ങള്‍ 'തെളിവില്ലാത്ത വിവരങ്ങളെ' അടിസ്ഥാനമാക്കിയുള്ളതാണെന്നുമാണ് സൂചി പറഞ്ഞത്. എന്നാല്‍, റോഹിന്‍ഗ്യകളെ പുറത്താക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിലെ ഔദ്യോഗിക രേഖകള്‍ ഉന്‍മൂലനം വ്യക്തമാക്കുന്നതാണ്. മ്യാന്‍മറിലെ റാഖൈന്‍ പ്രദേശത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റോഹിന്‍ഗ്യകളുടെ വേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. റാഖൈന്‍ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്ത് നേരിയ ഭൂരിപക്ഷമാണെങ്കിലും കൂടുതലും ബുദ്ധമത വിഭാഗമായ റാഖൈന്‍ വംശവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവര്‍ ന്യൂനപക്ഷമാണ്. അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരായാണ് രാജ്യത്തെ ഭൂരിപക്ഷ ബുദ്ധമതക്കാരായ ദേശീയവാദികള്‍ റോഹിന്‍ഗ്യകളെ കാണുന്നത്.

2017 ആഗസ്തിലെ റോഗിന്‍ഗ്യന്‍ വംശഹത്യയുടെ പേരില്‍ ലോകത്തെ അമ്പരപ്പിച്ച ക്രൂരതകളാണ് നടമാടിയത്. കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും തീയില്‍ എറിയപ്പെടുന്ന കുട്ടികളുടെയും കരളലിയിക്കുന്ന കാഴ്ചകളാണ് അഭയാര്‍ഥികള്‍ വിവരിക്കുന്നത്. നൂറുകണക്കിന് റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യയാണെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനം ബുദ്ധമതക്കാരായ മ്യാന്‍മറില്‍ പലരും സൈന്യത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. സൈനികരുടെ അതിക്രമങ്ങള്‍ നടത്തിയെന്നത് നിഷേധിക്കുകയും റോഹിന്‍ഗ്യകളാണ് സ്വന്തം വീടുകള്‍ കത്തിച്ചതെന്ന് വാദിക്കുകയും ചെയ്തു.

അരനൂറ്റാണ്ട് നീണ്ട സൈനിക ഭരണത്തിന് ശേഷം 2015 ല്‍ അധികാരത്തില്‍ വന്ന സൂചിയും സൈനികരെ തള്ളിയില്ല. അതിക്രമങ്ങളെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ 'തെറ്റായ വിവരങ്ങളടങ്ങിയ മഞ്ഞുമല' എന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായതെന്ന് റിപോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു. റോഹിന്‍ഗ്യകളെ പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ ചില ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. കഴിഞ്ഞ നാല് വര്‍ഷമായി യുദ്ധക്കുറ്റ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ മ്യാന്‍മര്‍ സൈനിക ഭരണകൂടത്തെ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ സമാഹരിക്കാന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയാണ്.

2013 മുതല്‍ 2018 വരെയുള്ള കാലയളവിലെ രേഖകള്‍ ബര്‍മീസ് അധികാരികളില്‍ നിന്നുണ്ടായ റോഹിന്‍ഗ്യകളുടെ പീഡനത്തെക്കുറിച്ചുള്ള നേര്‍ക്കാഴ്ചകളാണ്. പ്രത്യേകിച്ച് 2016 ലും 2017 ലും നടന്ന രണ്ട് 'ക്ലിയറന്‍സ് ഓപറേഷനുകള്‍'. ഇതുവഴി ഏകദേശം എട്ടുലക്ഷം റോഗിന്‍ഗ്യകളെയാണ് പുറത്താക്കിയത്. ബോസ്‌നിയ, റുവാണ്ട, കംബോഡിയ എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അന്താരാഷ്ട്ര ക്രിമിനല്‍ അഭിഭാഷകരാണ് നിര്‍ണായക രേഖകള്‍ ശേഖരിച്ചത്. 2018ല്‍ ജോലി ആരംഭിച്ചശേഷം ഏകദേശം 25,000 പേജുകളുള്ള ഔദ്യോഗിക രേഖകളാണ് ലഭിച്ചത്. റോഹിന്‍ഗ്യകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ 2019ലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടറെ അനുവദിച്ച് ഉത്തരവായത്. ജൂലൈയില്‍ മ്യാന്‍മര്‍ സമര്‍പ്പിച്ച എതിര്‍പ്പുകള്‍ തള്ളി കോടതി കേസ് തുടരാന്‍ അനുമതി നല്‍കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it