Big stories

കോയമ്പത്തൂര്‍ സ്‌ഫോടന ഗൂഢാലോചനക്കേസ്: മഅ്ദനി ഉള്‍പ്പെടെ നാലുപേരെ കോടതി വെറുതെവിട്ടു

കോയമ്പത്തൂര്‍ സ്‌ഫോടന ഗൂഢാലോചനക്കേസ്: മഅ്ദനി ഉള്‍പ്പെടെ നാലുപേരെ കോടതി വെറുതെവിട്ടു
X

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ നാലുപേരെ കോടതി വെറുതെവിട്ടു. കേസിലെ ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡില്‍ വാട്ടര്‍ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടില്‍ എ ടി മുഹമ്മദ് അശ്‌റഫ്, രണ്ടാം പ്രതി പയ്യാനക്കല്‍ പന്നിയങ്കര മുല്ലവീട്ടില്‍ എം വി സുബൈര്‍, മൂന്നാം പ്രതി മലപ്പൂറം നിലമ്പൂര്‍ സ്വദേശി അയ്യപ്പന്‍, നാലാംപ്രതി അബ്ദുന്നാസിര്‍ മഅ്ദനി എന്നിവരെയാണ് കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി മധു വെറുതെവിട്ടത്. അബ്ദുന്നാസിര്‍ മഅ്ദനിക്കു വേണ്ടി അഡ്വ. എം അശോകനും മറ്റു മൂന്നുപേര്‍ക്കു വേണ്ടി അഡ്വ. കെ പി മുഹമ്മദ് ശരീഫുമാണ് ഹാജരായത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. കോഴിക്കോട് സ്വദേശി നൂഹ് എന്ന മാങ്കാവ് റഷീദിനെതിരായ കേസ് നടപടികള്‍ കോടതിയുടെ പരിഗണനയിലാണ്. സ്‌ഫോടന പരമ്പര നടത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസിലാണ് 25 വര്‍ഷത്തിനു ശേഷം നാലുപേരെയും കോടതി കുറ്റവിമുക്തരാക്കുന്നത്. സ്‌ഫോടനക്കേസ് പ്രതി ഊമ ബാബുവിന് അഭയം നല്‍കിയെന്നും ഒന്നാംപ്രതിയെ വിദേശത്തേക്ക് അയച്ച് ഭീകരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കാന്‍ ഒത്താശ ചെയ്‌തെന്നുമാണ് മഅ്ദനിക്കെതിരായ ആരോപണങ്ങള്‍. കോഴിക്കോട് കസബ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ഐപിസിയിലെ 120(ബി), 153(എ), 124(എ) എന്നിവയെ കൂടാതെ ആയുധനിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിരുന്നു. 2007ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനി ഉള്‍പ്പെടെയുള്ളവരെ കോടതി നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെവിട്ടിരുന്നെങ്കിലും അതിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട കോഴിക്കോട് ഗൂഢാലോചനക്കേസ് തീര്‍പ്പാവാതെ കിടക്കുകയായിരുന്നു.

1998 മാര്‍ച്ച് 31ന് പുലര്‍ച്ചെ ഒന്നും രണ്ടും പ്രതികളെ കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിനു സമീപത്തെ 251ാം നമ്പര്‍ മില്‍മാ ബൂത്തിനു സമീപം പ്രവേശന കവാടത്തിനടുത്ത് വച്ച് നാടന്‍ തോക്കുകളും തിരകളുമായി പിടികൂടിയെന്ന് ആരോപിച്ചാണ് കസബ പോലിസ് കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ അയ്യപ്പനാണ് കൈത്തോക്കുകള്‍ നിര്‍മിച്ചുകൊടുത്തതെന്നും അശ്‌റഫ് അത് കോയമ്പത്തൂരില്‍ എത്തിച്ചെന്നുമാണ് പോലിസ് പറഞ്ഞിരുന്നത്. അബ്ദുന്നാസിര്‍ മഅ്ദനി അശ്‌റഫിനെ വിദേശത്തേക്ക് അയച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നേടാന്‍ എല്ലാവിധ ഒത്താശയും ചെയ്‌തെന്നും രാജ്യദ്രോഹക്കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും പോലിസ് ആരോപിച്ചിരുന്നു. 1998 മാര്‍ച്ച് 29ന് ഊമബാബുവിനെ അറസ്റ്റ് ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചതെന്നും എഫ് ഐആറില്‍ പറഞ്ഞിരുന്നു. 1998 ഫെബ്രുവരി 14നാണ് കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പരകളാണുണ്ടായത്. ആകെ 166 പ്രതികളുണ്ടായിരുന്ന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 14ാം പ്രതിയാക്കിയാണ് കേസെടുത്തിരുന്നത്.

Next Story

RELATED STORIES

Share it