Big stories

പൗരത്വ ഭേദഗതി നിയമം: ജനങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെട്ടു- പോപുലര്‍ ഫ്രണ്ട്

വിവാദ നിയമനിര്‍മ്മാണത്തിന്റെ അത്യന്തികമായ പരിണിതിയെ സ്പര്‍ശിക്കാത്ത സുപ്രിംകോടതിയുടെ ഇന്നത്തെ തീരുമാനം തികച്ചും സാങ്കേതിക നടപടിക്രമങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്. അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടാതിരുന്നത് നിരാശാജനകമാണ്.

പൗരത്വ ഭേദഗതി നിയമം: ജനങ്ങളുടെ ആശങ്കകളെ അഭിമുഖീകരിക്കുന്നതില്‍ സുപ്രിംകോടതി പരാജയപ്പെട്ടു- പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: തികച്ചും വിവേചനപരമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ വാദം കേട്ട സുപ്രിം കോടതി രാജ്യത്തെ ജനങ്ങളുടെ കടുത്ത ആശങ്കകളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പോപുലര്‍ഫ്രണ്ട് കുറ്റപ്പെടുത്തി.

വിവാദ നിയമനിര്‍മ്മാണത്തിന്റെ അത്യന്തികമായ പരിണിതിയെ സ്പര്‍ശിക്കാത്ത സുപ്രിംകോടതിയുടെ ഇന്നത്തെ തീരുമാനം തികച്ചും സാങ്കേതിക നടപടിക്രമങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്. അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടാതിരുന്നത് നിരാശാജനകമാണ്. പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതു മുതല്‍ രാജ്യത്തുടനീളം പൗരന്‍മാര്‍ വിശ്രമമില്ലാതെ തെരുവില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമവും എന്‍പിആര്‍, എന്‍ആര്‍സി പോലുള്ള സര്‍ക്കാര്‍ നടപടികളും തങ്ങളുടെ ജീവിതത്തെ തകര്‍ച്ചയിലേക്ക് നയിക്കുമോ എന്ന ഭീതിയും ആശങ്കയും അവരെ പിടികൂടിയിരിക്കുന്നു. ഇതേത്തുടര്‍ന്ന് കത്തിപ്പടര്‍ന്ന പ്രതിഷേധങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വലിയ തോതിലുള്ള പ്രത്യാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആഴ്ചകളായി രാപ്പകല്‍ ഭേദമന്യേ രാജ്യത്തിന്റെ തെരുവുകളില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ കോടതിയുടെ അടിയന്തര ഇടപെടലിലൂടെ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവര്‍ വീണ്ടും ആഴ്ചകളോളം കാത്തിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുഴുണ്ടായിരിക്കുന്നത്.

രാജ്യത്തുടനീളം നടന്നുവരുന്ന സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന സമീപനമല്ല ഇന്ന് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. വരുംദിനങ്ങളില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ട അനിവാര്യതയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, മതത്തിന്റെ പേരില്‍ പൗരത്വ അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരായ ജനലക്ഷങ്ങളുടെ പ്രതിഷേധമാണ്. ഒപ്പം മതേതര ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്. അക്രമത്തിലും വിദ്വേഷത്തിലും അധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേ മതേതര ഇന്ത്യ ജനാധിപത്യപരമായും സമാധാനപരമായും നടത്തുന്ന പ്രത്യയശാസ്ത്രപരമായ യുദ്ധമാണിത്.

രാജ്യത്ത് നടന്നുവരുന്ന പ്രതിഷേധങ്ങളും സുപ്രിംകോടതിയില്‍ നടന്നുവരുന്ന നിയമപോരാട്ടവും ഒരേപോലെ ശക്തിപ്പെടുത്തേണ്ട സാഹചര്യമാണിത്. ആര്‍എസ്എസില്‍ നിന്നും ബിജെപിയില്‍നിന്നും രാജ്യത്തിനു മോചനം ലഭിക്കുന്നതുവരെ ഇതു തുടരും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വരുംദിനങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുകയും പ്രക്ഷോഭങ്ങളുമായി തെരുവിലുള്ള മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമൊപ്പം ശക്തമായി നിലയുറപ്പിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍

ഒ എം എ സലാം (വൈസ് ചെയര്‍മാന്‍), എം മുഹമ്മദലി ജിന്ന (ജനറല്‍ സെക്രട്ടറി), അബ്ദുല്‍ വാഹിദ് സേട്ട് (സെക്രട്ടറി), സി പി മുഹമ്മദ് ബഷീര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി) പങ്കെടുത്തു.

Next Story

RELATED STORIES

Share it