ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ദലിതര്‍ക്കുമെതിരായ ഹിന്ദുത്വ ആക്രമണവും ഭരണകൂട വിവേചനവും അക്കമിട്ട് നിരത്തി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപോര്‍ട്ട്
ആദിവാസി അവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം, അഭിഭാഷകര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കുമെതിരേ ത്രിപുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍, സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെയും പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചുള്ള ആക്രമണം, കര്‍ഷകരെ അപമാനിക്കല്‍, പെഗസസ് തര്‍ക്കം, ഇന്ത്യന്‍ അധീന കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കലും ഇന്റര്‍നെറ്റ് വിച്ഛേദിക്കലും എന്നിവയാണ് റിപോര്‍ട്ടില്‍ എടുത്തുകാണിച്ച പ്രധാന പ്രശ്നങ്ങള്‍.
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും ദലിതര്‍ക്കുമെതിരായ ഹിന്ദുത്വ ആക്രമണവും ഭരണകൂട വിവേചനവും അക്കമിട്ട് നിരത്തി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപോര്‍ട്ട്. രാജ്യത്ത് വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തല്‍, കേന്ദ്രസര്‍ക്കാരിനെതിരായ മറ്റ് വിമര്‍ശനങ്ങള്‍ തുടങ്ങിയവ പ്രതിപാദിക്കുന്നതാണ് 2022ല്‍ പുറത്തിറക്കിയ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആഗോള റിപോര്‍ട്ട്.
2021ല്‍ രാഷ്ട്രീയ പ്രേരിതമായ പ്രോസിക്യൂഷനെ ഉപയോഗിച്ച് ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ എന്നിവര്‍ക്കെതിരേ ഇന്ത്യന്‍ ഭരണകൂടം അവരുടെ അടിച്ചമര്‍ത്തല്‍ ശക്തമാക്കി. ആദിവാസി അവകാശ പ്രവര്ത്തകന് സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം, അഭിഭാഷകര്‍ക്കും സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്നവര്‍ക്കുമെതിരേ ത്രിപുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍, സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെയും പ്രവര്‍ത്തകരെയും ലക്ഷ്യം വച്ചുള്ള ആക്രമണം, കര്‍ഷകരെ അപമാനിക്കല്‍, പെഗസസ് തര്‍ക്കം, ഇന്ത്യന്‍ അധീന കശ്മീരില്‍ മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കലും ഇന്റര്‍നെറ്റ് വിച്ഛേദിക്കലും എന്നിവയാണ് റിപോര്‍ട്ടില്‍ എടുത്തുകാണിച്ച പ്രധാന പ്രശ്നങ്ങള്‍.
2017 ല്‍ മഹാരാഷ്ട്ര സംസ്ഥാനത്ത് നടന്ന ജാതി അക്രമസംഭവവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രേരിത ഭീകരവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട 16 പ്രമുഖ മനുഷ്യാവകാശ സംരക്ഷകരില്‍ സ്റ്റാന്‍ സ്വാമിയും ഉള്‍പ്പെടുന്നു. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന് തോന്നുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഭരണകക്ഷിയായ ബിജെപി അനുഭാവികളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ദക്ഷിണേഷ്യന്‍ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി എച്ച്ആര്‍ഡബ്ല്യു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ന്യൂനപക്ഷ സമുദായങ്ങളെ, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍, മുസ്ലിംകള്, ദലിതുകള്‍, ആദിവാസികള്‍ എന്നിവരെ ലക്ഷ്യമിട്ട് നിരവധി സംസ്ഥാനങ്ങള്‍ നിയമങ്ങളും നയങ്ങളും രൂപീകരിച്ചപ്പോള്‍ ബിജെപി അനുഭാവികള്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഏര്‍പ്പെടുകയാണ് ചെയ്തത്. ഇതിന് ഉദാഹരണമായി ത്രിപുരയില്‍ ഹിന്ദുത്വര്‍ മുസ്ലിം വീടുകള്‍ക്കും പള്ളികള്‍ക്കും നേരേ നടത്തിയ ആക്രമണങ്ങള്‍ റിപോര്‍ട്ടില്‍ എടുത്തുപറയുന്നു.
ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ സംസാരിച്ച അഭിഭാഷകര്‍ക്കും സോഷ്യല്‍ മീഡിയാ സ്വാധീനമുള്ളവര്ക്കുമെതിരായ സംസ്ഥാന പോലിസിന്റെ നടപടിയെ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ശക്തമായി അപലപിച്ചു. ഒക്ടോബറില്‍ ഹിന്ദുത്വര്‍ പള്ളികള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്ക്കുമെതിരേ നടത്തിയ വര്‍ഗീയ അക്രമത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയതിന് നാല് അഭിഭാഷകര്‍ക്കെതിരേ നവംബറില്‍ ത്രിപുര പോലിസ് തീവ്രവാദ കേസുകള്‍ ഫയല്‍ ചെയ്തിനെയും റിപോര്‍ട്ട് ചോദ്യംചെയ്യുന്നു.
102 സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്കെതിരേയും പോലിസ് തീവ്രവാദ കേസുകള്‍ ഫയല്‍ ചെയ്യുകയുണ്ടായി. അക്രമത്തെക്കുറിച്ച് റിപോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകരെ 'സാമുദായിക സ്പര്‍ധ പരത്തുന്നു' എന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുകയാണ് ചെയ്തത്. മുസ്ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ നിയമഭേദഗതികള്‍ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരേ തീവ്രവാദ വിരുദ്ധ, രാജ്യദ്രോഹ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുന്നത് അധികാരികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്- റിപോര്‍ട്ട് വിശദീകരിക്കുന്നു.
ബിജെപി സര്‍ക്കാരിനോട് വിയോജിപ്പ് പുലര്‍ത്തുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ കടുത്ത തീവ്രവാദ വിരുദ്ധ നിയമം, നികുതി റെയ്ഡുകള്‍, വിദേശ ഫണ്ടിങ് നിയന്ത്രണങ്ങള്‍, സാമ്പത്തിക ക്രമക്കേട് ആരോപണം തുടങ്ങിയ പ്രയോഗിക്കുന്നതിനാണ് രാജ്യം സാക്ഷിയായത്. ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്മേല് കൂടുതല്‍ നിയന്ത്രണം അനുവദിക്കുന്നതും എന്‍ക്രിപ്ഷനെ ദുര്‍ബലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതും സ്വകാര്യതയ്ക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നതുമായ പുതിയ നിയമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്ത കര്‍ഷകരില്‍ ഭൂരിഭാഗവും ന്യൂനപക്ഷമായ സിഖ് സമുദായത്തില്‍നിന്നുള്ളവരാണെന്നും പ്രതിഷേധിക്കുന്നവര്‍ക്ക് വിഘടനവാദ അജണ്ടയുണ്ടെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ കൊവിഡ് മഹാമാരിയുടെ കാലത്ത് മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ട സംഭവത്തെയും റിപോര്‍ട്ട് അപലപിക്കുന്നു. 752 പേജുള്ള ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ആഗോള റിപോര്‍ട്ടിന്റെ 32ാം പതിപ്പില്‍ ഏകദേശം 100 രാജ്യങ്ങളിലെ മനുഷ്യാവകാശ സമ്പ്രദായങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ട്.
RELATED STORIES
കെജ്രിവാളിൻ്റെ മോചനം: ഹരിയാനയിൽ നേട്ടം മോഹിച്ച് ബിജെപി
15 Sep 2024 6:56 AM GMTമീററ്റില്‍ സാക്കിര്‍ കോളനിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില്‍ ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്‍പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്‍ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര്‍ ടൈറ്റന്‍സിനും ട്രിവാന്‍ഡ്രം...
14 Sep 2024 6:42 PM GMT