Big stories

അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകളുള്ള ഗ്രാമം നിര്‍മിച്ചു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

അരുണാചല്‍ പ്രദേശില്‍ ചൈന 101 വീടുകളുള്ള ഗ്രാമം നിര്‍മിച്ചു;  ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്
X
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ 101 ഓളം വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ഗ്രാമം ചൈന നിര്‍മിച്ചതായി റിപോര്‍ട്ട്. ഇതു സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങള്‍ എന്‍ഡിടിവി പുറത്തുവിട്ടു. 2020 നവംബര്‍ ഒന്നിനു ലഭിച്ച ചിത്രങ്ങള്‍ നിരവധി വിദഗ്ധര്‍ വിശകലനം ചെയ്തു സ്ഥിരീകരിച്ചതായും ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തിനുള്ളില്‍ ഏകദേശം 4.5 കിലോമീറ്ററോളം ദൂരത്തിലാണ് നിര്‍മാണപ്രവര്‍ത്തനമെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യസുരക്ഷയെ തന്നെ ആശങ്കപ്പെടുത്തുന്നതാണ് ചിത്രങ്ങളെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അരുണാചലിലെ സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ് പ്രസ്തുത ഗ്രാമമുള്ളത്. ഇന്ത്യയും ചൈനയും ഏറെക്കാലമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്ന പ്രദേശമാണിത്.

ലഡാക്കിലെ പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റവും വലിയ ഏറ്റുമുട്ടല്‍ നടക്കുമ്പോഴും ഹിമാലയത്തിന്റെ കിഴക്കന്‍ നിരയിലാണ് ഗ്രാമം നിര്‍മിച്ചതെന്നതും ഗൗരവമേറിയതാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ചൈനീസ് സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് അവര്‍ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോള്‍ ശൈത്യകാലത്ത് ലഡാക്കില്‍ പോര്‍വിളി തുടരുകയാണ്. ഇരുഭാഗത്തും ആയിരക്കണക്കിന് സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രസ്തുത ഗ്രാമം സ്ഥാപിച്ചന്നെു തെളിയിക്കുന്ന പുതിയ ചിത്രം 2020 നവംബര്‍ ഒന്നിനു ലഭിച്ചതാണ്.

അതിനുമുമ്പ് 2019 ആഗസ്ത് 26നു ലഭിച്ച ചിത്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും കാണിക്കുന്നില്ല. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷമാണ് ഗ്രാമം സ്ഥാപിച്ചതെന്നാണ് വ്യക്തമാവുന്നു. 2020 ആഗസ്തിലും ഈ പ്രദേശത്ത് ഒരു ഗ്രാമവുമുണ്ടായിരുന്നില്ല. 2020 നവംബറോടെയാണ് 101 വീടുകള്‍ പൂര്‍ത്തിയായ ഗ്രാമം പ്രത്യക്ഷപ്പെട്ടത്. ഉപഗ്രഹ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചില്ല. ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതായി നേരത്തേ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

'കുറച്ചുകാലമായി ഇന്ത്യന്‍ ഭാഗത്ത് അതിര്‍ത്തിയില്‍ അടിസ്ഥാന സൗകര്യവികസനം വര്‍ധിപ്പിക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്യുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മൂലകാരണമാണ്. എന്നിരുന്നാലും, പുതിയ ചൈനീസ് ഗ്രാമത്തിന് സമീപത്തായി ഇന്ത്യന്‍ റോഡിന്റെയോ അടിസ്ഥാന സൗകര്യ വികസനത്തിന്റെയോ അടയാളങ്ങളൊന്നുമില്ലെന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞത്.

അതേസമയം, 2020 നവംബറില്‍, ഈ ഉപഗ്രഹ ചിത്രം പുറത്തുവന്നപ്പോള്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ബിജെപി എംപി തപിര്‍ ഗാവോ തന്റെ സംസ്ഥാനത്ത് ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ലോക്‌സഭയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ചും അപ്പര്‍ സുബാന്‍സിരി ജില്ലയെ പരാമര്‍ശിച്ചായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. നിര്‍മ്മാണം ഇപ്പോഴും നടക്കുന്നതായും നദീപാത പിന്തുടരുകയാണെങ്കില്‍ ചൈന അപ്പര്‍ സുബാന്‍സിരി ജില്ലയ്ക്കുള്ളില്‍ 60-70 കിലോമീറ്ററിലധികം പ്രവേശിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയ്ക്കു സമീപം ഗ്രാമം നിര്‍മിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം ഒഴിഞ്ഞുമാറിയതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സര്‍ക്കാര്‍ നിരന്തരം നിരീക്ഷിക്കുകയും അതിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. എന്നാല്‍, സര്‍ക്കാര്‍ ഔദ്യോഗിക ഭൂപടമായി ഉപയോഗിക്കുന്ന സര്‍വേയര്‍ ജനറലിന്റെ ആധികാരിക ഓണ്‍ലൈന്‍ മാപ്പില്‍ ചൈനീസ് ഗ്രാമം ഇന്ത്യന്‍ പ്രദേശത്തിനുള്ളിലാണ് സ്ഥിതിചെയ്യുന്നതെന്ന് വ്യക്തമാക്കുന്നു. നിലവിലുള്ള ചൈനീസ് മിലിട്ടറി പോസ്റ്റിന് ഒരു കിലോമീറ്റര്‍ വടക്കായാണ് പുതിയ ചൈനീസ് ഗ്രാമം സ്ഥിതിചെയ്യുന്നത്. ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മക്‌മോഹന്‍ ലൈനിന്റെ തെക്ക് ഭാഗത്താണ് ഈ ഗ്രാമമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

China Has Built Village In Arunachal, Show Satellite Images

Next Story

RELATED STORIES

Share it