യത്തീംഖാന കുട്ടിക്കടത്ത് കെട്ടുകഥ; സുപ്രിംകോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ഇതോടെ, കുട്ടിക്കടത്തെന്നും മനുഷ്യക്കടത്തെന്നും മറ്റും പറഞ്ഞ് ഒുവിഭാഗം മാധ്യമങ്ങളും പോലിസ് ഉദ്യോഗസ്ഥരും സൃഷ്ടിച്ച കുട്ടിക്കടത്ത് വിവാദം പൊളിയുകയാണ്.

യത്തീംഖാന കുട്ടിക്കടത്ത് കെട്ടുകഥ; സുപ്രിംകോടതിയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: കേരളത്തില്‍ വന്‍ വിവാദത്തിനു കാരണമായ യത്തീംഖാന കുട്ടിക്കടത്ത് കെട്ടുകഥയായിരുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു. യത്തീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി കുട്ടികളെ രക്ഷിതാക്കളുടെ അനുമതിയോടെ കേരളത്തിലെ സ്ഥാപനങ്ങളിലേക്ക് അയച്ചതാണെന്നു ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായും ബിഹാര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതോടെ, കുട്ടിക്കടത്തെന്നും മനുഷ്യക്കടത്തെന്നും മറ്റും പറഞ്ഞ് ഒുവിഭാഗം മാധ്യമങ്ങളും പോലിസ് ഉദ്യോഗസ്ഥരും സൃഷ്ടിച്ച കുട്ടിക്കടത്ത് വിവാദം പൊളിയുകയാണ്. കുട്ടിക്കടത്തെന്ന പേരില്‍ കേരളത്തിലെ യത്തീംഖാനകളെ വേട്ടയാടാനുള്ള നീക്കങ്ങള്‍ക്കും കനത്ത തിരിച്ചടിയാണുണ്ടായത്. ബിജെപിയും ജനതാദള്‍ യുനൈറ്റഡും എല്‍ജെപിയും ചേര്‍ന്ന് ഭരിക്കുന്ന ബിഹാര്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ കുട്ടിക്കടത്തല്ലെന്ന് വ്യക്തമാക്കിയതോടെ സംഘപരിവാര നീക്കങ്ങളും പൊളിഞ്ഞു. കേരളത്തിലെ യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടുന്നതിനു വേണ്ടി കുട്ടികളെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരേ മുക്കം മുസ് ലിം ഓര്‍ഫനേജ് നല്‍കിയ ഹരജിയിലാണ് ബിഹാര്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ശിശു ക്ഷേമ സമിതിയും റെയില്‍വേ പോലിസും സ്വീകരിച്ച നിലപാടിനെ തള്ളുന്നതാണ് ബിഹാര്‍ സര്‍ക്കാരിന്റെ നിലപാട്.

2014 മെയ് 24, 25 തിയ്യതികളില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലിസ് എതാനും കുട്ടികളെ കസ്റ്റഡിയിലെടുത്തതാണ് വന്‍ കോളിളക്കമുണ്ടായക്കിയ കുട്ടിക്കടത്ത് വിവാദത്തിലേക്കെത്തിയത്. കേരള പോലിസ് കസ്റ്റഡിയിലെടുത്ത 606 കുട്ടികളില്‍ 112 പേര്‍ ബിഹാര്‍ സ്വദേശികളും 371 പേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരും 13 പേര്‍ പശ്ചിമബംഗാള്‍ സ്വദേശികളുമായിരുന്നു. പാലക്കാട് ജില്ലാ കലക്ടറാണ് തങ്ങളെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, അന്വേഷണത്തില്‍ കുട്ടിക്കടത്തല്ലെന്ന് വ്യക്തമായി. കുട്ടികള്‍ക്ക് യത്തീംഖാനകളില്‍ സൗജന്യ വിദ്യാഭ്യാസത്തോടൊപ്പം സൗജന്യ ഭക്ഷണവും താമസവും വസ്ത്രവും പഠനോപകരണങ്ങളും നല്‍കുന്നുണ്ട്. സ്ഥാപനങ്ങളിലൊന്നും കുട്ടികള്‍ക്ക് ജീവനക്കാരില്‍നിന്ന് മോശം പെരുമാറ്റമോ അവഹേളനമോ നേരിട്ടിട്ടില്ലെന്നും പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംഘപരിവാര്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ ഇതിനുവേണ്ടി ഡല്‍ഹിയിലെത്തി അന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ കണ്ടിരുന്നു. ബാങ്ക, ഭഗല്‍പുര്‍, മധേപുര എന്നിവിടങ്ങളില്‍നിന്നുള്ള 88 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമാണ് ബിഹാറില്‍ നിന്നുണ്ടായിരുന്നത്. ഇതില്‍ 65 പേരെ കോഴിക്കോട് മുക്കം മുസ്‌ലിം ഓര്‍ഫനേജ് തിരിച്ചെടുക്കുകയും ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്നുണ്ട്. പോലിസ് കസ്റ്റഡിയിലെടുത്തെന്നതറിഞ്ഞ് ആറു കുട്ടികളെ ബിഹാറില്‍നിന്ന് കോഴിക്കോട്ടെത്തി രക്ഷിതാക്കള്‍ തിരിച്ചുകൊണ്ടുപോയിരുന്നു. 41 പേരെ കുടുംബങ്ങളെ തിരിച്ചേല്‍പിക്കാന്‍ പട്‌നയിലെ ശിശുക്ഷേമ സമിതി ഏറ്റെടുത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു. മുക്കം യത്തീംഖാനയില്‍ തിരിച്ചെത്തിയ കുട്ടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിദ്യാഭ്യാസം തുടരുന്നതായി കുട്ടികള്‍ അന്വേഷണ സമിതി മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടെന്നും സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കി.RELATED STORIES

Share it
Top