Big stories

ചാരക്കേസിലെ സിബിഐ അന്വേഷണം: മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ വേട്ടയാടാന്‍ കേന്ദ്രനീക്കം

ഗുജറാത്ത് വംശഹത്യയില്‍ സംഘപരിവാരബന്ധം പുറത്തുകൊണ്ടുവന്നതിന്റെ പകവീട്ടല്‍

ചാരക്കേസിലെ സിബിഐ അന്വേഷണം: മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ വേട്ടയാടാന്‍ കേന്ദ്രനീക്കം
X

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച ഐഎസ്ആര്‍ഒ ചാരക്കേസിലെ സിബിഐ അന്വേഷണത്തിന്റെ മറവില്‍ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെയും സംഘപരിവാരത്തിന്റെയും പങ്ക് വെളിപ്പെടുത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ വേട്ടയാടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ചാരക്കേസ് സമയത്ത് കേരളത്തിലെ ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാറിനെതിരേ ക്രിമിനല്‍ കേസെടുത്ത് ജയിലിലടയ്ക്കാനാണു ശ്രമം നടക്കുന്നത്. നമ്പി നാരായണനെ കേസില്‍ പെടുത്തിയത് താനാണെന്ന് സ്ഥാപിച്ച് ക്രിമിനല്‍ കേസെടുക്കാനാണ് ശ്രമം നടക്കുന്നതെന്നും ഗുജറാത്ത് വംശഹത്യയ്ക്കു പിന്നില്‍ സംഘപരിവാറാണെന്ന കണ്ടെത്തല്‍ നടത്തിയതാണ് പകവീട്ടലിനു കാരണമെന്നും മുന്‍ ഗുജറാത്ത് ഡിജിപി കൂടിയായ ആര്‍ ബി ശ്രീകുമാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. അന്ന് തന്നോടൊപ്പം പ്രവര്‍ത്തിച്ച സഞ്ജീവ് ഭട്ടിനെ ജയിലില്‍ അടച്ചത് പോലെ തന്നെയും വേട്ടയാടാനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സിബിഐ അന്വേഷണത്തിന് സുപ്രിംകോടതി അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് ഇതിന്റെ മറവില്‍ സംഘപരിവാരത്തിന്റെ നോട്ടപ്പുള്ളികളെ തുറുങ്കിലടയ്ക്കാന്‍ സംഘപരിവാരം നീക്കം നടത്തുന്നത്. ഇന്റലിജന്‍സ് ബ്യൂറോ(ഐബി) കേരള പോലിസിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കം. അക്കാലത്ത് ഐബിയുടെ കേരളത്തിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആര്‍ ബി ശ്രീകുമാര്‍. ഇപ്പോള്‍ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് തന്നെ കുടുക്കാനാണെന്നാണ് ആര്‍ ബി ശ്രീ കുമാറിന്റെ ആരോപണം. ഇത് സംബന്ധിച്ച് തനിക്ക് ഡല്‍ഹിയില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗോധ്ര കൂട്ടക്കൊല നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഇന്റലിജന്‍സ് എഡിജിപിയയിരുന്നു അദ്ദേഹം. അതുമായി ബന്ധപ്പെട്ട പല റിപോര്‍ട്ടുകള്‍ അദ്ദേഹം കോടതികളില്‍ സമര്‍പ്പിക്കുകയും പുസ്തകം പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തന്നെ വേട്ടയാടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സിബിഐയെ ഉപയോഗിച്ച് അന്വേഷണം തന്നിലേക്കെത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഉദ്യോഗസ്ഥരാണ് ഗുജറാത്ത് വംശഹത്യയെ കുറിച്ചും നരേന്ദ്രമോദിക്കെതിരേയും റിപോര്‍ട്ട് നല്‍കിയത്. അതിലൊരാളായ സഞ്ജയ് ഭട്ടിനെ പഴയൊരു കേസ് കുത്തിപ്പൊക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അടുത്തത് താനാണ്. തനിക്കെതിരെയാണ് ഈ അന്വേഷണം വരുന്നത്. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ താല്‍പര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജസ്റ്റിസ് ജയിന്‍ സമിതി റിപോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് നമ്പി നാരായണനെതിരേ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച റിപോര്‍ട്ട് പരിഗണിച്ചത്. 2018 സെപ്റ്റംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രിം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷനല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയിലുള്ളത്. 2020 ഡിസംബര്‍ 14, 15 തിയ്യതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തുകയും നമ്പി നാരായണന്റെ ഭാഗം വിശദമായി കേള്‍ക്കുകയും ചെയ്തിരുന്നു.

CBI probe into ISRO case: Central moves to hunt former IB officer RB Sreekumar

Next Story

RELATED STORIES

Share it