Big stories

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി

നിലനില്‍ക്കുക സാമ്പത്തിക സംവരണം, തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ്

രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തിക സംവരണമായിരിക്കും നിലനില്‍ക്കുകയെന്നും സുപ്രിംകോടതി. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വര റാവു, എസ് അബ്ദുല്‍ നസീര്‍, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭരണഘടന ഉറപ്പുനല്‍കിയ ജാതി സംവരണത്തെ കുറിച്ച് ഇത്തരം പരാമര്‍ശം നടത്തിയത്. അടിസ്ഥാനപരവും നയപരവുമായ കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. പരിഷ്‌കൃത സമൂഹത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാള്‍ സാമ്പത്തിക അടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹരജിയില്‍ 1992 ലെ മണ്ഡല്‍ കമ്മീഷന്‍ വിധി പുനപരിശോധിക്കണോ എന്നതില്‍ സുപ്രിംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. തീരുമാനം പുന:പരിശോധിക്കണമെന്നാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാദിച്ചത്.

ഇന്ദിരാസാഹിനി കേസില്‍ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചത്. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. സംവരണം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണ് 102ാം ഭരണഘടന ഭേദഗതിയെന്ന് മഹാരാഷ്ട്ര സര്‍ക്കാരും വാദിച്ചു. 'ഇതൊരു തുടക്കമായിരിക്കാം, എല്ലാ സംവരണവും ഇല്ലാതാവാം. സാമ്പത്തിക സംവരണംമാത്രമേ നിലനില്‍ക്കൂ. എന്നാല്‍, ഇതെല്ലാം നയങ്ങളാണെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വാക്കാല്‍ പറഞ്ഞു.

'ഇന്ദിര സാഹ്‌നി വിധിന്യായത്തില്‍ ജാതി' രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടെന്നും ജാതി സംവരണത്തെ ഘട്ടംഘട്ടമായി നീക്കം ചെയ്യാന്‍ ശ്രമം നടത്തണമെന്നും എസ്‌സിബിസി വെല്‍ഫെയര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിംഗിള്‍ പറഞ്ഞു. ആശയങ്ങള്‍ 'സമൂലവും നല്ലതുമാണെങ്കിലും' ജാതി സംവരണം ഇല്ലാതാക്കുന്നതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഇന്ദിര സാഹ്നി വിധിക്കു ശേഷം 30 വര്‍ഷം പിന്നിട്ടെന്നും ഒരു തെറ്റ് സംഭവിച്ചാല്‍ തലമുറകള്‍ അത് അനുഭവിക്കുമെന്നും പിംഗല്‍ കോടതിയെ അറിയിച്ചു. അതേസമയം, ഇന്ദിര സാഹ്നി വിധിയെ പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നും 50 ശതമാനം പരിധി നിലനിര്‍ത്തണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ദിവാന്‍ അറിയിച്ചു.

caste based reservation india supreme court





Next Story

RELATED STORIES

Share it