Big stories

മല്‍സരിക്കാനില്ല; ഇനി പോരാട്ടം പാര്‍ട്ടിക്കുള്ളിലെന്ന് പി ജെ ജോസഫ്

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് തൊടുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മുന്‍നിലപാട് ഉപേക്ഷിച്ചതായി ജോസഫ് വ്യക്തമാക്കിയത്. സീറ്റിനായി പാര്‍ട്ടിയില്‍ പോരാട്ടം ശക്തമാക്കിയെങ്കിലും ചെയര്‍മാന്‍ കെ എം മാണിയും വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും ഉള്‍പ്പടെയുള്ള ഭൂരിഭാഗം നേതാക്കളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തിലാണ് പി ജെ ജോസഫ് കീഴടങ്ങാന്‍ തയ്യാറായത്.

മല്‍സരിക്കാനില്ല; ഇനി പോരാട്ടം പാര്‍ട്ടിക്കുള്ളിലെന്ന് പി ജെ ജോസഫ്
X

തൊടുപുഴ: ഇടുക്കിയില്‍ മല്‍സരിക്കുമെന്ന നിലപാടില്‍നിന്ന് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് പിന്‍മാറി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പ് തൊടുപുഴയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള മുന്‍നിലപാട് ഉപേക്ഷിച്ചതായി ജോസഫ് വ്യക്തമാക്കിയത്. സീറ്റിനായി പാര്‍ട്ടിയില്‍ പോരാട്ടം ശക്തമാക്കിയെങ്കിലും ചെയര്‍മാന്‍ കെ എം മാണിയും വൈസ് ചെയര്‍മാന്‍ ജോസ് കെ മാണിയും ഉള്‍പ്പടെയുള്ള ഭൂരിഭാഗം നേതാക്കളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തിലാണ് പി ജെ ജോസഫ് കീഴടങ്ങാന്‍ തയ്യാറായത്.

അതേസമയം, സീറ്റ് നിഷേധത്തിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ ജോസഫ് വീണ്ടും ആഞ്ഞടിച്ചു. സ്ഥാനാര്‍ഥിയാവാന്‍ കഴിയാത്തതില്‍ കേരളാ കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ താനില്ലെന്നും ആഭ്യന്തരജനാധിപത്യം സംരക്ഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുകൊണ്ട് നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമാക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാനായ തനിക്കും വൈസ് ചെയര്‍മാനായ ജോസ് കെ മാണിക്കും കേരളാ കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് ഇരട്ടനീതിയാണ് കിട്ടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍നിന്നും തന്നെ മനപ്പൂര്‍വും മാറ്റിനിര്‍ത്താനായി പ്രാദേശികവാദമുന്നയിച്ചു. ഇതില്‍ അമര്‍ഷമുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വെട്ടിനിരത്തലുകള്‍ ഇനി അനുവദിക്കില്ല. പ്രശ്‌നപരിഹാരത്തിനിടപെട്ട കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തിയും ജോസഫ് മറച്ചുവച്ചില്ല. ഇടുക്കിയില്‍നിന്ന് സ്വതന്ത്രനായി മല്‍സരിക്കുന്നതിന് കോണ്‍ഗ്രസ് മുന്നോട്ടുവച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാവാത്തതാണ്. കൈപ്പത്തി ചിഹ്്‌നത്തില്‍ മല്‍സരിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിര്‍ദേശം. കേരളാ കോണ്‍ഗ്രസുകാരനായ തനിക്ക് ഈ ആവശ്യം ഒരുകാരണവശാലും സ്വീകരിക്കാനാവാത്തതിനാലാണ് പിന്‍മാറിയതെന്ന് ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് പാര്‍ട്ടി സ്ഥാനാര്‍ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കും.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ മുഴുവന്‍ വിജയത്തിനായും കൂടെയുണ്ടാവും. കോട്ടയം, ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏത് സീറ്റിലും മല്‍സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥിയായി തന്റെ പേര് മാത്രമാണുണ്ടായിരുന്നത്. വര്‍ക്കിങ് ചെയര്‍മാനായ തന്റെ ആവശ്യം ലളിതമായി പരിഗണിക്കുമെന്നാണ് കരുതിയത്. ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയ രീതിയിലാണെങ്കില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ തീരേണ്ടതാണ്. എന്നാല്‍, ജില്ലമാറി മല്‍സരിച്ചാല്‍ പ്രശ്‌നമാണെന്നും ജയസാധ്യത കുറയുമെന്നുമാണ് മാണി തന്നെ വിളിച്ചുപറഞ്ഞത്. ഇത്തരം പ്രാദേശികവാദമുയര്‍ത്തി തന്നെ മനപ്പൂര്‍വം മാറ്റിനിര്‍ത്തിയതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ പലസ്ഥലത്തും ഇത്തരത്തിലുള്ള സ്ഥാനാര്‍ഥികളുണ്ടായിട്ടുണ്ടെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it