Big stories

ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?
X

സമാര്‍ ഹലാര്‍ങ്കാര്‍

ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എനിക്ക് കഴിയുമോ എന്ന് ഉറപ്പില്ല.

അപ്പോള്‍, പ്രത്യേക അവകാശമില്ലാത്ത, വീടുകളില്‍ നിന്നോ ജോലിസ്ഥലത്ത് നിന്നോ പിടിച്ചു കൊണ്ടുപോവപ്പെട്ടവര്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ തള്ളപ്പെട്ടവര്‍ക്കും വീടുകള്‍ പൊളിച്ചുമാറ്റപ്പെട്ടവര്‍ക്കും വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കും തടങ്കല്‍ പാളയങ്ങളില്‍ അടക്കപ്പെട്ടവര്‍ക്കും ബംഗ്ലാദേശിലേക്ക് തള്ളിയിടപ്പെട്ടവര്‍ക്കും സാധിക്കുമോ ?

ആര്‍ട്ടിക്കിള്‍ 14 വെബ്‌സൈറ്റിന്റെ സ്ഥാപക എഡിറ്ററായ സമാര്‍ ഹലാര്‍ങ്കാര്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ പൗരത്വനിയമങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ച് എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര ആഖ്യനമാണ് ഇത്.

നുഴഞ്ഞുകയറ്റക്കാര്‍ എന്നുപറയുന്നവര്‍ക്കെതിരേ മഹാരാഷ്ട്ര മുതല്‍ അസം വരെ കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിതവും ഏകപക്ഷീയവുമായ ആക്രമണം ആരംഭിച്ചിരിക്കുന്നതായി സമാര്‍ ഹലാര്‍ങ്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍, തടങ്കലും നാടുകടത്തലും ഒഴിവാക്കാന്‍ കൂലിപ്പണിക്കാര്‍ വരെ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും ഓടിപ്പോവുകയാണ്. പ്രിയപ്പെട്ടവരെ കാണാതാവുമ്പോഴും തടങ്കല്‍ പാളയങ്ങളില്‍ അടക്കുമ്പോഴും പലര്‍ക്കും കാര്യമായി ഒന്നും ചെയ്യാനാവുന്നില്ല. ഇന്ത്യക്കാരായി നിലനില്‍ക്കാന്‍, വോട്ടും നിലനില്‍പ്പും സംരക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ച് രേഖകള്‍ തിരയേണ്ടി വരുകയാണ്. ജീവിതം തലകീഴായി മറിയുന്നു, കുടുംബങ്ങള്‍ ഛിന്നഭിന്നമാവുന്നു. സ്വത്വത്തിനായുള്ള ഈ അന്വേഷണത്തില്‍, ദശലക്ഷക്കണക്കിന് ആളുകള്‍ രണ്ടാംതരം പൗരന്മാരായി തരംതാഴ്ത്തപ്പെടുകയോ പൗരത്വം പൂര്‍ണ്ണമായും നഷ്ടപ്പെടുകയോ ചെയ്യുമെന്ന ഭീഷണി നേരിടുന്നു.

ഏറ്റവും ദുര്‍ബലരായ ജനങ്ങളില്‍ ഭയവും നാടുകടത്തല്‍ ഭയവും വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന പ്രസംഗമാണ് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയത്. ജനസംഖ്യാ ദൗത്യം എന്ന അനൗദ്യോഗിക പദ്ധതിയെ അന്ന് മോദി ഔദ്യോഗികമാക്കി.

''ഇന്ന്, ഗുരുതരമായ ഒരു ആശങ്കയെയും വെല്ലുവിളിയെയും കുറിച്ച് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനഃപ്പൂര്‍വമായ ഗൂഢാലോചനയുടെ ഭാഗമായി, രാജ്യത്തിന്റെ ജനസംഖ്യാ അനുപാതം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു പുതിയ പ്രതിസന്ധിയുടെ വിത്തുകള്‍ വിതയ്ക്കുകയാണ്. ഈ നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ യുവാക്കളുടെ ഉപജീവനമാര്‍ഗ്ഗം തട്ടിയെടുക്കുകയാണ്. ഈ നുഴഞ്ഞുകയറ്റക്കാര്‍ നമ്മുടെ സഹോദരിമാരെയും പെണ്‍മക്കളെയും ലക്ഷ്യമിടുന്നു. ഇത് അനുവദിക്കില്ല.''- തുടങ്ങിയ പരാമര്‍ശങ്ങളാണ് മോദി നടത്തിയത്.

ജനസംഖ്യാ ദൗത്യം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മോദി വിശദീകരിച്ചില്ല. എന്നാല്‍, നുഴഞ്ഞുകയറ്റക്കാര്‍ എന്നുപറയുന്നവര്‍ക്കെതിരേ മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളില്‍ നിന്നും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്നും അസ്വസ്ഥതയുളവാക്കുന്ന ചിത്രം പുറത്തുവരുന്നു.

പൗരത്വത്തെച്ചൊല്ലിയുള്ള ചില പോരാട്ടങ്ങള്‍ കോടതികളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ ആളുകള്‍ കൊണ്ടുവരുന്ന രേഖകള്‍ പരിമിതമോ ഉപയോഗ്യ ശൂന്യമോ ആയിരിക്കാമെന്നാണ് കോടതികളില്‍ നിന്നു പുറത്തുവരുന്ന വാര്‍ത്തകള്‍ പറയുന്നത്. വോട്ടര്‍ ഐഡികള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍ എന്നിവ പൗരത്വത്തിന്റെ തെളിവല്ല, മറിച്ച് സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിനുള്ള തിരിച്ചറിയല്‍ തെളിവാണെന്നാണെന്നാണ് സുപ്രിംകോടതി പറഞ്ഞത്. വോട്ടര്‍ പട്ടികയുടെ പരിശോധനയെ പൗരത്വ പരിശോധനയായി കണക്കാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ രേഖകള്‍ നിരസിക്കാനുള്ള ഉദ്ദേശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോംബെ ഹൈക്കോടതിയും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്.

എന്നിരുന്നാലും പൗരത്വം തെളിയിക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ജഡ്ജിമാര്‍ വിശദീകരിച്ചു. ഈ രേഖകള്‍ ലഭിച്ച പ്രക്രിയ സ്ഥിരീകരിക്കണമെന്നാണ് ജഡ്ജിമാര്‍ പറഞ്ഞത്.

അതായത്, രേഖകള്‍ ലഭിക്കാന്‍ കാരണമായ രേഖകള്‍ നിങ്ങള്‍ ഹാജരാക്കണമെന്നാണ് അതിനര്‍ത്ഥം. ആ രേഖകള്‍ പുതുക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും പഴയ രേഖകളെ ആശ്രയിക്കണം. ഇതൊരു കോഴി- കോഴി മുട്ട കെണിയാണ്, പരമ്പരാഗത ഉദ്യോഗസ്ഥ മേധാവിത്വ കെണി. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിംകളിലും മറ്റ് പിന്നാക്ക സമൂഹങ്ങളില്‍ നിന്നുമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ മേല്‍ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന ഭാരമാണിത്.

പ്രധാനമന്ത്രി 'നുഴഞ്ഞുകയറ്റക്കാരെ'യും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി അമിത് ഷാ 'ചിതലുകളെ'യും ആക്ഷേപിക്കുന്ന ഈ ദുഷിച്ച അന്തരീക്ഷത്തില്‍ ഇന്ത്യക്കാരനാണെന്ന് തെളിയിക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം പൗരത്വം തെളിയിക്കാന്‍ ഏതൊക്കെ രേഖകള്‍ സ്വീകരിക്കണമെന്ന് ആര്‍ക്കും, സര്‍ക്കാരിനും വ്യക്തതയില്ല, ഇനി അവര്‍ക്ക് അത് അറിയാമെങ്കില്‍ അത് പറയുന്നില്ല.

പൗരത്വത്തിന് അനുവദനീയമായ തെളിവ് ഏതൊക്കെയാണെന്ന് ഒരു എംപി ആഗസ്റ്റ് അഞ്ചിന് ലോക്‌സഭയില്‍ ചോദിച്ചു. ഇതായിരുന്നു സര്‍ക്കാരിന്റെ മറുപടി. '' ഓരോ പൗരനെയും നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യാനും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും 2004ല്‍ ഭേദഗതി ചെയ്ത 1955ലെ പൗരത്വ നിയമം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കുന്നു. അതിനുള്ള നടപടിക്രമം 2003ലെ പൗരത്വ നിയമങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.''

ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാന്‍ ആഗസ്റ്റ് 12ന് മറ്റൊരു ലോക്സഭാ എംപി ആവശ്യപ്പെട്ടു. പക്ഷേ സര്‍ക്കാര്‍ രേഖകള്‍ ഏതൊക്കെയാണെന്ന് പറഞ്ഞില്ല. ''ഇന്ത്യയുടെ പൗരത്വം 1955ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതിന് കീഴിലുള്ള ചട്ടങ്ങള്‍ പ്രകാരവുമാണ് നിയന്ത്രിക്കുന്നത്.'' എന്നു മാത്രമായിരുന്നു മറുപടി.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഏറ്റവും ദുര്‍ബലരായ പൗരന്മാര്‍ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ കൊണ്ടുവരുന്ന തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിക്കില്ല, പൗരത്വത്തിന്റെ തെളിവ് എന്താണെന്ന് അവര്‍ പറയുന്നുമില്ല.

ലോക്സഭയില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ച ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിലവിലില്ല. ഇപ്പോള്‍, പാസ്പോര്‍ട്ട് മാത്രമേ പൗരത്വത്തിന് കൃത്യമായ തെളിവായി കാണപ്പെടുന്നുള്ളൂ. പക്ഷേ, പാസ്‌പോര്‍ട്ട് ജന്മം കൊണ്ടുള്ള പൗരത്വം തെളിയിക്കുന്നില്ല. ഇപ്പോള്‍ പാസ്‌പോര്‍ട്ട് നേടാനുള്ള പരിശോധനകളും ശക്തമാക്കിയിരിക്കുകയാണ്.

എനിക്ക് ഇപ്പോള്‍ പുതിയ ആധാര്‍ ഉള്ളതിനാല്‍, സിദ്ധാന്തത്തില്‍, എളുപ്പത്തില്‍ പുതിയ പാസ്പോര്‍ട്ട് നേടാന്‍ കഴിയണം. പാസ്പോര്‍ട്ടുകള്‍ പൗരന്മാര്‍ക്ക് മാത്രമേ നല്‍കൂ, അപേക്ഷകര്‍ വിലാസത്തിന്റെയും ജനനത്തീയതിയുടെയും തെളിവ് നല്‍കണം. സ്വീകാര്യമായ വിലാസ തെളിവുകളില്‍ ആധാറും വോട്ടര്‍ ഐഡിയും ഉള്‍പ്പെടുന്നു. എന്നാല്‍, ഇവ രണ്ടും പൗരത്വത്തിന്റെ തെളിവല്ലെന്ന് കോടതികള്‍ പറഞ്ഞിട്ടുണ്ട്.

ജനനത്തീയതി തെളിയിക്കാന്‍, നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഉപയോഗിക്കാം, പക്ഷേ, പാന്‍ കാര്‍ഡ് പൗരത്വത്തിനുള്ള തെളിവായി കോടതികള്‍ അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും, ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ എന്നീ മൂന്ന് കാര്‍ഡുകളും ഉണ്ടെങ്കില്‍, പൗരത്വത്തിനുള്ള ഏക യഥാര്‍ത്ഥ തെളിവായ പാസ്പോര്‍ട്ട് ലഭിക്കും.

ഞാന്‍ ബംഗാളി സംസാരിക്കുന്നയാളോ കശ്മീരിയോ ദരിദ്രനോ അല്ല, അതായത് പോലിസോ ഹിന്ദുത്വ സംഘമോ എന്റെ വീടോ ജോലിസ്ഥലമോ ആക്രമിക്കുകയോ തെരുവില്‍ നിന്ന് എന്നെ പിടിച്ചുകൊണ്ടുപോയി പൗരത്വത്തിനുള്ള തെളിവ് ആവശ്യപ്പെടുകയോ ചെയ്യാന്‍ സാധ്യതയില്ല. ഒരു ജഡ്ജി എന്റെ രേഖകള്‍ പരിശോധിച്ച് പൗരത്വം തടസ്സപ്പെടുത്താന്‍ സാധ്യതയില്ല, ഏറ്റവും കുറഞ്ഞത് ഇപ്പോഴെങ്കിലും.

പക്ഷേ, മോദിയുടെ 'ജനസംഖ്യാ ദൗത്യം' ആരംഭിച്ചാല്‍, എല്ലാവരും രേഖകള്‍ക്കായി അലയുകയും പീഡനം സഹിക്കാന്‍ അണിനിരക്കേണ്ടി വരുകയും ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിക്കുക. നോട്ട് നിരോധന കാലത്തെ ക്യൂകളും കൊവിഡ് കാലത്തെ നീണ്ടയാത്രകളും ഓര്‍മിക്കുക.

നിലവില്‍ പൗരത്വം തെളിയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നവര്‍ കൊളോണിയല്‍ കാലത്തെ നിയമയുക്തിയുടെ ഇരകളാണ്: നിങ്ങള്‍ പൗരനല്ലെന്ന് ഭരണകൂടം സംശയിച്ചാല്‍ മറിച്ച് തെളിയിക്കുന്നതിനുള്ള ഭാരം നിങ്ങളുടെ തലയില്‍ വരും. കൊളോണിയല്‍ കാലത്തെ 1946ലെ ഫോറിനേഴ്‌സ് ആക്ടിലെ ഒമ്പതാം വകുപ്പാണ് അതിന്റെ അടിത്തറ.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ 65 ലക്ഷം ബിഹാറികളാണ് പുറത്തായത്, ഈ പ്രക്രിയ രഹസ്യ പൗരത്വ പരിശോധനയായി മാറി. അസമിലെ പൗരത്വ വിചാരണകള്‍ ആയിരക്കണക്കിന് പേരെ രാജ്യമില്ലായ്മയിലേക്ക് തള്ളിവിട്ടു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ പരമ്പരാഗതമായി ഒരു രാജ്യത്തിന്റെയും പൗരത്വമില്ലാത്തവരല്ല, മറിച്ച് രേഖകളില്ലാത്ത ഇന്ത്യക്കാരാണ്.

അമിത് ഷാ 2019ല്‍ പറഞ്ഞത് പോലെ അസം ഒരിക്കലും അവസാനഘട്ടമായിരുന്നില്ല, അതൊരു റിഹേഴ്‌സല്‍ മാത്രമായിരുന്നു. എന്‍എആര്‍സി വരും എന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്.

പൗരന്‍മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കൂയെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനോട് സുപ്രിംകോടതി യോജിക്കുന്നു. എന്നാല്‍, പൗരത്വം ഉറപ്പിക്കുന്ന ഏജന്‍സിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ എപ്പോള്‍ മാറി എന്ന് വ്യക്തമല്ല.

വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 65 ലക്ഷം ബിഹാറികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനും അവരെ എന്തിന് പുറത്താക്കിയെന്നു വിശദീകരിക്കാനും ആഗസ്റ്റ് 14ന് സുപ്രിംകോടതി നിര്‍ദേശിച്ചു. അത് ബിഹാറികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. എന്നാല്‍, ഇത്തരം വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്ന അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഈ ഉത്തരവ് ബാധകമാക്കണം. അല്ലാത്തപക്ഷം ഏകപക്ഷീയമായ പൗരത്വ പരിശോധനകളും കൂട്ടത്തോടെയുള്ള വോട്ടവകാശ നിഷേധവും തുടരും.

എന്തായാലും, ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും രഹസ്യമായി പൗരത്വം തെളിയിക്കുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഇവയാണ്:

താമസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, 10-ാം ക്ലാസ് മാര്‍ക്ക്ഷീറ്റ്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂമി/വീട് അലോട്ട്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, കുടുംബ രജിസ്റ്റര്‍, പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ (അത് നിലനില്‍ക്കുന്നിടത്തെല്ലാം), സാധാരണ ജീവനക്കാരനോ പെന്‍ഷന്‍കാരനോ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡര്‍, 1987 ജൂലൈ 1ന് മുമ്പ് സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബാങ്ക്, പോസ്റ്റ് ഓഫീസ്, പൊതുമേഖലാ കമ്പനികള്‍ അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിവ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ രേഖ.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകളും വേദനകളും നമുക്ക് ഈ നിമിഷം മറക്കാം. പകരം രേഖകളെ സൂക്ഷ്മമായി പരിശോധിക്കാം.

എനിക്ക് പാസ്‌പോര്‍ട്ടും വിലാസമുള്ള ബാങ്ക് സ്‌റ്റേറ്റുമെന്റും ഉണ്ട്. എന്നാല്‍, 2024 ആഗസ്റ്റില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 6.5 ശതമാനം പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. എന്തായാലും, പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വേണ്ട രേഖകളുടെ അനിശ്ചിതത്വം കാരണം പാസ്പോര്‍ട്ടുകള്‍ പൗരത്വ തെളിവുകളുടെ പട്ടികയില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യപ്പെടും.

ജന്മം വഴിയുള്ള പൗരത്വത്തിന്റെ ഏക വിശ്വസനീയമായ തെളിവ് ജനന സര്‍ട്ടിഫിക്കറ്റ് ആണ്. പ്രശ്‌നങ്ങള്‍ നിറഞ്ഞ ഒരു രേഖയാണ് അത്. ഇന്ത്യയിലെ അഞ്ചുവയസിന് താഴെയുള്ള 62 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ജനന സര്‍ട്ടിഫിക്കറ്റുള്ളത്. പൗരത്വ തെളിവിന് ജനന സര്‍ട്ടിഫിക്കറ്റ് അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു നീക്കവും രാജ്യവ്യാപകമായി കുഴപ്പങ്ങള്‍ക്ക് കാരണമാകും. ഗ്രാമപ്രദേശങ്ങളില്‍ 56ശതമാനം പേര്‍ക്ക് മാത്രമേ അത് ലഭിച്ചിരുന്നുള്ളൂ, നഗരപ്രദേശങ്ങളില്‍ പോലും 77ശതമാനം പേര്‍ക്ക് മാത്രമേ അത് ലഭിച്ചിരുന്നുള്ളൂ. അതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ല.

ഞാന്‍ എന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഒരിക്കലും പരിശോധിച്ചിട്ടില്ല. അത് എവിടെയോ ഉണ്ടെന്ന് അമ്മ ഷൈലജ സത്യം ചെയ്യുന്നു. ജനിച്ചപ്പോള്‍ പേരില്ലാതിരുന്നതിനാല്‍ എന്നെ ബേബി ഷൈലജ എന്നാണത്രെ ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. പിന്നെ ഞാന്‍ ഇന്ത്യക്കാരനാണെന്നതിന്റെ ഏക തെളിവ് പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റാണ്, രാജ്യവുമായി എന്നെ ബന്ധിപ്പിക്കുന്ന ദുര്‍ബലമായ നൂല്‍.

പൗരത്വ അന്വേഷണം പുതുതായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍, അതായത് കഴിഞ്ഞ ആഴ്ച ലോക്‌സഭയില്‍ പരാമര്‍ശിച്ചത് പോലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇറക്കാനും രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ ആരംഭിക്കുകയും ചെയ്താല്‍ കോടിക്കണക്കിന് പേര്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാവും. എത്ര തലമുറകള്‍ക്ക് മുന്നുള്ള രേഖകള്‍ ഭരണകൂടം ചോദിക്കുമെന്ന് ആര്‍ക്കറിയാം.

Next Story

RELATED STORIES

Share it