Big stories

ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന കൊലപാതകങ്ങളിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ബം​ഗാൾ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ആക്രമണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐക്ക് കഴിയുമെന്ന് ബിജെപി ബം​ഗാൾ ഘടകം

ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന കൊലപാതകങ്ങളിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
X

കൊൽക്കത്ത: കഴിഞ്ഞ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഘർഷങ്ങൾ സിബിഐയും സംസ്ഥാന പോലിസിന്റെ പ്രത്യേക സംഘവും അന്വേഷിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്. ഇതിൽ കൊലപാതകങ്ങളും ബലാൽസംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും സിബിഐയും കവർച്ച മുതലായവയുടെ അന്വേഷണം സംസ്ഥാന പോലിസിന്റെ പ്രത്യേക സംഘവും അന്വേഷിക്കും. കൊൽക്കത്ത പോലിസ് കമ്മീഷണർ സൗമൻ മിത്രയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക.

തൃണമൂൽ കോൺഗ്രസ് പ്രവർത്തക‌ർ നടത്തിയ അക്രമങ്ങൾക്കെതിരേ സമർപ്പിച്ച ഒരുപറ്റം പരാതികളിന്മേലുള്ള വാദം കേട്ട ശേഷമാണ് കോടതി അന്വേഷണം സിബിഐക്കു വിടാൻ തീരുമാനിച്ചത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിണ്ടൽ ഉൾപ്പെട്ട അഞ്ചംഗ ഹൈക്കോടതി ബഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനോട് സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. റിപോർട്ടിൽ മമതാ സർ‌ക്കാരിനെ നിശിതമായി വിമർശിച്ച മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ ബംഗാൾ സർക്കാരിന്റേത് ഭയപ്പെടുത്തുന്ന നിസംഗതയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഈ റിപോർട്ടിനെ അംഗീകരിച്ച ഹൈക്കോടതി തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിരുന്നതായി കണ്ടെത്തിയിരുന്നു.

മനുഷ്യാവകാശ കമ്മീഷനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ബംഗാൾ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പകരം വീട്ടുകയാണെന്ന് റിപോർട്ട് പുറത്തായ അന്ന് തന്നെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചിരുന്നു. എന്നാൽ എൻഎച്ച്ആർസിക്കെതിരേ പശ്ചിമ ബംഗാൾ സർക്കാർ ഉന്നയിച്ച പക്ഷപാത ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി വ്യാഴാഴ്ചത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നുണ്ടായ ഹൈക്കോടതി വിധിയെ സ്വാ​ഗതം ചെയ്ത് ബിജെപി രം​ഗത്ത് വന്നു. ബം​ഗാൾ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ആക്രമണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സിബിഐക്ക് കഴിയുമെന്ന് ബിജെപി ബം​ഗാൾ ഘടകം കൂട്ടിച്ചേർത്തു.

സിബിഐയെ കൂട്ടിലിട്ട തത്തയാക്കരുതെന്ന സുപ്രിംകോടതി പരാമർശം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ആവർത്തിച്ചതും ശ്രദ്ധേയമാണ്. ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ സിബിഐയെ ഉപയോ​ഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന ബിജെപി നിലപാടുകൾക്കെതിരേ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് ഈ വിധിയെന്നതും ശ്രദ്ധേയമാണ്.

English Summary: Calcutta HC orders CBI, SIT probe into West Bengal post poll violence

Next Story

RELATED STORIES

Share it