Top

പൗരത്വ പ്രക്ഷോഭം ഫാഷിസത്തില്‍ നിന്ന് ഇന്ത്യയുടെ വിമോചനത്തിന് വഴിയൊരുക്കും: ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍

താന്‍ വിപ്ലവകാരിയാണ്. തന്നെ ഭരണകൂടത്തിന് വെടിവയ്ക്കാം, ജയിലിലടയ്ക്കാം. അതിനെ താന്‍ ഭയപ്പെടുന്നില്ല. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി രക്തസാക്ഷിയാവേണ്ടി വന്നാല്‍ അതില്‍ താന്‍ അഭിമാനിക്കുന്നു.

പൗരത്വ പ്രക്ഷോഭം ഫാഷിസത്തില്‍ നിന്ന് ഇന്ത്യയുടെ വിമോചനത്തിന് വഴിയൊരുക്കും: ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍
X

മലപ്പുറം: രാജ്യത്ത് നടക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭം ജനങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് രാജ്യത്തിന്റെ വിമോചനത്തിന് വഴിയൊരുക്കുമെന്ന് ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുയിച്ച് എസ് ഡിപിഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിന്റെ മലപ്പുറം ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെയും ആദിവാസി, ദലിത് വിഭാഗങ്ങളുടെയും ഐക്യപ്പെടലിലൂടെ മാത്രമേ ഇന്ത്യയുടെ വിമോചനം സാധ്യമാവൂ എന്ന് തന്റെ നീതിന്യായ വ്യവഹാരങ്ങളുടെ അനുഭവത്തില്‍ നിന്നു നേരത്തേ തന്നെ തിരിച്ചറിഞ്ഞിരുന്നു. അത് എങ്ങനെ സാധ്യമാക്കും എന്നു താന്‍ ആലോചിച്ചുവരികയായിരുന്നു. അതിനാണ് മോദിയും അമിത് ഷായും പൗരത്വ നിയമ ഭേദഗതിയിലൂടെ സാഹചര്യമൊരുക്കിയത്. അതിന് ഇരുവരോടും നന്ദിയുണ്ട്. ഈ നിയമം വന്നില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ വിമോചനത്തിന് കാരണമാവുമായിരുന്ന ഈ ഐക്യപ്പെടല്‍ സാധ്യമാവാന്‍ കുറേ കാലം കാത്തിരിക്കേണ്ടി വരുമായിരുന്നു. ഫാഷിസ്റ്റുകളെ ചെറുക്കാനും യഥാര്‍ഥ ഇന്ത്യയെ നിര്‍മിക്കാനും ഈ ഐക്യത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്ന് ഏറെക്കാലമായി താന്‍ പറയുകയും എഴുതുകയും ചെയ്തുവരികയാണ്. ഈ യാഥാര്‍ഥ്യമാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്. താന്‍ വിപ്ലവകാരിയാണ്. തന്നെ ഭരണകൂടത്തിന് വെടിവയ്ക്കാം, ജയിലിലടയ്ക്കാം. അതിനെ താന്‍ ഭയപ്പെടുന്നില്ല. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടി രക്തസാക്ഷിയാവേണ്ടി വന്നാല്‍ അതില്‍ താന്‍ അഭിമാനിക്കുന്നു. ഈ പോരാട്ടത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് എല്ലാവിഭാഗം ജനങ്ങളും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.


എസ് ഡിപി ഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം അഡ്വ. കെ പി മുഹമ്മദ് ശരീഫ്, സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, പിയുസിഎല്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി എ പൗരന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഫാത്തിമ ഷെറിന്‍, എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, അഡ്വ. സാദിഖ് നടുത്തൊടി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ്, പിഡിപി ജില്ലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍, ബി എസ്പി ജില്ലാ കോഓഡിനേറ്റര്‍ സഫര്‍ ഐക്കരപ്പടി, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ നേതാവ് ചന്ദ്രന്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സലീന ദാവൂദ് സംസാരിച്ചു.


എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയ് അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് ഹുസയ്ന്‍, സംസ്ഥാന സമിതിയംഗങ്ങളായ ഡോ. സി എച്ച് അഷറഫ്, ജലീല്‍ നീലാമ്പ്ര, പി ആര്‍ കൃഷ്ണന്‍കുട്ടി, അഡ്വ. എ എ റഹീം, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ് ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, വി ടി ഇഖ്‌റാമുല്‍ ഹഖ്, എം പി മുസ്തഫ, ബാബു മണി കരുവാരക്കുണ്ട്, പി പി റഫീഖ്, സല്‍മ സ്വാലിഹ്, ടി എ ഷൗക്കത്ത്, പി ഹംസ, എ ബീരാന്‍ കുട്ടി, അഡ്വ. കെ സി നസീര്‍, എ സൈദലവി ഹാജി, ടി സിദ്ദീഖ് സംബന്ധിച്ചു.

മുട്ടിപ്പടി സ്വലാത്ത് നഗറില്‍ നിന്നാരംഭിച്ച റാലി ബൈപാസ് ജങ്ഷന്‍, മുണ്ടുപറമ്പ്, മൂന്നാംപടി വഴി പെരിന്തല്‍മണ്ണ റോഡിലൂടെ കോട്ടക്കുന്ന് ജങ്ഷനിലൂടെ സിവില്‍ സ്‌റ്റേഷന്റെ മുന്നിലൂടെ കിഴക്കേത്തല ജങ്ഷനില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കാളിയായി. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.


Next Story

RELATED STORIES

Share it