Big stories

45,000 കോടിയുടെ അന്തര്‍വാഹിനി പദ്ധതി അദാനി ഗ്രൂപ്പിന്: ബിജെപി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്

അദാനിക്കുവേണ്ടി കേന്ദ്രം 2016ലെ പ്രതിരോധ സംഭരണ നടപടികളിലും മാനദണ്ഡങ്ങളിലും മാറ്റംവരുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

45,000 കോടിയുടെ അന്തര്‍വാഹിനി പദ്ധതി അദാനി ഗ്രൂപ്പിന്: ബിജെപി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: നാവികസേനയുടെ 45,000 കോടിയുടെ അന്തര്‍വാഹിനി കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ വഴിവിട്ട നടപടികളാണ് ആസൂത്രണം ചെയ്തതെന്ന് കോണ്‍ഗ്രസ്. കമ്പനിയെ മോദി സര്‍ക്കാര്‍ ദേശീയ താല്‍പര്യമല്ല മറിച്ച് മുതലാളിത്ത പങ്കാളികളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഡിഫന്‍സിന് കപ്പലുകളോ അന്തര്‍വാഹിനികളോ നിര്‍മിക്കാന്‍ മുന്‍പരിചയമില്ലാത്ത കമ്പനികളാണ് അദാനി. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം കമ്പനിക്ക് പദ്ധതി കൈമാറുന്നതെന്ന് കോണ്‍ഗ്രസ്സ് ചോദിച്ചു. അദാനിക്കുവേണ്ടി കേന്ദ്രം 2016ലെ പ്രതിരോധ സംഭരണ നടപടികളിലും മാനദണ്ഡങ്ങളിലും മാറ്റംവരുത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡുമായി ചേര്‍ന്ന് ആദാനി ഡിഫന്‍സ് നാവിക സേനയ്ക്കുവേണ്ടി ആറ് ഡീസല്‍ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ വാങ്ങുന്നതിന് നീക്കം നടത്തിയിരുന്നു. 45,000 കോടിയുടേതാണ് ഇടപാട്. അദാനി ഗ്രൂപ്പിന് ഇക്കാര്യത്തില്‍ മുന്‍പരിചയം ഇല്ലാതിരിക്കെ കേന്ദ്രം വഴിവിട്ട സഹായം ചെയ്തുനല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

റിലയന്‍സ് നേവല്‍ ആന്‍ഡ് എഞ്ചിനീറിങ്, എല്‍ ആന്‍ഡ് ടി, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് ലിമിറ്റഡ്, മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ്, അദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് സംയുക്ത കമ്പനി എന്നീ കമ്പനികളാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പദ്ധതിയില്‍ പങ്കുചേരാന്‍ സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് എല്‍ ആന്‍ഡ് ടി, മസഗോണ്‍ ഡോക് ഷിപ് ബില്‍ഡേഴ്‌സ് എന്നീ കമ്പനികളെ നാവിക സേന ഉന്നതാധികാര സമിതി തിരഞ്ഞെടുത്തു. എന്നാല്‍ തീരുമാനത്തെ മാറ്റിമറിച്ചാണ് മോദിസര്‍ക്കാര്‍ ആദാനി ഡിഫന്‍സ് ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡ് എന്നീ കമ്പനികളെ തിരഞ്ഞെടുത്തതെന്നും സുര്‍ജേവാല ആരോപിച്ചു.

എന്‍ഡിഎ സര്‍ക്കാര്‍ 2016 ഏപ്രില്‍ 1നാണ് പ്രതിരോധ ഉല്‍പന്നങ്ങള്‍ വാങ്ങാനായി പ്രതിരോധ സംഭരണ നടപടി ക്രമം കൊണ്ട് വന്നത്. ചട്ടപ്രകാരം സംയുക്ത കമ്പനിക്ക് കേന്ദ്രം പ്രതിരോധ ഇടപാട് നല്‍കാറില്ല. എന്നാല്‍ അദാനി ഉള്‍പ്പെട്ട സംയുക്ത കമ്പനിക്ക് ക്രെഡിറ്റ് റേറ്റിങ്ങില്‍ പോലും ഇളവ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ജെയവീര്‍ ഷെര്‍ജില്‍ പറഞ്ഞു. കേന്ദ്രം താല്‍പര്യ പത്രം ക്ഷണിച്ചപ്പോള്‍ ഈ കമ്പനികള്‍ അതില്‍ ഭാഗമായിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അദാനി ഡിഫന്‍സും ഹിന്ദുസ്ഥാന്‍ ഷിപ്‌യാര്‍ഡും ചേര്‍ന്നുള്ള സംയുക്ത കമ്പനിയെ ഉന്നതാധികാര സമിതി തുടക്കത്തിലേ ഒഴിവാക്കിയതാണ്. എന്നാല്‍ കേന്ദ്രം ഇവരെ പ്രത്യേകം പരിഗണിക്കുകയായിരുന്നു. എന്തിനുവേണ്ടിയാണ് മോദി സര്‍ക്കാര്‍ നാവികസേനയുടെ തീരുമാനത്തെ മറികടന്നതെന്ന് വ്യക്തമാക്കണമെന്നും ജെയ്‌വീര്‍ ഷെര്‍ജില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it