Big stories

ബിഹാറിലെ രാമനവമി കലാപം: മുഖ്യസൂത്രധാരനായ ബജ്‌റങ്ദള്‍ നേതാവ് കീഴടങ്ങി

ബിഹാറിലെ രാമനവമി കലാപം: മുഖ്യസൂത്രധാരനായ ബജ്‌റങ്ദള്‍ നേതാവ് കീഴടങ്ങി
X

പട്‌ന: ബിഹാറില്‍ രാമനവമി ദിനത്തിലുണ്ടായ കലാപം ആസൂത്രിതമാണെന്നും ബജ്‌റങ്ദള്‍ നേതാവാണ് മുഖ്യസൂത്രധാരനെന്നും പോലിസിന്റെ കണ്ടെത്തല്‍. നളന്ദ ജില്ലയിലെ ബജ്‌റങ്ദള്‍ കണ്‍വീനര്‍ കുന്ദന്‍ കുമാറാണ് കലാപം ആസൂത്രണം ചെയ്തതെന്നും ഇതിനു വേണ്ടി ഇയാളും കൂട്ടുപ്രതികളും ചേര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നും പോലിസ് കണ്ടെത്തി. മാര്‍ച്ച് 31ന് രാമനവമി ഘോഷയാത്രയ്ക്കിടെ ബിഹാര്‍ ഷരീഫിനെ നടുക്കിയ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നളന്ദ ജില്ലയിലെ ബിഹാര്‍ ശരീഫില്‍ നൂറ്റാണ്ട് പഴക്കമുള്ള മദ്‌റസത്തുല്‍ അസീസിയയും പുരാതന ഗ്രന്ഥങ്ങളുടെ ശേഖരം ഉണ്ടായിരുന്ന ലൈബ്രറിയും ഉള്‍പ്പെടെയാണ് ഹിന്ദുത്വര്‍ തീവച്ചു നശിപ്പിച്ചത്. പള്ളിക്കു നേരെയും നിരവധി മുസ് ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങളും നടത്തിയിരുന്നു. ഇതിനു പിന്നിലെല്ലാം ബജ്‌റങ്ദള്‍ കണ്‍വീനര്‍ കുന്ദന്‍ കുമാറും സംഘവുമാണെന്നാണ് ബിഹാര്‍ പോലിസിന്റെ കണ്ടെത്തല്‍. രാമനവമിക്ക് തൊട്ടുമുമ്പ് രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് കുന്ദന്‍ കുമാറെന്നും ബിഹാര്‍ എഡിജിപി ജിതേന്ദ്ര സിങ് ഗംഗാവാര്‍ പറഞ്ഞു. കുന്ദന്‍ കുമാറും കൂട്ടുപ്രതികളും ചേര്‍ന്ന് കലാപമുണ്ടാക്കാന്‍ വേണ്ടി 456 അംഗങ്ങളുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും വര്‍ഗീയ സംഘര്‍ഷം ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്‌തെന്നാണ് പോലിസ് കണ്ടെത്തിയത്. ബിഹാര്‍ ഭരണകൂടം തന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ തുടങ്ങിയതോടെ ബജ്‌റംഗ്ദള്‍ നേതാവ് കീഴടങ്ങിയെന്നും പോലിസ് പറഞ്ഞു. ഗ്രൂപ്പിന്റെ മറ്റൊരു അഡ്മിന്‍ കിഷന്‍ കുമാറും പോലിസ് മുമ്പാകെ കീഴടങ്ങിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ആക്രമണം വ്യാപിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയും ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ള വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകള്‍ പങ്കിടുകയും ചെയ്തതായും പോലിസ് വിശദീകരിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ ഇതര സമുദായത്തിലെ അംഗങ്ങള്‍ക്കെതിരേ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനും ഈ ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, നളന്ദയിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 15 പേര്‍ക്കെതിരെ കേസെടുത്തതായും അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും കുന്ദന്‍ കുമാര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കീഴടങ്ങിയതായും പോലിസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്ന് ഏതാനും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. രാമനവമി ആഘോഷത്തിന്റെ മറവില്‍ ബിഹാറിലെ നളന്ദ ജില്ലയിലുണ്ടായ വ്യാപക ആക്രമണവുമായി ബന്ധപ്പെട്ട് 130ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നാമനവമി ദിനത്തില്‍ പശുവിനെ അറുത്ത് മുസ് ലിംകള്‍ക്കെതിരേ കള്ളക്കേസ് നല്‍കിയ സംഭവത്തില്‍ നാല് ഹിന്ദുമഹാ സഭാ നേതാക്കളെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it