Big stories

ബാരാബങ്കി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള ഡോക്യുമെന്ററി; ദി വയറി'നെതിരേ യുപിയില്‍ വീണ്ടും കേസ്

ബാരാബങ്കി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള ഡോക്യുമെന്ററി; ദി വയറിനെതിരേ യുപിയില്‍ വീണ്ടും കേസ്
X
ലഖ്‌നൗ: ബാരാബങ്കിയിലെ മസ്ജിദ് തകര്‍ത്തതിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തതിന് പ്രമുഖ ദേശീയ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരേ യുപി പോലിസ് കേസെടുത്തു. പരസ്പരം ശത്രുത വളര്‍ത്താനും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാനും ശ്രമിക്കുന്നുവെന്നും ഗുഢാലോചന നടത്തിയെന്നുമുള്ള കുറ്റം ചുമത്തിയാണ് ബാരാബങ്കി പോലിസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗാസിയാബാദില്‍ ഒരു മുസ് ലിം വയോധികനെ മര്‍ദ്ദിച്ചതു സംബന്ധിച്ച ട്വീറ്റുകളുമായി ബന്ധപ്പെട്ട് 'ദി വയര്‍' നും മറ്റ് നിരവധി പേര്‍ക്കുമെതിരേ കേസ് ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് യുപി പോലിസിന്റെ നടപടി. ദി വയറിലെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ പേരും എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അതേസമയം, വാര്‍ത്താ പോര്‍ട്ടലിനെ ഭയപ്പെടുത്താനാവില്ലെന്നും വിവിധ കേസുകളില്‍ യുപി പോലിസ് മുമ്പ് സമര്‍പ്പിച്ചതുപോലെ ഈ കേസും അടിസ്ഥാനരഹിതമാണെന്നും 'ദി വയറി'ന്റെ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 23ന് അവരുടെ ട്വിറ്ററില്‍ പങ്കിട്ട വീഡിയോ ഡോക്യുമെന്ററിയുടെ പേരിലാണ് നടപടി. ഡോക്യുമെന്ററില്‍ ബാരാബങ്കിയിലെ ഗരീബ് നവാസ് മസ്ജിദ് തകര്‍ത്ത ജില്ലാ ഭരണകൂടം മതഗ്രന്ഥം അശുദ്ധമാക്കിയെന്നും അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞെന്നും പറയുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സമൂഹത്തില്‍ സാമുദായിക വൈരാഗ്യം വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതിനാണ് കേസെടുത്തതെന്നും ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ആദര്‍ശ് സിങ് ട്വിറ്ററില്‍ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ലഖ്‌നോവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ബാരാബങ്കി ജില്ല. പള്ളി പൊളിച്ചുമാറ്റിയതിനെതുരേ സുന്നി വഖഫ് ബോര്‍ഡ് നല്‍കിയ റിട്ട് ഹരജിയില്‍ അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു.

2021 മെയ് 17നാണ് അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് ബാരാബങ്കി രാംസനേഹി ഘട്ടിലെ ഗരീബ് നവാസ് അല്‍ മഅ്‌റൂഫ് മസ്ജിദ് ജില്ലാ ഭരണകൂടം തകര്‍ത്തത്. ഇതുസംബന്ധിച്ച് രാം സനേഹി ഘട്ടിലെ നിലവിലെ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്(എസ്ഡിഎം) ജിതേന്ദ്ര കത്യാറിനെ ദി വയര്‍ സംഘം സന്ദര്‍ശിക്കുകയും പ്രതികരണം ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും താന്‍ ചുമതലയേറ്റെടുക്കുന്നതിനു മുമ്പാണ് പൊളിച്ചുമാറ്റിയതെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും പറഞ്ഞിരുന്നു.

ബറാബങ്കി പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ 'പള്ളി' എന്ന വാക്ക് ഉപയോഗിക്കുന്നില്ല. 'നിയമവിരുദ്ധ കെട്ടിടം' എന്നാണ് വിശേഷിപ്പിക്കുന്നത്. ട്വിറ്ററില്‍ 'ദി വയറും' ഇതിലെ രണ്ട് മാധ്യമപ്രവര്‍ത്തകരായ സിറാജ് അലിയും മുകുള്‍ സിങ് ചൗഹാനും പോസ്റ്റ് ചെയ്ത വീഡിയോ 'സമൂഹത്തില്‍ ശത്രുത' പ്രചരിപ്പിക്കുകയും 'സാമുദായിക ഐക്യത്തെ ശല്യപ്പെടുത്തുകയും ചെയ്യുന്നു' എന്നാണ് പോലിസിന്റെ ആരോപണം. രണ്ട് മാധ്യമപ്രവര്‍ത്തകരെ കൂടാതെ പള്ളി കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അനീസ്, വീഡിയോയില്‍ ദി വയറിനോട് സംസാരിച്ച പ്രദേശവാസികളിലൊരാളായ മുഹമ്മദ് നമീം എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. പ്രദേശത്തെത്തി ചിത്രീകരിച്ച് 2021 ജൂണ്‍ 2 ന് ദി വയറിന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ഡോക്യുമെന്ററി ദി വയറിന്റെ വെബ്‌സൈറ്റില്‍ ഒരു സ്‌റ്റോറിയായി അപ്‌ലോഡ് ചെയ്തതിനാണ് നടപടി.

വീഡിയോയില്‍ തെറ്റായതും അടിസ്ഥാനരഹിതവുമായ വിവരങ്ങള്‍ ഉണ്ടെന്നാണ് ബാരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ആദര്‍ശ് സിങിന്റെ വാദം. 'വീഡിയോയില്‍ തെറ്റായതും അടിസ്ഥാനരഹിതവുമായ നിരവധി പ്രസ്താവനകള്‍ അടങ്ങിയിരിക്കുന്നു. അതില്‍ ഭരണകൂടവും പോലിസും മതഗ്രന്ഥങ്ങള്‍ അഴുക്കുചാലിലും നദിയിലും വലിച്ചെറിഞ്ഞെന്ന് പറയുന്നു. ഇത് തെറ്റാണ്. ഇത്തരത്തിലുള്ള ഒന്നും സംഭവിച്ചിട്ടില്ല. ഇതുപോലുള്ള തെറ്റായ വിവരങ്ങളോടെ, സമൂഹത്തില്‍ ശത്രുത പ്രചരിപ്പിക്കാനും സാമുദായിക ഐക്യത്തെ ബാധിക്കാനുമാണ് ദി വയര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതഗ്രന്ഥങ്ങള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞെന്നും അപമാനിച്ചെന്നും തെറ്റായി അവകാശപ്പെട്ടതിനാലാണ് മുഹമ്മദ് നയീമിനെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്ന് ബാരാബങ്കി പോലിസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു. ആദിത്യനാഥ് സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ റിപോര്‍ട്ടിങിനെ കുറ്റകരമായി കാണുകയാണെന്നും അദ്ദേഹം പറഞ്ഞു. യുപിയില്‍ രാഷ്ട്രീയക്കാര്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കും പരസ്യമായി വര്‍ഗീയ വിദ്വേഷം വളര്‍ത്താനും അക്രമത്തെ പ്രോത്സാഹിപ്പിക്കാനും കഴിയും. സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയായാണ് ഈ പ്രവര്‍ത്തനങ്ങള്‍ പക്ഷേ പോലിസ് ഒരിക്കലും കാണുന്നില്ലെന്നും സിദ്ധാര്‍ത്ഥ് വരദരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസിയാബാദില്‍ മുസ് ലിം വയോധികനെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കിട്ടതിന് തെറ്റിദ്ധാരണ പരത്തുന്ന ട്വീറ്റുകള്‍ പങ്കുവച്ചെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച 'ദി വയര്‍', റാണ അയ്യൂബ്, സാബ നഖ്‌വി എന്നിവരുള്‍പ്പെടെ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ കേസെടുത്തിരുന്നു. എഫ്‌ഐആറിലും ട്വിറ്ററിനെതിരേയും കേസെടുത്തിരുന്നു. ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ത്തുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ നടപ്പാക്കിയതിനുശേഷം ട്വിറ്ററിനെതിരേ ചുമത്തിയ ആദ്യ കേസായിരുന്നു ഇത്. കഴിഞ്ഞ 14 മാസത്തിനുള്ളില്‍ ദി വയറിനും അതിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ യുപി പോലിസ് ചുമത്തുന്ന നാലാമത്തെ എഫ്‌ഐആറാണിത്.

Barabanki: UP Police Register Fourth FIR Against The Wire

Next Story

RELATED STORIES

Share it