Big stories

ബാബരി മസ്ജിദ്: അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചുവെന്ന് സുന്നി വഖഫ് ബോര്‍ഡ്

അതേസമയം, 2.77 ഏക്കര്‍ ബാബരി ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയതിന് പകരം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നായിരുന്നു മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിലപാട്.

ബാബരി മസ്ജിദ്: അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചുവെന്ന് സുന്നി വഖഫ് ബോര്‍ഡ്
X

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദ് നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ ഭൂമി സ്വീകരിച്ചതെന്നും സുന്നി ബോര്‍ഡ് വ്യക്തമാക്കി. സുപ്രിംകോടതിയുടെ വിധി പാലിക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും അത് നിരസിക്കാനുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്കില്ലെന്നും ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ സുഫര്‍ ഫാറൂഖി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഭൂമി സ്വീകരിക്കുമെന്നോ നിരസിക്കുമെന്നോ സുന്നി വഖഫ് ബോര്‍ഡ് ഒരിക്കലും പറഞ്ഞിരുന്നില്ല. സുപ്രിംകോടതി വിധി അനുസരിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതാണ്. കോടതിയലക്ഷ്യമാവുമെന്നതിനാല്‍ ഭൂമി സ്വീകരിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, 2.77 ഏക്കര്‍ ബാബരി ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയതിന് പകരം കോടതി അനുവദിച്ച അഞ്ചേക്കര്‍ സ്ഥലം വേണ്ടെന്നായിരുന്നു മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നിലപാട്. സുപ്രീംകോടതി വിധി നീതി പൂര്‍വകമായില്ല എ ന്നായിരുന്നു മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ അഭിപ്രായം. ബാബരി കേസിലെ വിധി വന്നതിനു പിന്നാലെ 2019 നവംബര്‍ 17ന് ചേര്‍ന്ന മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തിലാണ് ഭൂമി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്.

ഫെബ്രുവരി 24ന് ചേരുന്ന സുന്നി വഖഫ് ബോര്‍ഡ് യോഗത്തില്‍ ഭാവിനടപടികള്‍ തീരുമാനിക്കുമെന്ന് സുഫര്‍ ഫാറൂഖി പറഞ്ഞു. ബോര്‍ഡിന്റെ പേരില്‍ ഭൂമി കൈമാറുന്നതിനുള്ള നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും ഭൂമി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചുമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. ഭൂമിയുടെ കാര്യത്തില്‍ യുപി സര്‍ക്കാരില്‍നിന്ന് ബോര്‍ഡിന് ലഭിച്ച കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. 24ലെ യോഗത്തിനുശേഷം ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ചേക്കര്‍ ഭൂമി വിനിയോഗിക്കുന്നത് സംബന്ധിച്ച് ബുദ്ധിജീവികള്‍ ഉള്‍പ്പടെ പൊതുജനങ്ങളില്‍നിന്ന് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളും ആശുപത്രികളും പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുക, ഒരു പള്ളിയോടൊപ്പം ഇസ്‌ലാമിക സാംസ്‌കാരികകേന്ദ്രം നിര്‍മിക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

പള്ളിയും അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്നതിന് അഞ്ചേക്കര്‍ ധാരാളമാണ്. ഒരേക്കറിന്റെ മൂന്നിലൊന്ന് സ്ഥലത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. ബാബരി മസ്ജിദിന് നിലവില്‍ അസ്തി ത്വമില്ല. അതുകൊണ്ട് ബോര്‍ഡിന്റെ രേഖകളില്‍നിന്ന് ബാബരി മസ് ജിദിന്റെ പേര് ഉടനെ നീക്കംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാറൂഖിയെ കൂടാതെ ബോര്‍ഡില്‍ ഏഴ് അംഗങ്ങളാണുള്ളത്. സുപ്രിംകോടതി ഉത്തരവ് പ്രകാരം ബാബരി മസ്ജിദിന് പകരം മുസ്‌ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. യുപി സര്‍ക്കാര്‍ ഈ മാസം ആദ്യം അയോധ്യ ജില്ലയിലെ സോഹവാള്‍ തഹ്‌സിലിലെ റൗഹി പോലിസ് സ്‌റ്റേഷന് കീഴിലുള്ള സ്ഥലമാണ് കണ്ടെത്തിയത്. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു.

മൂന്നുമാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു സുപ്രിംകോടതി വിധി. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി പറഞ്ഞത്.

Next Story

RELATED STORIES

Share it